Sunday June 24th, 2018 - 11:43:pm
topbanner
Breaking News

നുരയുന്ന ലഹരിയുമായി വ്യാജ വൈനുകൾ : ഹോട്ട് വൈൻ തേടി വിദ്യാർത്ഥികൾ

NewsDesk
നുരയുന്ന ലഹരിയുമായി വ്യാജ വൈനുകൾ : ഹോട്ട് വൈൻ തേടി വിദ്യാർത്ഥികൾ

ആലപ്പുഴ: ആഘോഷങ്ങളുടെ മറവിൽ ജില്ലയിലേക്ക് വ്യാജ വൈൻ ഒഴുകുന്നു. വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ഇടയിൽ 'ഹോട്ട് വൈൻ" എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഈ വ്യാജവൈനിൽ ആൽക്കഹോളിന്റെ അംശം വളരെ കൂടുതലാണ്. വിവാഹ, ജന്മദിന പാർട്ടികളിലും 'ഞായറാഴ്ച" ആഘോഷങ്ങളിലുമൊക്കെ താരമാണ് ഈ ഹോട്ട് വൈൻ. പ്രായപൂർത്തിയാകാത്തവരാണ് ഇതിന്റെ ലഹരി തേടുന്നവരിലധികവും. ഹോട്ട് വൈനിന്റെ ആരാധകരിലേറെയും പെൺകുട്ടികളാണ്. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾ കൊക്കോകോളയിൽ കലർത്തി ഇത് ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം.

ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ സുലഭമായി ലഭിക്കുന്ന ഇത്തരം വൈനുകൾ ഒരുകുപ്പിക്ക് 100 മുതൽ 300 രൂപവരെയാണ് വില. ലഹരിയുടെ തോതിനനുസരിച്ച് വില കൂടും. സാധാരണ രണ്ടു ഗ്ളാസ് കഴിച്ചാലുടൻ തലയ്ക്കു പിടിക്കും. 'മുന്തിരിച്ചാർ" എന്ന സ്റ്റിക്കറൊട്ടിച്ചും ഹോട്ട് വൈൻ വിറ്റഴിക്കപ്പെടുന്നുണ്ട്. സ്കൂളുകളിലേയും കോളേജുകളിലേയും ക്രിസ്മസ് ആഘോഷങ്ങൾക്ക് ലഹരിക്കൂട്ടാൻ ഇത്തരം വൈനുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

നിർമ്മാണം ഗ്രാമങ്ങളിൽ

ജില്ലയിലെ അതിർത്തി പ്രദേശങ്ങളിലെ വീടുകളിലും മറ്റുമാണ് ഹോട്ട് വൈനുകൾ നിർമ്മിക്കുന്നത്. സാധാരണ വീടുകളിൽ ഉത്പാദിപ്പിക്കുന്ന വൈനിൽ നിന്ന് വ്യത്യസ്തമായ ചേരുവകളാണ് ഹോട്ട് വൈനിലുള്ളത്. സ്പിരിറ്റാണ് മുഖ്യഘടകം. വാറ്റുചാരായം നിർമ്മിക്കുന്ന മാതൃകയിലാണ് ഹോട്ട് വൈൻ തയ്യാറാക്കുന്നതെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കുന്നു. ചില പ്രദേശങ്ങളിൽ ലൂസായും ഇത് വില്ക്കുന്നുണ്ട്. ഒരു ലാർജ്ജിന് 30 രൂപയാണ് ഈടാക്കുന്നത്. രണ്ട് ലാർജ്ജ് അടിച്ചാൽ തലയ്ക്കുപിടിക്കും.

 വിൽപ്പന സ്ത്രീസംഘടനകളുടെ മുന്തിരിച്ചാറിന്റെ മറവിൽ
ഗ്രാമങ്ങളിലെ സ്ത്രീകൂട്ടായ്മകൾ നിർമ്മിക്കുന്ന മുന്തിരിച്ചാറിന്റെ മറവിലാണ് ജില്ലയിൽ ഹോട്ട് വൈനുകൾ വിറ്റഴിക്കപ്പെടുന്നത്. മുന്തിരിപുളിപ്പിച്ചുണ്ടാക്കുന്ന ഇത്തരം മുന്തിരിച്ചാർ നിയമവിധേയമാണ്. മാത്രമല്ല ആൽക്കഹോളിന്റെ അംശം ഇതിൽ വളരെ കുറവായിരിക്കും. ചമ്മന്തിപ്പൊടിയും അച്ചാറുകളും ഉണ്ടാക്കുന്നതു പോലെയാണിതും. നഗരത്തിലെമ്പാടും കടകൾ വഴി ഇത് വിറ്റഴിക്കുന്നുണ്ട്. ഈ പഴുത് ഉപയോഗിച്ചാണ് വീര്യം കൂട്ടി വ്യാജ വൈൻ വിറ്റുവരുന്നത്. നേരത്തെ നഗരത്തിന്റെ പലഭാഗത്തും വീര്യംകൂടിയ അരിഷ്ടം വിറ്റിരുന്നു. ഏതാനും നാളുകൾക്ക് മുമ്പ് നഗരത്തിലെ ഒരു കടയിൽ നിന്ന് നൂറോളം കുപ്പി വ്യാജഅരിഷ്ടം എക്സൈസ് പിടികൂടിയിരുന്നു. ആയുർവേദ ചികിത്സയുടെ ഭാഗമായി അരിഷ്ടം നിർമ്മിക്കുമ്പോൾ എക്‌സൈസിന്റെ ലൈസൻസ് നിർബന്ധമാണ്. അരിഷ്ടം ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു കൊണ്ടുപോകണമെങ്കിൽ എക്‌സൈസിന്റെ പെർമിറ്റും ആവശ്യമുണ്ട്. എന്നാൽ, ഇതൊന്നുമില്ലാതെ വീര്യം കൂടിയ അരിഷ്ടം നിർമ്മിച്ച്‌ മദ്യത്തിനു പകരമായി വിറ്റഴിക്കുകയായിരുന്നു. ബാറുകൾ പൂട്ടിയതോടെ അരിഷ്ടം മദ്യപാനികൾക്കിടയിൽ ഹിറ്റായി മാറിയിരുന്നു. ഇതുപോലെതന്നെയാണ് ഇപ്പോൾ വ്യാജ വൈനും അരങ്ങ് തകർക്കുന്നത്.

