Sunday May 26th, 2019 - 5:26:pm
topbanner
topbanner

ചെങ്ങന്നൂരില്‍ ആരുടെ കൊടി പാറും.....

NewsDesk
ചെങ്ങന്നൂരില്‍ ആരുടെ കൊടി പാറും.....

ആലപ്പുഴ: ചെങ്ങന്നൂരില്‍ ആര് കൊടി പാറിക്കും..? കേരളം ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പ് പടിവാതിലിലെത്തിയിട്ടും ഈ മണ്ഡലം രാഷ്ട്രീയ നിരീക്ഷകരെ പോലും മുള്‍മുനയില്‍ നിര്‍ത്തുന്നു. ജീവന്മരണ പോരാട്ടം നടത്തുന്ന എല്‍.ഡി.എഫും യു.ഡി.എഫും എന്‍.ഡി.എയും അവസാന ഘട്ടത്തിലും ഒരു നിമിഷം പോലും പാഴാക്കാതെ വോട്ടു തേടുന്നു. പ്രവചനങ്ങള്‍ക്ക് അതീതമാണ് ചെങ്ങന്നൂര്‍ മണ്ഡലം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാനും യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. ഡി. വിജയകുമാറും എന്‍.ഡി.എ സ്ഥാനാര്‍ഥി പി.എസ് ശ്രീധരന്‍പിള്ളയുമടക്കം 17 പേര്‍ മത്സരരംഗത്ത് സജീവം.

ഏറെക്കാലവും കോണ്‍ഗ്രസ് ചേരിക്കൊപ്പം നിന്ന പ്രദേശം. രാഷ്ട്രീയത്തേക്കാള്‍ ജാതിമത സമവാക്യങ്ങള്‍ക്ക് മുന്‍തൂക്കം ലഭിച്ചിട്ടുള്ള ചരിത്രം. ഒട്ടേറെ പ്രമുഖ നേതാക്കളെ നിയമസഭയില്‍ എത്തിച്ച പാരമ്പര്യം. ചെങ്ങന്നൂരിന് വിശേഷണങ്ങള്‍ ഏറെയുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണമത്സരത്തില്‍ സി.പി.എമ്മിലെ കെ.കെ രാമചന്ദ്രന്‍ നായര്‍ ചെങ്കൊടി പാറിച്ചു. 7983 വോട്ടിനാണ് കോണ്‍ഗ്രസിലെ സിറ്റിംഗ് എം.എല്‍.എയായിരുന്ന പി.സി വിഷ്ണുനാഥിനെ പരാജയപ്പെടുത്തിയത്.

അന്നു ശ്രദ്ധിക്കപ്പെട്ടതു ബി.ജെ.പിയുടെ പ്രകടനമായിരുന്നു. പി.എസ് ശ്രീധരന്‍ പിള്ള ഇരു മുന്നണികളെയും ഞെട്ടിച്ചു. രാമചന്ദ്രന്‍ നായര്‍ 52880, വിഷ്ണുനാഥ് 44987 , ശ്രീധരന്‍ പിള്ള 42682 എന്നിങ്ങനെയായിരുന്നു വോട്ട് നില. 2011 ല്‍ വിഷ്ണുനാഥ് സി.പി.എമ്മിലെ സി.എസ് സുജാതയെ 13000 വോട്ടുകള്‍ക്ക് തോല്‍പിച്ചപ്പോള്‍ അന്ന് ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന ബി. രാധാകൃഷ്ണമേനോന് ലഭിച്ചത് 6062 വോട്ടായിരുന്നു. പോള്‍ ചെയ്തതില്‍ 4.84 ശതമാനം. അതു 36.38 ശതമാനമായാണ് 2016ല്‍ പിള്ള ഉയര്‍ത്തിയത്.

വോട്ടിങ് ശതമാനം പരിശോധിക്കുമ്പോള്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും വോട്ടു ചോര്‍ച്ച സംഭവിച്ചതായി കാണാം. യു.ഡി.എഫിന്റെ വോട്ട് 2011 ല്‍ നിന്നു 2016 ല്‍ എത്തിയപ്പോള്‍ 51.98 ല്‍ നിന്ന് 30.89 ആയി ഇടിഞ്ഞു. എല്‍.ഡി.എഫിന്റേത് 42.01 ശതമാനത്തില്‍ നിന്നു 30.89 ആയി. ബി.ജെ പിയുടേത് 4.84 ശതമാനത്തില്‍ നിന്നു 29 .36 ലേക്ക് ഉയര്‍ന്നു. യു.ഡി.എഫ് വോട്ടില്‍ 21.09 ശതമാനത്തിന്റേയും എല്‍.ഡി.എഫ് വോട്ടില്‍ 11.12 ശതമാനത്തിന്റേയും കുറവ് സംഭവിച്ചു.

