Wednesday October 24th, 2018 - 2:50:am
topbanner
Breaking News

ഉപ്പിൽ ചില്ലുപൊടി, മുളകിൽ ഇഷ്ടിക, അടുക്കളയിലെല്ലാം 'മായം'

NewsDesk
ഉപ്പിൽ ചില്ലുപൊടി, മുളകിൽ ഇഷ്ടിക, അടുക്കളയിലെല്ലാം 'മായം'

ആലപ്പുഴ: ഉപ്പിൽ ചില്ലുപൊടി, മുളകിൽ ഇഷ്ടിക, എണ്ണയിൽ രാസവസ്തുക്കൾ... അടുക്കള വഴി വയറ്റിലെത്തുന്നതെല്ലാം ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ. ഗുണമേന്മയുള്ള മുളകും മല്ലിയും വാങ്ങി വീടുകളിൽ കഴുകി ഉണക്കി പൊടിച്ചെടുക്കുന്നതിന് പകരം "പായ്ക്കറ്റ് ' മസാലകളെത്തിയതോടെ അടുക്കളയിൽ എല്ലാം 'മായം" കലർന്നതായി. ഇതോടെ കുടുംബത്തിലുള്ളവർക്ക് അസുഖമൊഴിഞ്ഞ് നേരമില്ലാതായി. കറിപൗഡറുകളിലെ മാരകമായ വിഷവസ്തുക്കൾ കുടലിനും കിഡ്നിയ്ക്കും ഗ്രന്ഥികൾക്കും ക്ഷതമേൽപ്പിച്ച് ആരോഗ്യം തകരാറിലാക്കുമെന്ന് വിദഗ്ധ‌ ചൂണ്ടിക്കാട്ടുന്നു.

ഉപ്പിൽ ചില്ലുപൊടി, മുളകിൽ ഇഷ്ടികപ്പൊടി
പൊടിയുപ്പ് കട്ടപിടിക്കാതിരിക്കാനായി സോഡിയം സിലിക്കേറ്റ് ചേർക്കുന്നു. ചില്ലുപൊടി, മണൽത്തരി എന്നിവയും ഉപ്പിൽ കലർത്താറുണ്ട്. മുളക്‌പൊടിയിൽ ചെങ്കല്ല് പൊടി, ഇഷ്ടികപ്പൊടി, അറക്കപ്പൊടി, ഉമിപ്പൊടി എന്നിവ കലർത്തുന്നു. പൊതുവെ നിലവാരം കുറഞ്ഞ മുളക് പൊടിക്ക് നല്ല ചുവന്ന നിറം ലഭിക്കാൻ 'സുഡാൻ റെഡ് 1, 2, 3, 4" എന്നിവ ചേർക്കുന്നു. ഇത് എണ്ണയിലിട്ടാൽ അലിയുന്നതിനാൽ പെട്ടെന്ന് കണ്ടെത്താനാവില്ല. ഏതാനും മാസങ്ങൾക്ക് മുമ്പ് ഭക്ഷ്യസുരക്ഷാവകുപ്പ് പിടിച്ചെടുത്ത മുളക് പൊടി പരിശോധനയ്ക്ക് അയച്ചപ്പോൾ 14 മൈക്രോഗ്രാം സുഡാൻ - 4 കണ്ടെത്തിയിരുന്നു. കാൻസറിന് കാരണമാവുന്ന സുഡാൻ ഭക്ഷ്യവസ്തുക്കളിൽ ഉപയോഗിക്കരുതെന്ന് പല രാജ്യങ്ങളിലും കർശന നിയമമുണ്ട്.

ബസുമതിയായി മൈദ
മൈദയാണ് പലപ്പോഴും ബസുമതി അരിയായി വേഷം മാറി വിപണിയിലെത്തുന്നത്. വിലകുറഞ്ഞ അരിയെ മട്ടഅരിയാക്കാനായി റെഡ് ഓക്‌സൈഡ്, അരിക്ക് തൂക്കം കൂടാനായി പല തരം വെളുത്ത കല്ലുകളും വെള്ളാരം കല്ലുകളും മറ്റും ഉപയോഗിക്കുന്നു. ഇപ്പോ പ്ലാസ്റ്റിക് അരിയും വിപണിയിലുണ്ടെന്നാണ് റിപ്പോർട്ട്.

മഞ്ഞളിൽ രാസവസ്തുക്കൾ
മഞ്ഞൾപ്പൊടിക്ക് നിറം കിട്ടാനായി ചോക്ക് പൊടി, യെല്ലോ സോപ്പ് സ്റ്റോൺ പൗഡർ, മെറ്റാനിൽ യെല്ലോ എന്നിവ ചേർക്കാറുണ്ട്. പൊടിക്കാത്ത മഞ്ഞളിൽ ലെഡ് ക്രോമേറ്റാണ് ചേർക്കുന്നത്. ഇത് മഞ്ഞളിന് നല്ല തിളക്കം നൽകും. ഈ മഞ്ഞൾ വെള്ളത്തിലിട്ടാൽ വെള്ളം മഞ്ഞനിറമാകും.