 വൈൻ നിർമ്മിച്ചാൽ അകത്താകും
നിയമപ്രകാരം ലൈസൻസില്ലാതെ വൈൻ നിർമ്മിച്ചാൽ ജാമ്യമില്ലാത്ത വകുപ്പു പ്രകാരം അഴിക്കുള്ളിലാകും. ബിഷപ്പ് ഹൗസിന് മാത്രമാണ് ഇക്കാര്യത്തിൽ ഇളവ് നൽകിയിരിക്കുന്നത്. എന്നാൽ വീടുകൾതോറും മുന്തിരിച്ചാർ പുളിപ്പിച്ച് വൈൻ ഉണ്ടാക്കുന്നത് നിയമപ്രകാരം കുറ്റകരമല്ല. എന്നാൽ ഇതിന്റെ മറവിൽ ആൽക്കഹോൾ ചേർത്ത ലഹരിയുള്ള വൈൻ നിർമ്മിക്കുന്നത് എക്സൈസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം രണ്ടിടത്ത് വ്യാജവൈൻ നിർമ്മിക്കുന്ന കേന്ദ്രങ്ങൾ കണ്ടെത്തിയിരുന്നു. പരാതി ലഭിച്ചാൽ ഇത്തരം സ്ഥലങ്ങളിൽ റെയ്ഡ് നടത്തുമെന്നും പിടിച്ചെടുക്കുന്ന വൈൻ പരിശോധനയ്ക്കച്ച് ആൽക്കഹോളിന്റെ അംശം കണ്ടെത്തിയാൽ കേസ് എടുക്കുമെന്നും എക്സൈസ് അധികൃതർ വ്യക്തമാക്കുന്നു.

വീടുകളിൽ മുന്തിരി വൈൻ ഉണ്ടാക്കുന്നവിധം

വൈൻ മുന്തിരി – 1 കിലോ
പഞ്ചസാര – 1 1/2 കിലോ
ഗോതമ്പ് – 100 ഗ്രാം (ചതയ്ക്കുക)
യീസ്റ്റ് – 25 ഗ്രാം
തിളപ്പിച്ചാറിയ വെള്ളം – 2 ലിറ്റർ

ഉണ്ടാക്കുന്ന വിധം

മുന്തിരങ്ങ കഴുകി നന്നായി ഉടയ്ക്കുക. ഉടച്ച മുന്തിരിങ്ങ ചെറുതായി ചൂടാക്കുക. ചൂടാക്കിയ മുന്തിരി തണുത്ത ശേഷം ചതച്ച ഗോതമ്പ്, പഞ്ചസാര, യീസ്റ്റ് എന്നിവയും ചേർത്ത് തിളപ്പിച്ചാറിയ വെള്ളത്തിൽ കലക്കുക (ഭരണി, പ്ലാസ്റ്റിക് പാത്രം ഇവയിലേതിലെങ്കിലും വേണം കലക്കാൻ). ചെറിയ ഒരു കഷ്ണം കറുകപ്പട്ട കൂടി ചേർക്കുക. തുണികൊണ്ട് പാത്രത്തിന്റെ വായ് മൂടിക്കെട്ടണം. ഒരു ദിവസം അനക്കാതെ വെയ്ക്കണം. പിറ്റേദിവസം മുതൽ 20 ദിവസം വരെ മൂടി മാറ്റി ചിരട്ടത്തവി കൊണ്ട് നന്നായി ഇളക്കണം. 21-ാം ദിവസം അരിച്ച് തെളിയാൻ വെയ്ക്കണം. തെളിഞ്ഞ വൈൻ ഉപയോഗിച്ചു തുടങ്ങാം.

Read more topics: Alappuzha, hot wine, student
English summary
fake hot wine kerala students alappuzha

More News from this section

Subscribe by Email