Wednesday June 20th, 2018 - 3:11:am
topbanner
Breaking News

ഇടിമുറികളുടെ ശിക്ഷണം: ഇനിയും ജിഷ്ണു പ്രണോയിമാര്‍ ആവര്‍ത്തിക്കപ്പെടാതിരിക്കട്ടെ

suvitha
ഇടിമുറികളുടെ ശിക്ഷണം: ഇനിയും ജിഷ്ണു പ്രണോയിമാര്‍ ആവര്‍ത്തിക്കപ്പെടാതിരിക്കട്ടെ

അടുത്ത കാലത്തു കേരളം മനസാക്ഷിയെ പിടിച്ചു കുലുക്കിയ ഒരു സംഭവമാകും ജിഷ്ണു പ്രണോയ് എന്ന ചെറുപ്പക്കാരന്റെ മരണം. കൗമാരം പിന്നിട്ടിട്ടില്ലാത്ത ജീവിതം കണ്മുന്‍പില്‍ നീണ്ടു കിടക്കുന്ന ഒരു ആണ്‍കുട്ടി ഒരു മുഴം കയറില്‍ തന്റെ ജീവിതം അവസാനിപ്പിച്ചതു ആ കുട്ടി പഠിച്ച കോളേജ് മാനേജ്‌മെന്റിന്റെ പീഡനം നിമിത്തം ആണ് എന്ന് ചിലരും, അല്ല ഇതേ കോളേജ് അധികൃതര്‍ കൊലപെടുത്തിയിരിക്കാം എന്ന് മറ്റു ചിലരും വാദിക്കുന്നു.

എന്ത് തന്നെയും ആകട്ടെ ആ കുട്ടിയുടെ മരണത്തിന് ഉത്തരവാദി ആയവരെ നിയമത്തിനു മുന്‍പില്‍ കൊണ്ട് വരണം എന്ന് തന്നെയാണ് കേരള ജനതയുടെ ആവശ്യം. കഴിഞ്ഞ ദിവസം ഈ സംഭവത്തില്‍ അറസ്റ്റിലായ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലുവിനെ അറസ്റ്റ് ചെയ്തത് ഒരു പരിധി വരെ സമൂഹത്തിന്നു മുന്‍പില്‍ പോലീസിന്റെ മുഖം രക്ഷിക്കാന്‍ സഹായകമായി എന്ന് തന്നെ വേണം കരുതാന്‍.

ഇദ്ദേഹം ആണ് ജിഷ്ണുവിനെ കോപ്പി അടിച്ചു എന്നാരോപിച്ച് 'ഇടി മുറിയിലേക്ക് കൂട്ടികൊണ്ടു പോയത് എന്നാണ് അറിയുവാന്‍ സാധിച്ചത്. ഇദ്ദേഹത്തെ ചോദ്യം ചെയ്താല്‍ സത്യം പുറത്തു വരും എന്ന് ആശ്വസിക്കുന്നതിനു ഒപ്പം തന്നെ സ്വാശ്രയ കോളേജുകളില്‍ മക്കളെ പഠനത്തിന് അയക്കുന്ന ഓരോ മാതാപിതാക്കളുടെയും ആശങ്ക ഈ സംഭവത്തോടെ അധികരിച്ചിരിക്കും എന്ന് നിരീക്ഷിക്കാതെ വയ്യ .

സ്‌കൂളുകളില്‍ തുടങ്ങി കുഞ്ഞുങ്ങളെ തല്ലി പഠിപ്പിക്കുന്നത് നമ്മുക്ക് ഒരു പുതുമ അല്ലാതിരിക്കെ ചില കോളേജുകളില്‍ എങ്കിലും ഇടി മുറികള്‍ ഉണ്ട് എന്നത് ഭയപ്പെടുത്തുന്നു. ചില മാതാപിതാക്കള്‍ അധ്യാപകരുടെ മക്കളെ തല്ലി നന്നാക്കാന്‍ പറയുന്നത് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇത് കുട്ടികളെ വേദനിപ്പിക്കാന്‍ ഉള്ള അവകാശമായി ചില അദ്ധ്യാപകര്‍ എങ്കിലും കാണും. കയ്യില്‍ ചൂരല്‍ ഉള്ള ഒരു അദ്ധ്യാപകന്‍ എങ്കിലും നമ്മുടെ ഓരോരുത്തരുടെയും ഓര്‍മയില്‍ കാണും.

തെറ്റ് ചെയ്താല്‍ തീര്‍ച്ചയായും തിരുത്തണം എന്നാല്‍ അത് തല്ലിയും ഇടിച്ചും പിച്ചിയും, പട്ടിക്കൂട്ടില്‍ പൂട്ടിയും ആകുമ്പോള്‍ ആണ് അവിടെ ശിക്ഷണം ശിക്ഷ ആകുന്നത്. കോട്ടയം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്‌കൂള്‍ ഉണ്ട്, നൂറു ശതമാനം വിജയം ലക്ഷ്യം വച്ച് പഠനത്തില്‍ പുറകില്‍ ആകുന്ന കുഞ്ഞുങ്ങളെ തല്ലിയും ചൊല്ലിയും വളര്‍ത്തി എടുക്കുന്ന ഒരു വിദ്യാലയം. അവിടെ നാലാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു ചെറിയകുട്ടി, കണക്കിന് വളരെ പുറകോട്ടാണ്, ഒരിക്കല്‍ കണക്കു ടീച്ചര്‍ ബോര്‍ഡില് ഒരു ചോദ്യം ഇട്ടു, കുട്ടിയോട് അത് ബോര്‍ഡില് എല്ലാവരും കാണ്‍കെ ചെയ്യാന്‍ പറഞ്ഞു.

