topbanner
Thursday November 23rd, 2017 - 9:00:am
topbanner
Breaking News

ചൊരിമണലിൽ മുന്തിരിവള്ളികൾ തളിർത്തു കായ്ചപ്പോൾ

suvitha
ചൊരിമണലിൽ മുന്തിരിവള്ളികൾ തളിർത്തു കായ്ചപ്പോൾ

ആലപ്പുഴ: വേണമെങ്കിൽ മുന്തിരി ആലപ്പുഴയിലെ ചൊരിമണലിലും കായ്ക്കുമെന്നാണ് ആര്യാടുകാരുടെ 'പുതിയ ചൊല്ല്." ആര്യാട് പഞ്ചായത്തിൽ സ്വാതി നിലയത്തിൽ കെ.ജി തിലകമ്മയുടെ വീട്ടുമുറ്റത്തെ കായ്ച് പഴുത്തുനിൽക്കുന്ന മുന്തിരിവള്ളികൾ നാട്ടാരുടെ 'ചൊല്ല്" ശരിവയ്ക്കുന്നു. മൂന്നു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് തിലകമ്മയുടെ മുന്തിരിവള്ളികൾ പൂത്ത് തളിർത്തത്.

തലയ്ക്ക് മീതെ തൂങ്ങിയാടുന്ന മുന്തിരി കുലകളെ താലോലിച്ച് തിലകമ്മ, മുന്തിരിക്ക് പിന്നിലെ 'സൗഹൃദ ലഹരി"കുറിച്ച് പറഞ്ഞുതുടങ്ങി. മൂന്നുവർഷങ്ങൾക്ക് മുമ്പ് ആലപ്പുഴ ജനറൽ ആശുപത്രിയിലെ നഴ്‌സ് ആയിരുന്ന തിലകമ്മ സുഹൃത്തുക്കളോടൊപ്പം തേനിക്ക് യാത്ര പോയി. അവിടുത്തെ മുന്തിരി തോട്ടങ്ങൾ കാണാനായിരുന്നു യാത്ര. എന്നാൽ കാലിന് സുഖമില്ലാതായതിനാൽ തിലകമ്മയ്ക്ക് മുന്തിരത്തോട്ടത്തിന് പുറത്ത് പാർക്ക് ചെയ്ത വണ്ടിയിലിരിക്കേണ്ടി വന്നു.

തോട്ടം കണ്ടുമടങ്ങിയെത്തിയ സുഹൃത്ത്, കൂട്ടുകാരിക്കായി ഒരു സമ്മാനം കരുതിയിരുന്നു. ഒരു കുഞ്ഞ് മുന്തിരി തൈ.
തിലകമ്മ വളരെ ശ്രമപ്പെട്ട് തൈ വാടാതെ വീട്ടിലെത്തിച്ചു. പക്ഷെ, നട്ടാലും ഇവിടുത്തെ ചൊരിമണലിൽ മുന്തിരി പിടിക്കില്ലെന്നായിരുന്നു വീട്ടുകാരുടേയും നാട്ടുകാരുടേയും അഭിപ്രായം. എങ്കിലും ജോലിത്തിരക്കിനിടയിലും വെള്ളമൊഴിച്ചും വളമിട്ടും മുന്തിരി തൈയെ പരിചരിക്കാൻ തിലകമ്മ ശ്രദ്ധിച്ചു. കാലിന്റെ വേദന മൂർച്ഛിച്ചതോടെ തിലകമ്മ മുട്ടു മാറ്റി വെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായി. ആശുപത്രി വാസം കഴിഞ്ഞു വന്ന തിലകമ്മയെ വരവേൽക്കാൽ മുന്തിരി വള്ളികൾ കാത്തിരുന്നു.

നടക്കാനായപ്പോൾ തിലകമ്മ ആദ്യം ചെയ്തത് പ്രിയപ്പെട്ട മുന്തിരി വള്ളികൾക്ക് പന്തൽ കെട്ടിക്കൊടുക്കുകയായിരുന്നു. ജോലിയിൽ നിന്ന് വിരമിച്ചതോടെ കൃഷിയിൽ കൂടുതൽ ശ്രദ്ധിച്ചു. ചീര, പയർ, കപ്പ, ചേന തുടങ്ങി അഞ്ചുസെന്റ് പുരയിടത്തിനു ചുറ്റും പച്ചക്കറി കൃഷി ചെയ്തു. മകളും ആലപ്പുഴ എസ്.ഡി.വി കോളേജിലെ ജേർണലിസം അദ്ധ്യാപികയുമായ സ്വാതിയും ഒപ്പം കൂടി. വേനലിൽ മറ്റ് കൃഷികൾ വാടി തുടങ്ങി. എന്നാൽ മുന്തിരിപ്പെണ്ണ് ഉഷാറായി. ഏപ്രിലിൽ വള്ളികൾ പൂക്കാൻ തുടങ്ങി. ഇപ്പോൾ മുന്തിരികുലകൾ പഴുത്തു പാകമായി. ആദ്യ കുല തൈ സമ്മാനിച്ച കൂട്ടുകാരിക്ക് നൽകണമെന്നാണ് തിലകമ്മയുടെ ആഗ്രഹം.

കൃഷി രീതി ഇങ്ങനെ

പൊതുവെ മുന്തിരികൃഷിക്ക് വേനൽകാലമാണ് നല്ലത്. മഴ അധികമായാൽ മുന്തിരിയിലെ അമ്ലത കൂടി, രുചി കുറയും. ജലം സമൃദ്ധമായി കിട്ടുമ്പോൾ വിളവു തീരെ കുറയുന്നതാണ് മറ്റൊരു പ്രശ്നം. തിലകമ്മ ചാണകം,വേപ്പിൻ പിണ്ണാക്ക്, അടുക്കളയിലെ ഭക്ഷണാവശിഷ്ടങ്ങൾ, കഞ്ഞിവെള്ളം ഇവയാണ് വളമായി ഉപയോഗിച്ചത്. രാസ വളപ്രയോഗം തീരെയില്ല.

Read more topics: alappuzha, grapes, vines,
English summary
The vine grows up and blossoms
topbanner topbanner

More News from this section

Subscribe by Email