Sunday July 22nd, 2018 - 6:23:am
topbanner
Breaking News

പെടയ്ക്കണില്ല പെട്ടിയിലെ മീൻ: രാസവസ്തുക്കൾ ചേർത്ത മീനെത്തുന്നത് ട്രെയിനിൽ

suvitha
പെടയ്ക്കണില്ല പെട്ടിയിലെ മീൻ: രാസവസ്തുക്കൾ ചേർത്ത മീനെത്തുന്നത് ട്രെയിനിൽ

ആലപ്പുഴ: കടലും കായലും ഉണ്ടായിട്ടും ആലപ്പുഴക്കാരുടെ തീൻമേശയിലെത്തുന്നത് രാസവസ്തുക്കൾ ചേർത്ത പഴകിയ മീൻ. അതിരാവിലെ മാർക്കറ്റിലെത്തി തിളങ്ങുന്ന തൊലിയുള്ള പച്ചമീൻ വാങ്ങി ചട്ടിയിലിട്ടിട്ടും മീൻ പെടയ്ക്കണില്ല. കറിവച്ചിട്ടോ മീനിന്റെ മണമോ, ഗുണമോ ഇല്ല. കഴിച്ചവരിൽ ചിലർക്കെല്ലാം വയറിനസുഖം പിടിപെട്ടതായും റിപ്പോർട്ടുണ്ട്. ജില്ലയിലെ മത്സ്യമാർക്കറ്റുകളിൽ രാസവസ്തുക്കൾ ചേർത്ത മത്സ്യവിൽപ്പന വ്യാപകമായി. അന്യസംസ്ഥാനങ്ങളിൽ നിന്ന് ട്രെയിനിലും കണ്ടെയ്നർ ലോറികളിലുമെത്തിക്കുന്ന ആഴ്ചകളോളം പഴക്കമുള്ള മാരക രാസവസ്തുക്കൾ ചേർത്ത മീനുകളാണ് പല മാർക്കറ്റിലും വിറ്റഴിക്കുന്നതെന്ന് പരാതി വ്യാപകമായിരിക്കയാണ്.

ജനങ്ങൾ പരാതിയുമായി രംഗത്തെത്തിയിട്ടും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഉറക്കം നടിക്കുകയാണെന്നാണ് ആക്ഷേപം.
ആലപ്പുഴ, മാവേലിക്കര, കായംകുളം നഗരങ്ങളിലും പരിസരത്തുമുള്ള പ്രധാന മാർക്കറ്റുകളിലേക്ക് ട്രെയിനിലാണ് രാസവസ്തു ചേർത്ത മത്സ്യമെത്തുന്നത്. മംഗലാപുരം – നാഗർകോവിൽ എക്സ്പ്രസ് ട്രെയിനിൽ വൈകിട്ടോടെ ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ രാസവസ്തുക്കൾ ചേർത്ത് എത്തിക്കുന്ന മത്സ്യമാണ് ആലപ്പുഴയിലെ മാർക്കറ്റിൽ വിൽക്കുന്നതെന്നത് പരസ്യമായ രഹസ്യമാണ്.

ജില്ലയിലെ വിവിധ കടപ്പുറങ്ങളിൽ നിന്ന് നിലവിൽ കിലോയ്ക്ക് കുറഞ്ഞ വിലയ്ക്ക് അന്യസംസ്ഥാന ലോബി വാങ്ങിക്കൂട്ടിയ മത്സ്യങ്ങൾ, രാസവസ്തുക്കൾ ചേർത്ത് ദിവസങ്ങൾ കഴിഞ്ഞ് ഇവിടേക്ക് തന്നെ പത്തിരട്ടി വിലയ്ക്ക് വിൽക്കാൻ എത്തിക്കുന്നു. രണ്ടു മുതൽ അഞ്ചു ദിവസം വരെയാണ് മീനിന്റെ പഴക്കം. കേര, നെയ്മീൻ ചൂര, കൊഞ്ച് , കരിമീൻ തുടങ്ങിയ മീനുകൾക്ക് ആഴ്ചകളോളം പഴക്കമുണ്ടാകും. തെർമ്മോക്കോൾ പെട്ടിയിൽ 50 കിലോ വീതം മത്സ്യം പായ്ക്ക് ചെയ്ത് ദിനംപ്രതി 300 ഓളം പെട്ടികളാണ് ആലപ്പുഴ ഉൾപ്പെടെയുള്ള റെയിൽവെ സ്‌റ്റേഷനുകളിൽ എത്തുന്നത്.

