Thursday August 22nd, 2019 - 5:32:pm
topbanner
topbanner

കണ്ണൂരിന്റെ പ്രതീക്ഷ കിരണമായി കലക്ടര്‍ ബാലകിരണ്‍

NewsDesk
കണ്ണൂരിന്റെ പ്രതീക്ഷ കിരണമായി കലക്ടര്‍ ബാലകിരണ്‍

മികച്ച ജില്ലാകലക്ടര്‍ക്കുള്ള അവാര്‍ഡ് ഏറ്റുവാങ്ങിയ കണ്ണൂര്‍ ജില്ലയുടെ അധിപന്‍ പി ബാലകിരണിന്റെ നേട്ടം അത്യന്തം ആഹ്ലാദമാണ് ജില്ലയില്‍ ഉണ്ടാക്കുന്നത് ചുരുങ്ങിയ കാലത്തിനിടയില്‍ ജന മനസില്‍ സ്ഥാനം പിടിച്ച നിരവധി പദ്ധതികളാണ് ജനപ്രിയനായ കലക്ടര്‍ നടപ്പിലാക്കിയത്. രാഷ്ട്രീയമായി ഏറെ പ്രതിസന്ധികളും ഭിന്നതകളും നിലനില്‍ക്കുന്ന ജില്ലയില്‍ സമാധാനം ഏറെക്കുറെ ഉറപ്പാക്കുവാന്‍ കഴിഞ്ഞു എന്നതും കലക്ടറിനെ ഈ നേട്ടത്തിലേക്ക് നയിച്ചു. തനിക്ക് ലഭിച്ച അവാര്‍ഡ് വ്യക്തിപരമായി കാണുന്നില്ലെന്നും മികച്ച ജില്ലക്കുളള അവാര്‍ഡാണെന്നുമുള്ള കലക്ടറുടെ അവാര്‍ഡിനോടുള്ള പ്രതികരണം തന്നെ എത്ര ലാളിത്വത്തോടെയാണ് അദ്ദേഹം ഇതിനെ സമീപിക്കുന്നത് എന്ന് തെളിയിക്കുന്നതാണ്.

കലക്ടറുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ വിവിധ പദ്ധതികള്‍ പരിശോധിച്ചാല്‍ തന്നെ സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്നും ഏറ്റുവാങ്ങാന്‍ ഏറ്റവും യോഗ്യന്‍ കണ്ണൂര്‍ കലക്ടര്‍ തന്നെയാണെന്ന് ബോദ്ധ്യമാകും. കണ്ണൂരുകാരുടെ സ്വപ്ന പദ്ധതിയായ കണ്ണൂര്‍ വിമാനത്താവള നിര്‍മാണവുമായി ബന്ധപ്പെട്ട നിര്‍ണായകഘട്ടങ്ങളില്‍ നേതൃത്വപരമായ പങ്ക് വഹിക്കാന്‍ ഇദ്ദേഹത്തിനായി. റണ്‍വെ 4000 മീറ്ററാക്കുന്നതിന്റെ ആവശ്യകത പൊതുജനങ്ങളെ ബോധ്യപ്പെടുത്താനും, ഇതിലൂടെ വിമാനതാവളത്തിന്റെ മുന്നോട്ടുള്ള പോക്കിനെ ഏറ്റവും അലട്ടിയ ഭൂമി പ്രശ്‌നം സംഘര്‍ഷങ്ങള്‍ ഇല്ലാതെ പരിഹരിക്കാന്‍ കലക്ടറുടെ ഇടപെടലിലൂടെ സാധിച്ചു. എതിര്‍ശബ്ദങ്ങളെ സൗമ്യമായി നേരിട്ട് ചര്‍ച്ചകളിലൂടെ കലക്ടര്‍ പരിഹാരം കണ്ടതിന്റെ ഫലമാണ് 29ന് മട്ടന്നൂരിലെ റണ്‍വേയില്‍ ആദ്യവിമാനം പറന്നിറങ്ങുന്നത്.

