Sunday July 22nd, 2018 - 6:19:am
topbanner
Breaking News

ആലപ്പുഴ കെ.എസ്.ആർ.ടി.സി വിശ്രമകേന്ദ്രം പണി തീർന്നിട്ടും 'പൂർണ വിശ്രമത്തിൽ': യാത്രക്കാർ ബുദ്ധിമുട്ടിൽ

suvitha
ആലപ്പുഴ കെ.എസ്.ആർ.ടി.സി വിശ്രമകേന്ദ്രം പണി തീർന്നിട്ടും 'പൂർണ വിശ്രമത്തിൽ': യാത്രക്കാർ ബുദ്ധിമുട്ടിൽ

ആലപ്പുഴ: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാന്റിന് ലഭിച്ച 'യാത്രക്കാരുടെ വിശ്രമകേന്ദ്രം" തുറന്നുകിട്ടാനുള്ള കാത്തിരിപ്പിന് പത്തുമാസം പ്രായം. 20 ലക്ഷം മുടക്കി നിർമ്മിച്ച വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം ഗണപതി കല്യാണം പോലെ നീളുകയാണ്. തന്മൂലം അരനൂറ്റാണ്ടിലേറെ പഴക്കമുള്ള, ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ ബസ് കാത്തിരിക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. 

കെ.സി. വേണുഗോപാൽ എം.പിയുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ചാണ് 2014ലാണ് ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ യാത്രക്കാർക്കായി പുതിയ വിശ്രമകേന്ദ്രം നിർമ്മിക്കാൻ ആരംഭിക്കുന്നത്. നിലവിലെ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാനാണിത്. 2016 ‌ഡിസംബറിൽ കെട്ടിടം പണി പൂർത്തിയായി എൻജിനീയറിംഗ് വിഭാഗം കംപ്ളീഷൻ സർട്ടിഫിക്കറ്റ് നൽകി. എന്നാൽ ഒമ്പതുമാസം കഴിഞ്ഞിട്ടും ഉദ്ഘാടനം നടത്തി കെട്ടിടം യാത്രക്കാർക്ക് തുറന്നു കൊടുക്കാൻ അധികൃതർക്കായിട്ടില്ല. നഗരസഭ കെട്ടിടം പരിശോധിച്ച് നികുതി നിശ്ചയിച്ച് കെട്ടിട നമ്പർ നൽകാത്തതാണ് നിലവിലെ പ്രശ്നം. കെട്ടിടനമ്പർ ലഭിച്ചാലേ കെ.എസ്.ഇ.ബിക്ക് അപേക്ഷ നൽകി വൈദ്യുതി ലഭ്യമാക്കാൻ കഴിയൂ. പൈപ്പ് കണക്ഷനും മറ്റ് ഇന്റർനെറ്റ് സൗകര്യങ്ങളും ലഭ്യമാക്കേണ്ടതുണ്ട്. നിലവിൽ പണിതീർന്ന പുതിയ കെട്ടിടം, ഇരുളിന്റെ മറവിലെത്തുന്ന സാമൂഹ്യവിരുദ്ധർക്ക് ഇടത്താവളമായിരിക്കയാണ്.

നഗരസഭയിൽ ഫയൽ കാണാനില്ല
കെട്ടിടനമ്പർ ലഭിക്കുന്നതിനായി സർവ രേഖകളും കെട്ടിടത്തിന്റെ വിശദമായ പ്ളാൻറിപ്പോർട്ടും സ്കെച്ചും സഹിതം നഗരസഭയിൽ അപേക്ഷ നൽകിയിട്ട് മാസങ്ങൾ കഴിഞ്ഞു. രണ്ടുദിവസം കൊണ്ട് നമ്പരിട്ട് തരാമെന്നിരിക്കെ പലകുറി മുട്ടിവിളിച്ചിട്ടും നഗരസഭ ഉദ്യോഗസ്ഥർ അനങ്ങുന്നില്ല. കെ.സി. വേണുഗോപാൽ എം.പി നേരിട്ട് നഗരസഭാ ചെയർമാനോട് നിർദ്ദേശിച്ചിട്ടും ഫലമുണ്ടായില്ല. ഇതുമായി ബന്ധപ്പെട്ട ഫയൽ നഗരസഭാ ഓഫീസിൽ നിന്ന് കാണാതായെന്ന് പറയപ്പെട്ടു. കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി അധികൃതർ ബന്ധപ്പെട്ടപ്പോൾ ഫയൽ കണ്ടുകിട്ടിയെന്നറിയിച്ചു. എന്നാൽ സെക്ഷനിൽ പുതിയ ഉദ്യോഗസ്ഥനായതിനാൽ ഫയൽ ആദ്യം മുതൽ പഠിക്കുകയാണത്രേ. ഒന്നിടവിട്ട ദിവസങ്ങളിൽ നഗരസഭാ ഓഫീസിൽ കയറിയിറങ്ങിയിട്ടും 'മെല്ലെപ്പോക്ക്" നയത്തിൽ മാറ്റമില്ലെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു.