ഏജൻസി ആളുകളെത്തി മത്സ്യപ്പെട്ടികൾ പുറത്തെത്തിച്ച് വിവിധ മാർക്കറ്രുകളിലെത്തിക്കുന്നു. മാർക്കറ്റിൽ വിറ്റിട്ട് ബാക്കി വരുന്ന മീനുകൾ വീണ്ടും രാസവസ്തുക്കൾ ചേർത്ത് സൂക്ഷിക്കുന്നതിനും സൗകര്യമുണ്ട്.
ഈ മീൻ വാങ്ങി കഴിക്കുന്നവർക്ക് അസ്വസ്ഥത ഉണ്ടാകാറുണ്ടങ്കിലും, പലരും കാരണം തിരിച്ചറിയുന്നത് പിന്നീടാണ്. ആരോഗ്യ പ്രശ്നവും അസ്വസ്ഥതയുണ്ടായ നിരവധി പേർ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.

മീൻ: ശ്രദ്ധിച്ചാൽ ദുഖിക്കേണ്ട
 നല്ല മത്തിയുടെ കണ്ണിന് വെള്ള കലർന്ന ഇളം ചുവപ്പു നിറമായിരിക്കും. ഇത് നോക്കി വാങ്ങുക.
 അയല വാങ്ങുമ്പോൾ ചെകിള പൊളിച്ച് നോക്കുക. കൊഴുത്ത ചോര കാണുന്നെങ്കിൽ നല്ല മീൻ. കറുത്ത നിറത്തിൽ ചോര വറ്റിയാണിരിക്കുന്നതെങ്കിൽ പഴകിയ മീൻ.
വിരൽ അമർത്തുമ്പോൾ കുഴിഞ്ഞു പോകുന്നെങ്കിൽ ചീഞ്ഞ മീൻ. നല്ല മീനിന് ഉറപ്പുണ്ടാകും. ഐസിലിട്ട മീനിന് ഉറപ്പുണ്ടാകുമെങ്കിലും അവ വിളറിയിരിക്കും.

രാസവസ്തു ചേർത്ത മീൻ വൃത്തിയാക്കുമ്പോഴും ശ്രദ്ധിക്കണം. പൈപ്പ് തുറന്നിട്ട് ഒഴുകുന്ന വെള്ളത്തിൽ മീൻ കഴുകുക. മീൻ മുറിച്ചിടുന്ന ചട്ടിയിലും കഴുകുന്ന വെള്ളത്തിലും ഉപ്പ് വിതറുക. വഴുവഴുപ്പുള്ള മീനുകളാണെങ്കിൽ കല്ലുപ്പിട്ട് ഉരയ്ക്കണം. രാസവസ്തുക്കളുടെ അംശ നീക്കം ചെയ്യുന്നതിന് മഞ്ഞൾപ്പൊടിയോ വിനാഗിരിയോ ഒഴിച്ച് കഴുകുക. അല്ലെങ്കിൽ ദുർഗന്ധമുണ്ടാകുകയും രുചി കുറയുകയും ചെയ്യും. മീൻ അരമണിക്കൂറിലധികം മസാല പുരട്ടി വെക്കരുത്. ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കില്‍ വൃത്തിയായി കഴുകിയ മീൻ രണ്ട് കവറുകളിലായി പൊതിഞ്ഞ് വെയ്ക്കുക. രണ്ടു ദിവസം വരെ ഇങ്ങനെ സൂക്ഷിക്കാം. വെട്ടിയെടുത്ത മീനാണെങ്കിൽ ഉപ്പും മഞ്ഞളും പുരട്ടി പാത്രത്തിലടച്ച് വയ്ക്കുക.


Read more topics: fish, add, chemicals, train
English summary
The chemical is added fish came to the train
topbanner

More News from this section

Subscribe by Email