ഭൂരഹിതരില്ലാത്ത ഇന്ത്യയിലെ ആദ്യജില്ലയായി കണ്ണൂരിനെ മാറ്റിയതില്‍ കലക്ടര്‍ക്ക് നേതൃപരമായ പങ്കാണുള്ളത്. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ രണ്ട് ഘട്ടങ്ങളിലായി 16361 പേര്‍ക്കാണ് ജില്ലാ ഭരണകൂടം പട്ടയം നല്‍കിയത്. വര്‍ഷങ്ങളായി പരിഹരിക്കപ്പെടാതെ കിടന്ന വടക്കേക്കളം പ്രശ്‌നത്തിനും ഇതിലൂടെ പരിഹാരമായി. ജില്ലയില്‍ എല്ലാ വില്ലേജുകളിലും മാര്‍ച്ച് മാസത്തോടെ ഓണ്‍ലൈന്‍ പോക്കുവരവ് സംവിധാനം നടപ്പാക്കുവാനും കലക്ടര്‍ നേതൃത്വം നല്‍കി. ഭൂനികുതി പിരിവില്‍ ജില്ലയെ ഒന്നാം സ്ഥാനത്തെത്തിച്ചു. വരള്‍ച്ചാ ദുരിതാശ്വാസത്തിന്റെ ഭാഗമായി 350 വാട്ടര്‍കിയോസ്‌കുകള്‍ ജില്ലയിലുടനീളം സ്ഥാപിച്ചു.

സുനാമി മുന്നറിയിപ്പ് സംവിധാനം തീരദേശങ്ങളില്‍ നടപ്പാക്കി. ഒരു കോടി രൂപ ചെലവില്‍ 125 കുളങ്ങള്‍ നവീകരിക്കുന്നു. ഓപ്പറേഷന്‍ അനന്ത പദ്ധതിയില്‍ ചെട്ട്യാര്‍കുളം, വലിയകുളം, പടന്നത്തോട്, കണിച്ചിറ തോട് എന്നിവ പുനരുദ്ധരിച്ചു. ആനക്കുളം, ഓലച്ചേരി കുളം നവീകരണം മാര്‍ച്ചോടെ പൂര്‍ത്തിയാക്കും. 3 സ്മാര്‍ട്ട് വില്ലേജുകളും കൂത്തുപറമ്പ്, പയ്യന്നൂര്‍ മിനി സിവില്‍സ്‌റ്റേഷനും സ്ഥാപിക്കാനായി. കണ്ടല്‍ സംരക്ഷത്തിനായി മിഷന്‍ മാന്‍ഗ്രൂവ് കണ്ണൂര്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. കണ്ടല്‍ വൃക്ഷങ്ങളുളള 600 ഏക്കര്‍ റിസര്‍വ് ഫോറസ്റ്റായി പ്രഖ്യാപിച്ചു. സ്വകാര്യ കണ്ടല്‍ വനങ്ങള്‍ ഏറ്റെടുക്കാനുളള നടപടികള്‍ക്കും തുടക്കമായി.

ജില്ലയെ വികലാംഗസൗഹൃദമാക്കാനുളള പദ്ധതികള്‍ ദേശീയ തലത്തില്‍തന്നെ ശ്രദ്ധേയമാണ്. ബസ് റൂട്ടുകള്‍ക്ക് അംഗീകൃത നമ്പര്‍ സംവിധാനമേര്‍പ്പെടുത്തി. കണ്ണൂരിലെ ഗതാഗത കുരുക്കിന് പരിഹാരം കണ്ടു. കണ്ണൂര്‍ മിനി ബൈപ്പാസിനായി കലക്ടര്‍ സമര്‍പ്പിച്ച 17 കോടിയുടെ പദ്ധതി പ്രവൃത്തി നടന്നുവരുന്നു. 15 പട്ടികവര്‍ഗ കോളനികളെ മോഡല്‍ കോളനികളാക്കി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇ ഓഫീസ് സംവിധാനം ആദ്യമായി കണ്ണൂര്‍ കലക്ടറേറ്റില്‍ ആരംഭിച്ചു. നിരവധി മൊബൈല്‍ ആപ്ലിക്കേഷന്‍ സംവിധാനങ്ങള്‍ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. നാഷണല്‍ ഗെയിംസ്, ബസ് നമ്പറിങ്ങ്, ഇ സാന്റ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, തെരഞ്ഞെടുപ്പ് തുടങ്ങിയവ ഇതില്‍ ചിലതുമാത്രം. ഡിജിറ്റല്‍ ഇന്ത്യ വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ പരിപാടികളില്‍ മികച്ച പ്രകടനത്തിനുളള അവാര്‍ഡ് ജില്ലക്ക് നേടിക്കൊടുക്കാന്‍ ഇദ്ദേഹത്തിനായി.