കയ്യില്‍ ചൂരലുമായി നില്‍ക്കുന്ന ടീച്ചറിന് മുന്‍പില്‍ വിറച്ചു വിറച്ചു എത്തിയ ആ കുട്ടി ബോര്‍ഡില് എഴുതാന്‍ തുടങ്ങി. ഓരോ പ്രാവശ്യവും തെറ്റ് പറ്റുമ്പോള്‍ ചൂരല്‍ വച്ച് കാലില്‍ തല്ലു വീഴും, തല്ലു പേടിച്ചു ചെയ്യുമ്പോള്‍ കണക്കു തെറ്റിയും പോകും. അങ്ങനെ ഇത് തുടര്‍ന്നപ്പോള്‍ അറിയാതെ വേദന കൊണ്ട് ആവണം, മൂത്രം ഒഴിച്ച് പോയി തല കുനിച്ചു നിന്ന ആ മുഖം ഇന്നും വേദനിപ്പിക്കുന്നു. ആയയെ വിളിച്ചു വരുത്തി തുണി വാങ്ങിച്ചു ആ കുട്ടിയെ കൊണ്ട് മറ്റെല്ലാ കുട്ടികളുടെയും മുന്‍പില്‍ മൂത്രം തുടപ്പിച്ചു ആ അധ്യാപിക മാതൃക ആയി.

സ്‌കൂള്‍ തലം മുതല്‍ക്കു തന്നെ ഇങ്ങനെ കുഞ്ഞുങ്ങളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന 'ഇടിമുറികള്‍' ചില അധ്യാപക മനസുകളില്‍ തന്നെ ഉണ്ട്. ഇതേ സ്‌കൂളില്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയുടെ ഇരിപ്പു ദോഷം കാരണം തന്റെ പഠിപ്പിക്കാന്‍ ഉള്ള ഏകാഗ്രത നഷ്ടപ്പെടുന്നു എന്ന് വിശ്വസിച്ചു സ്റ്റാഫ് റൂമില്‍ മിഴുവന്‍ അദ്ധ്യാപകരുടെയും മധ്യത്തില്‍ ആ കുട്ടിയെ നിര്‍ത്തി ശാസിച്ച മറ്റൊരു അധ്യാപകനെയും അറിയാം.

തല കുനിഞ്ഞു നിന്ന് കണ്ണീര്‍ വാര്‍ത്ത ആ കുട്ടിക്കും ഒരര്‍ത്ഥത്തില്‍ ആ സ്റ്റാഫ് റൂം ഇടി മുറി ആകുകയായിരുന്നു പറഞ്ഞു വരുന്നത് ഇടിമുറികള്‍ സ്വാശ്രയ കോളേജുതലത്തില്‍ മാത്രമല്ല സ്‌കൂളുകള്‍ മുതല്‍ തുടങ്ങുന്നു, മറ്റു പല രൂപത്തിലും ആണ് എന്ന് മാത്രം. ഇങ്ങനെ ഉള്ള ഇടിമുറി പീഡനങ്ങള്‍ അവരെ അന്തര്‍മുഖരും, വിഷാദരോഗികളും ആക്കിത്തീര്‍ത്തേക്കാം. ജിഷ്ണുവിന്റെ കേസില്‍ കോപ്പി അടിച്ചു എന്ന ആരോപണമാണ് ആ കുട്ടിക്ക് എതിരെ ഉന്നയിക്കപ്പെടുന്നത്.

അത് ശരിയോ തെറ്റോ എന്തും ആയിക്കൊള്ളട്ടെ ഒരു കുട്ടിയെ അതിന്റെ പേരില്‍ ശാരീരീകമായോ മാനസികമായോ പീഡിപ്പിക്കാന്‍ ഒരു മാനേജ്‌മെന്റിന് അധികാരമുണ്ടോ? വിദേശ രാജ്യങ്ങളില്‍ പരീക്ഷ ഹാളുകളില്‍ നില്‍ക്കുന്ന അദ്ധ്യാപകര്‍ക്ക് കുട്ടികളെ പരിഗണിക്കുന്നതില്‍ പ്രേത്യേക പരിശീലനം സിദ്ധിച്ചിരിക്കും. കോപ്പി അടിച്ചു പരീക്ഷ എഴുതുന്നത് കണ്ടു പിടിക്കുന്നതിനു പകരം കോപ്പി അടിക്കുവാന്‍ ഉള്ള സാഹചര്യങ്ങള്‍ ആദ്യമേ തന്നെ എങ്ങനെ ഒഴിവാക്കാം എന്നാണ് ശ്രദ്ധിക്കുക.