അരിപ്പൊടി, ഇഡ്ഡലിപ്പൊടി എന്നിവയിൽ കപ്പപ്പൊടി, സോഡാപൊടി, ചോക്ക്‌ പൊടി തുടങ്ങിയവ ചേർക്കുന്നു. മല്ലിപ്പൊടിയിൽ കച്ചിപ്പൊടി മുതൽ കുതിരച്ചാണകം വരെയും മസാലപ്പൊടിയിൽ തവിടുപൊടിയും സ്റ്റാർച്ചും ചേർത്താണ് വിറ്റഴിക്കുന്നത്. ഉഴുന്ന് പരിപ്പുകൾക്ക് നല്ല തിളക്കം കിട്ടാനായി മഗ്‌നീഷ്യം സിലിക്കേറ്റാണ് പൂശുന്നത്. ചെറുപയർ പരിപ്പ്, തുവര പരിപ്പ്, മസൂർ പരിപ്പ് എന്നിവയിൽ ടെട്രാസിൻ, മെറ്റാനിൻ, യെല്ലൊ തുടങ്ങിയ അപകടകാരികളായ നിറങ്ങളാണ് കലർത്തുന്നത്. കാപ്പിപ്പൊടിയിൽ തൂക്കം കൂടാൻ വേണ്ടി പുളിങ്കുരു, ഈത്തപ്പഴക്കുരു എന്നിവയും പൊടിച്ച് ചേർക്കുന്നു. തേയിലച്ചണ്ടി ഉണക്കിയെടുത്ത് എസന്‍സും രാസവസ്തുക്കളും ചേർത്ത് പുതിയ പാക്കറ്റുകളിലാക്കിയാണ് ‘ശുദ്ധമായ’ തേയിലയായി വിൽക്കുന്നത്.

വെളിച്ചെണ്ണയിൽ ലിക്വിഡ് പാരഫിൻ
പായ്ക്കറ്റ് വെളിച്ചെണ്ണയിൽ പരുത്തിക്കുരു, റബ്ബർക്കുരു എന്നിവയ്ക്ക് പുറമെ, സൗന്ദര്യവർദ്ധക വസ്തുക്കളിലുപയോഗിക്കുന്ന ലിക്വിഡ് പാരഫിനും കലർത്തുന്നു. സംസ്ഥാനത്ത് ഇത്തരത്തിലുള്ള 30ഓളം ബ്രാൻഡുകളുടെ വെളിച്ചെണ്ണ വിറ്റഴിക്കപ്പെടുന്നു. തമിഴ്‌നാട്ടിൽ നിന്ന് മാത്രം ദിവസവും 50 ടാങ്കർ വെളിച്ചെണ്ണയാണ് കേരളത്തിലെത്തുന്നത്. അവയിൽ പലതിലും 10 ശതമാനം മുതൽ 20 ശതമാനം വരെ രാസവസ്തുക്കൾ കലർന്നിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ശുദ്ധമായ നല്ലെണ്ണയിൽ 90 ശതമാനവും തവിടെണ്ണയും 10 ശതമാനം മാത്രം നല്ലെണ്ണയുമാണുള്ളത്.

വെളുത്തതൊക്കെയും പാലല്ല
പാലിലാണ് ഏറ്റവുമധികം മായം. കൊഴുപ്പ് കൂട്ടാനായി പാൽപ്പൊടി, ഇണഡസ്ട്രിയൽ സ്റ്റാർച്ച്, സോപ്പ് പൊടി തുടങ്ങി വനസ്പതി വരെ കലർത്തുന്നു. പാലിന്റെ അമ്ലത കുറയ്ക്കാനായി സോഡിയം കാർബണൈറ്റും കേടാകാതിരിക്കാൻ യൂറിയയും ചേർക്കാറുണ്ട്. ചില കമ്പനികളുടെ പാൽ കൃത്യമായി പാസ്ച്വറൈസ് ചെയ്യാത്തതിനാൽ ആരോഗ്യത്തിനു ദോഷകരമാണ്. രാജ്യത്ത് ലഭ്യമായ പാലിൽ 70 ശതമാനവും മായം കലർന്നതാണെന്ന് ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റി കണ്ടെത്തിയിരുന്നു.

കടുകിൽ ആർജിമോൺ, കുരുമുളകിൽ പപ്പായക്കുരു
കടുകിലുമുണ്ട് മായമേറെ. വലുപ്പത്തിലും രൂപത്തിലും കടുകിനോടു സാദൃശ്യമുള്ള 'ആർജിമോണാണ്‌' ഇതിൽ ചേർക്കുന്നത്‌. പഴുത്ത പപ്പായയുടെ കുരു ഉണക്കിയാണ്‌ കുരുമുളകിനൊപ്പം ചേർക്കുന്നത്‌. സൂക്ഷമമായി പരിശോധിച്ചാൽ വ്യത്യാസം തിരിച്ചറിയാം. കുരുമുളകിനു നല്ല കട്ടിയുണ്ടാകും. പപ്പായക്കുരുവിനു കനം കുറവാണെന്നു മാത്രമല്ല ഉള്ളും പൊള്ളയായിരിക്കും.

Read more topics: kerala, kitchen
English summary
kerala online news special report
topbanner

More News from this section

Subscribe by Email