ബി.ജെ.പി വോട്ടിലാകട്ടെ 24 .52 ശതമാനത്തിന്റെ വര്‍ധനയും. നഷ്ടമായ വോട്ടുകള്‍ വീണ്ടെടുക്കുകയെന്നതാണ് യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും ലക്ഷ്യം. കഴിഞ്ഞ തവണ ലഭിച്ച വോട്ടുകള്‍ നിലനിര്‍ത്തി കൂടുതല്‍ വോട്ടുകള്‍ നേടുകയാണ് എന്‍.ഡി.എയുടെ പദ്ധതി.

സിറ്റിംഗ് സീറ്റ് എന്ന നിലയില്‍ സി.പി.എമ്മിനു എന്തു വില കൊടുത്തും ചെങ്ങന്നൂര്‍ നില നിര്‍ത്തേണ്ടതുണ്ട്. രണ്ടു വര്‍ഷം തികയുന്ന പിണറായി സര്‍ക്കാരിന്റെ വിലയിരുത്തല്‍ കൂടിയാണ് ഉപതെരഞ്ഞെടുപ്പ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള ഒരുക്കം ആരംഭിച്ച യു.ഡി.എഫിന് സീറ്റ് തിരിച്ച് പിടിച്ചേ മതിയാകൂ. മുന്നണി വിട്ടുപോയ കെ.എം മാണിയെ തിരികെ കൊണ്ടുവരാന്‍ ഗ്രൂപ്പുകള്‍ക്കതീതമായി കോണ്‍ഗ്രസും ഒപ്പം മുസ്ലീം ലീഗും നടത്തിയ വിട്ടുവീഴ്ചാ മനോഭാവത്തോടെയുള്ള നീക്കം ആ സന്ദേശമാണ് നല്‍കുന്നത്. കേരളത്തിലെ മുന്നേറ്റത്തിന് എന്‍.ഡി.എയ്ക്ക് ചെങ്ങന്നൂരില്‍ വിജയമല്ലാതെ മറ്റു ലക്ഷ്യങ്ങളൊന്നുമില്ലെന്ന നിലയിലാണ് ബി.ജെ.പി നേതൃത്വത്തില്‍ നാടിളക്കി പ്രചാരണം നടത്തുന്നത്.
കേരള നിയമസഭയിലെ ആദ്യത്തെ സ്പീക്കറായിരുന്ന ആര്‍. ശങ്കരനാരായണന്‍ തമ്പിയെ വിജയിപ്പിച്ചാണ് ചെങ്ങന്നൂരിന്റെ 57 മുതലുള്ള തെരഞ്ഞെടുപ്പ് ചരിത്രം തുടങ്ങുന്നത്. 5,992 വോട്ടിന് കോണ്‍ഗ്രസിലെ കെ.ആര്‍. സരസ്വതിയമ്മയെയാണ് തമ്പി പരാജയപ്പെടുത്തിയത്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ ശങ്കരനാരായണന്‍ തമ്പി ജന്മനാട്ടില്‍നിന്ന് വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചത് അക്കാലത്തെ പ്രധാന സംഭവമായിരുന്നു.

നിയമസഭയിലെ സ്പീക്കറാകാനുള്ള നിയോഗവും അദ്ദേഹത്തിന് ലഭിച്ചു. അത് ചരിത്രവുമായി. എന്നാല്‍, 1960ല്‍ കെ.ആര്‍. സരസ്വതിയമ്മ സി.പി.ഐയിലെ ആര്‍. രാജശേഖരന്‍ തമ്പിയെ പരാജയപ്പെടുത്തി പകരംവീട്ടി. 12,901 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അവര്‍ വിജയിച്ചത്. 65ല്‍ അവര്‍ വിജയം ആവര്‍ത്തിച്ചു. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് കോണ്‍ഗ്രസിലെ എന്‍.ആര്‍. കൃഷ്ണപിള്ളയെയാണ് തോല്‍പ്പിച്ചത്. അപ്പോഴും ഭൂരിപക്ഷം മോശമല്ലായിരുന്നു 14,113 വോട്ടിന്റെ ഭൂരിപക്ഷം.

67ലും 70ലും സി.പി.എം മണ്ഡലം പിടിച്ചെടുത്തു. പി.ജി. പുരുഷോത്തമന്‍ പിള്ളയാണ് രണ്ടുതവണയും വിജയിച്ചത്. കോണ്‍ഗ്രസിലെ എന്‍.എസ്.കെ. പിള്ളയെയും കേരള കോണ്‍ഗ്രസിലെ സരസ്വതിയമ്മയെയുമാണ് തോല്‍പ്പിച്ചത്. 77ല്‍ എന്‍.ഡി.പി സ്ഥാനാര്‍ഥി എസ്. തങ്കപ്പന്‍പിള്ള കേരള കോണ്‍ഗ്രസ് പിള്ള ഗ്രൂപ്പിന്റെ സ്ഥാനാര്‍ഥിയായിരുന്ന കെ.ആര്‍. സരസ്വതിയമ്മയെ പരാജയപ്പെടുത്തി.