നിലവിലെ കെ.എസ്.ആർ.ടി.സി കെട്ടിടത്തിന് സമീപമായാണ് പുതിയ വിശ്രമകേന്ദ്രം നിർമ്മിച്ചിരിക്കുന്നത്.
അത്യാധുനിക സൗകര്യങ്ങളുള്ള ഇരുനില കെട്ടിടം.
സ്ത്രീ- പുരുഷ യാത്രക്കാർക്കായി പ്രത്യേക വിശ്രമമുറികൾ. സ്ത്രീകളുടെ വിശ്രമസ്ഥലത്ത് രണ്ട് ടോയ്ലറ്റും അമ്മമാർക്ക് മുലയൂട്ടുന്നതിനായി പ്രത്യേക ഇടവും ഒരുക്കിയിട്ടുണ്ട്.
ഹൈ ക്ളാസ് യാത്രക്കാർക്കായി പ്രത്യേക വിശ്രമസ്ഥലം.
ശീതീകരിച്ച കാത്തിരിപ്പുകേന്ദ്രം.
കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർക്കായി വിശാലമായ മുറികൾ.
 ഏതൊക്കെ ഓഫീസ് സെക്ഷനുകൾ ഇവിടെ പ്രവർത്തിക്കുമെന്നത് ഉദ്ഘാടനത്തിന് ശേഷം തീരുമാനിക്കും.
യാത്രക്കാർക്കായി സൗജന്യ വൈഫൈ , ചാരുകസേരകൾ, ശുദ്ധജലവിതരണ സൗകര്യം, ഹൈമാസ്റ്റ് ലൈറ്റ് തുടങ്ങിയവ.

മാറ്റത്തിന് കടമ്പകളേറെ
പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ എല്ലാം പൂർത്തിയാക്കി കളക്ടർ ചീഫ് ഓഫീസറിന് താക്കോൽ കൈമാറണം. പണി പൂർത്തിയായി പത്തു മാസം കഴിഞ്ഞിട്ടും ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടില്ല. ഉദ്ഘാടനത്തിന് പലകുറി തിയതി തീരുമാനിച്ചെങ്കിലും സാങ്കേതി തടസ്സങ്ങൾ മൂലം മാറ്റിവച്ചു.

''സാങ്കേതിക തടസ്സങ്ങളാണ് ഉദ്ഘാടനം വൈകുന്നതിന് പിന്നിൽ. നഗരസഭയിൽ നിന്ന് കെട്ടിട നമ്പർ ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇത് ലഭിച്ചാലുടൻ വൈദ്യുതി കണക്ഷൻ കിട്ടും. അടുത്തമാസം ഉദ്ഘാടന തിയതി നിശ്ചയിക്കാനാകുമെന്നാണ് പ്രതീക്ഷ. ""
(എൻ. മനേഷ് , കെ.എസ്.ആർ.ടി.സി ആലപ്പുഴ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ)

നിലവിലെ ബസ് സ്റ്റാൻഡ് കെട്ടിടത്തിന് അറുപത് കൊല്ലത്തിലേറെ പഴക്കമുണ്ട്.
കെട്ടിടം അറ്റകുറ്റപ്പണി നടത്താനാവാത്ത വിധം കാലഹരണപ്പെട്ടത്.
ഏതുനിമിഷവും അപകടസാദ്ധ്യത.
ജീവനക്കാരും യാത്രക്കാരും ജീവൻ കയ്യിൽപിടിച്ചാണ് ഇവിടെയിരിക്കുന്നത്.
മഴപെയ്താൻ അകം മുഴുവൻ ചോർന്നൊലിക്കും.
 മേൽക്കൂരയിലെ കോൺക്രീറ്റ് പാളികൾ അടർന്ന് തലയിൽ വീഴും.

എം.പി ക്ക് അതൃപ്തി
പണി പൂർത്തിയായിട്ടും കെട്ടിടം ഉദ്ഘാടനം നടത്തി പൊതുജനങ്ങൾക്ക് പ്രയോജനപ്പെടും വിധം നൽകാത്തതിൽ കെ.സി. വേണുഗോപാൽ എം.പിക്ക് അതൃപ്തിയുണ്ട്. ആഴ്ചകൾക്ക് മുമ്പ് എം.പി ഇവിടം സന്ദർശിച്ചിരുന്നു. അന്ന് കെട്ടിടനമ്പർ ഉടൻ അനുവദിച്ച് നൽകാൻ മുനിസിപ്പിൽ ചെയർമാന് നിർദ്ദേശം നൽകിയിരുന്നു. അപേക്ഷ ലഭിച്ചാലുടൻ വൈദ്യുതി കണക്ഷൻ നൽകാമെന്ന് കെ.എസ്.ഇ.ബി എം.പിക്ക് ഉറപ്പു നൽകിയിട്ടുണ്ട്.

English summary
After completing the construction of the Alappuzha KSRTC, the rest is in full rest: Passengers are in trouble
topbanner

More News from this section

Subscribe by Email