വൃദ്ധജനങ്ങള്‍ക്കായുളള സസ്‌നേഹം പദ്ധതി ശ്രദ്ധേയമാണ്. ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ ദേശീയ ഗെയിംസ്, ജനസമ്പര്‍ക്കം, ഹരിത തെരഞ്ഞെടുപ്പ് എന്നിവ വിജയകരമായി നടത്തിയതും ജില്ലാ കലക്ടറുടെ നേതൃത്വത്തിലായിരുന്നു. കണ്ണൂരിനെ ടൂറിസം ഭൂപടത്തില്‍ മുന്‍നിരയിലെത്തിക്കാന്‍ ചുക്കാന്‍ പിടിച്ചതും ബാലകിരണായിരുന്നു. കണ്ണൂര്‍ കോട്ടയിലെ ലൈറ്റ് & സൗണ്ട്‌ഷോ, അഴീക്കോട് കൈത്തറി വില്ലേജ്, മീന്‍കുന്ന്, ചൂട്ടാട് ബീച്ച് നവീകരണം, പഴശ്ശി ഉദ്യാനം, പൈതല്‍മല, പാലക്കയം തട്ട്, വെളളിക്കീല്‍ ഇക്കോ ടൂറിസം പദ്ധതി, ധര്‍മ്മശാല സൗഹൃദ വീഥി, മുഴപ്പിലങ്ങാട്, പയ്യാമ്പലം ബീച്ചുകളിലെ ക്വാഡ് ബൈക്കുകള്‍ തുടങ്ങിയ ഡി ടി പി സി പദ്ധതികളില്‍ ചെയര്‍മാന്‍കൂടിയായ കലക്ടറുടെ ഇടപെടല്‍ എടുത്തുപറയേണ്ടതാണ്.

ഏഷ്യാ പസഫിക് ഡിജിറ്റല്‍ ചാമ്പ്യന്‍ അവാര്‍ഡ് (മന്താന്‍ അവാര്‍ഡ്), സി എസ് ഐ നിഹിലന്റ് നാഷണല്‍ അവാര്‍ഡ്, ഇ സി ഐ ബെസ്റ്റ് ഇലക്ടറല്‍ പ്രാക്ടീസ്, ദേശീയ ഗെയിംസില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കിയതിനുളള അവാര്‍ഡ്, ഡിജിറ്റല്‍ ഇന്ത്യ വാരാഘോഷത്തോടനുബന്ധിച്ച് ലഭിച്ച മൂന്നാംസ്ഥാനം എന്നിവ ജില്ലയ്ക്ക് അഭിമാനകരമായ നേട്ടങ്ങള്‍ ആയപ്പോള്‍ അതിന്റെ നെടുനായകത്വം വഹിച്ച് അന്ധ്രാപ്രദേശ് സ്വദേശിയായ ഈ 2008 കേരള ബാച്ച് ഐഎഎസ് ഓഫീസര്‍ ഉണ്ടായിരുന്നു.

Read more topics: P balakiran, collector, kannur
English summary
best collector award Kerala P balakiran Ias
topbanner

More News from this section

Subscribe by Email