6,553 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. 80ല്‍ സരസ്വതിയമ്മ രംഗത്തത്തെിയത് എന്‍.ഡി.പി സ്ഥാനാര്‍ഥിയായിട്ടാണ്. അവര്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി തോമസ് കുതിരവട്ടത്തെ പരാജയപ്പെടുത്തി. 82ല്‍ എന്‍.ഡി.പിയിലെ എസ്. രാമചന്ദ്രന്‍പിള്ള സി.പി.എമ്മിലെ പി.കെ. നമ്പ്യാരെ തോല്‍പ്പിച്ചു. 87ല്‍ ഇടത് പിന്തുണയോടെ മത്സരിച്ച കോണ്‍ഗ്രസ് എസ് സ്ഥാനാര്‍ഥി മാമ്മന്‍ ഐപ്പാണ് വിജയിച്ചത്.

എന്‍.ഡി.പിയുടെ ആര്‍. രാമചന്ദ്രന്‍പിള്ളയാണ് പരാജയപ്പെട്ടത്. 91, 96, 2001 വര്‍ഷങ്ങളില്‍ മണ്ഡലത്തില്‍ വിജയിച്ച് കോണ്‍ഗ്രസിലെ ശോഭന ജോര്‍ജ് ഹാട്രിക് നേടി. രണ്ടുതവണ മാമ്മന്‍ ഐപ്പിനെയും ഒരുതവണ അഡ്വ. കെ.കെ. രാമചന്ദ്രന്‍ നായരെയുമാണ് അവര്‍ പരാജയപ്പെടുത്തിയത്.

2006ല്‍ കോണ്‍ഗ്രസിലെ പി.സി. വിഷ്ണുനാഥ് സി.പി.എമ്മിലെ സജി ചെറിയാനെയും 2011ല്‍ വിഷ്ണുനാഥ് സി.പി.എമ്മിലെ സി.എസ്. സുജാതയെയും പരാജയപ്പെടുത്തി ചെങ്ങന്നൂര്‍ മണ്ഡലത്തിലെ യു.ഡി.എഫിന്റെ ആധിപത്യം ഉറപ്പിച്ചു. തെരഞ്ഞെടുപ്പുകളില്‍ അപൂര്‍വമായി മാത്രമെ ചെങ്ങന്നൂരിന് ഇടതുപക്ഷത്തേക്ക് മാറേണ്ടി വന്നിട്ടുള്ളു. സാമുദായികമത സംഘടനകള്‍ക്ക് നല്ല സ്വാധീനമുള്ള ജില്ലയിലെ പ്രധാന മണ്ഡലമാണിത്.

ചെങ്ങന്നൂര്‍ നഗരസഭ, പഞ്ചായത്തുകളായ ആലാ, ബുധനൂര്‍, ചെറിയനാട്, മാന്നാര്‍, മുളക്കുഴ, പാണ്ടനാട്, പുലിയൂര്‍, തിരുവന്‍വണ്ടൂര്‍, വെണ്‍മണി, ചെന്നിത്തലതൃപ്പെരുന്തുറ എന്നിവ ഉള്‍പ്പെട്ടതാണ് ചെങ്ങന്നൂര്‍ മണ്ഡലം. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ നഗരസഭയും ആലാ, വെണ്‍മണി, പാണ്ടനാട്, മാന്നാര്‍ പഞ്ചായത്തുകളും യു.ഡി.എഫിനൊപ്പവും മുളക്കുഴ, പുലിയൂര്‍, ചെറിയനാട്, ബുധനൂര്‍, ചെന്നിത്തല പഞ്ചായത്തുകള്‍ എല്‍.ഡി.എഫിനൊപ്പവുമാണ്. തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് സി.പി.എം, കോണ്‍ഗ്രസ് പിന്തുണയോടെ കേരളാ കോണ്‍ഗ്രസ് (എം) ഭരണത്തിലാണ്. കേരളാ കോണ്‍ഗ്രസ് പിന്തുണ യു.ഡി.എഫിന് ഗുണകരമായേക്കും. ബി.ഡി.ജെ.എസ് വോട്ടുകള്‍ എവിടേയ്ക്ക് എന്നത് പ്രസക്തമാണ്. എല്ലാറ്റിനുമപ്പുറം ത്രികോണപോരിന്റെ വീറില്‍ ആരും ജയിക്കാമെന്ന അവസ്ഥയും.

Read more topics: chengannur, by election,
English summary
chengannur by election candidate
topbanner

More News from this section

Subscribe by Email