മാത്രമല്ല എങ്ങനെ ആണ് കുട്ടികള്‍ക്ക് പരീക്ഷ എഴുതുവാന്‍ ആയി നല്ല അന്തരീക്ഷം ഒരുക്കേണ്ടത് എന്നും, അവര്‍ക്കു മാനസിക സമ്മര്‍ദ്ധം വരുത്താതെ എങ്ങനെ സൂക്ഷിക്കണം എന്നും പ്രത്യേകം പരിശീലിപ്പിച്ച അദ്ധ്യാപകര്‍ ആണ് പരീക്ഷ ഹാളില്‍ നില്‍ക്കുക. നമ്മുടെ നാട്ടില്‍ ആകട്ടെ പരീക്ഷ എഴുതുന്ന കുട്ടികളുടെ ഉത്തരങ്ങള്‍ അവര്‍ എഴുതുന്ന വേളയില്‍ പിറകില്‍ നിന്ന് വായിക്കുന്ന അദ്ധ്യാപകരെയും, അങ്ങോട്ടോ ഇങ്ങോട്ടോ ഒന്നു തിരിഞ്ഞാല്‍ പോലും മുരടനക്കി കണ്ണുരുട്ടുന്ന പറ്റുമെങ്കില്‍ മറ്റു കുട്ടികളുടെ മുന്‍പില്‍ വച്ച് കളിയാക്കി അപമാനിച്ചു സന്തോഷിക്കുന്ന ചില അദ്ധ്യാപകരെയും കാണുവാന്‍ സാധിക്കും.

പലപ്പോഴും കോപ്പി അടിക്കാതെ തന്നെ പഴി കേള്‍ക്കുന്ന സംഭവങ്ങളും ഉണ്ടാകും. ഇങ്ങനെ ഉള്ള സംഭവങ്ങള്‍ ചില കുട്ടികളെ എങ്കിലും മാനസീക സമ്മര്‍ദ്ദത്തില്‍ ആഴ്ത്തുകയും, പരീക്ഷ എഴുതിക്കില്ല എന്നും മറ്റും ഉള്ള ഭീഷണികള്‍ സ്വന്തം ഭാവി എന്തായിത്തീരും എന്ന ആശങ്കയില്‍ എത്തിക്കുകയും ചെയ്യും. എല്ലാ അധ്യാപകരെയും മാനേജ്‌മെന്റുകളെയും അടച്ചാക്ഷേപിക്കുന്നില്ല, സ്‌നേഹമുള്ള കരുണയുള്ള അദ്യാപക മുഖങ്ങള്‍ ഇന്നും മനസില്‍ കെടാവിളക്കു കണക്കെ ഉണ്ട്, എങ്കില്‍ പോലും മനസ് ഇടിമുറി ആക്കി കുട്ടികളെ പീഡിപ്പിക്കുന്ന ചില അദ്ധ്യാപകര്‍ മതിയാകും നമ്മുടെ കുട്ടികളുടെ ഭാവി ഇരുട്ടില്‍ ആക്കാന്‍.

ജിഷ്ണുവിന്റെ കാര്യത്തില്‍ എന്താണ് സംഭവിച്ചത് എന്ന് അന്വേഷണം പൂര്‍ത്തി ആയെങ്കില്‍ മാത്രമേ അറിയാന്‍ സാധിക്കു. ആ കുട്ടി കൊല്ലപെട്ടതാണെങ്കിലും അല്ല മാനസിക സമ്മര്‍ദം മൂലം ആത്മഹത്യ ചെയ്തതാണെങ്കിലും കോളേജ് മാനേജ്‌മെന്റിന്റെ ക്രൂരത ആണെന്ന് പറയാതെ വയ്യ. ഇനിയെങ്കിലും ജിഷ്ണു പ്രണോയ്മാര്‍ ഉണ്ടാകാതെ ഇരിക്കാന്‍ ഇങ്ങനെ ഉള്ള കോളേജുകളില്‍ സര്‍ക്കാരിന്റെ കൃത്യമായ നിരീക്ഷണം അത്യാവശ്യമാണ് താനും.

അതോടോപ്പം തന്നെ അനിവാര്യം ആണ് പ്രത്യക്ഷത്തില്‍ അല്ലെങ്കില്‍ പോലും മിക്ക സ്‌കൂളുകളിലും കോളേജുകളിലും ഉള്ള ഇടിമുറികളുടെ കുഴിച്ചു മൂടല്‍. കുഞ്ഞുങ്ങളെ ശാരീരികവും മാനസികവും ആയി വ്രണപ്പെടുത്തുന്ന എന്തും ഇടിമുറികള്‍ തന്നെയാണ്. ഇനിയും ഇടിമുറികളുടെ രക്തസാക്ഷികള്‍ ഉണ്ടാകാതിരിക്കാന്‍ അതിനെതിരെ പ്രീതികരിച്ചു തുടങ്ങേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.

English summary
dont repeat like jishnu pranoyi

More News from this section

Subscribe by Email