Saturday May 25th, 2019 - 12:47:pm
topbanner
topbanner

അമ്മയിലെ പുരുഷകേസരികളെ... നിങ്ങൾക്ക് ഈ സമൂഹത്തോട് ഒരു പ്രതിബദ്ധതയും ഇല്ലേ......?

Aswani
അമ്മയിലെ പുരുഷകേസരികളെ... നിങ്ങൾക്ക് ഈ സമൂഹത്തോട് ഒരു പ്രതിബദ്ധതയും ഇല്ലേ......?

sony-joseph-kallarakkal‘അമ്മ’ എന്ന താരസംഘടനയിൽ പൊട്ടിപ്പുറപ്പെട്ട വിവാദങ്ങൾ ഇന്ന് ലോകമെമ്പാടും ചർച്ചാ വിഷയമായിരിക്കുകയാണ്. ലഫ്റ്റനന്റ് കേണല്‍ പദവിയിലിരിക്കുന്ന നടൻ മോഹന്‍‌ലാല്‍ പ്രസിഡന്റായ നടീ- നടന്മാരുടെ കേരളത്തിലെ ഏറ്റവും വലിയ സംഘടനയായ 'അമ്മ'യില്‍ സ്ത്രീപീഡന കേസില്‍  പ്രതിയെന്നു സംശയിക്കുന്ന നടൻ ദിലീപിനെ തിരിച്ചെടുത്തത് ഒട്ടും ശരിയല്ലെന്ന് മാത്രമല്ല മോഹന്‍‌ലാലിന്റേയും കൂട്ടരുടേയും ഈ നടപടി സ്ത്രീ സമൂഹത്തോടുള്ള  വെല്ലുവിളികൂടിയാണ്.

സ്വന്തം സംഘടനയിലെ അംഗം കൂടിയായ നടിയെ ആക്രമിച്ച കേസിലെ പ്രതിയെ സംഘടനയില്‍ തിരിച്ചെടുത്ത നടപടി സ്ത്രീ വിരുദ്ധവും  കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമാണെന്ന് പറയാതെ തരമില്ല. ഒരിക്കലും നല്ല കലാകാരന്മാരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലാത്ത കാര്യം.

ഒരുപക്ഷേ, അമ്മ എന്ന സംഘടനയുടെ ജീർണ്ണതയാണ് ഇത് കാണിക്കുന്നത്. വനിതാ ശാക്തീകരണത്തെ കുറിച്ച്  അഭിപ്രായം തേടിയാൽ നൂറു നാവാൽ പ്രസംഗിക്കുന്ന പഞ്ചനക്ഷത്ര രാജകുമാരൻമാർ സ്വന്തം സംഘടനയിലെ വനിതാ  അംഗത്തിനു സംഭവിച്ച ജീവിതദുരന്തത്തിനു പേരിനെങ്കിലുമുള്ള (പൊതു സമൂഹത്തിന്റെ കണ്ണിൽ പൊടിയിടാനെങ്കിലും)  ധാർമീകമായ പിന്തുണ നൽകുവാൻ സാധിക്കുന്നില്ലായെങ്കിൽ കപട നടനം നടത്തുന്ന എല്ലാ കലാകാരൻമാർക്കും കാലം  ചവറ്റുകൊട്ട കരുതി വച്ചിട്ടുണ്ടെന്ന് ഓർമ്മിക്കുന്നത് നന്നായിരിക്കും.

ടിക്കറ്റ് എടുത്തു നിങ്ങൾക്ക് കയ്യടിക്കുന്ന സ്ത്രീ സമൂഹത്തിനു നേരെ ഇങ്ങനെ  കാർക്കിച്ചു തുപ്പാൻ നിങ്ങൾക്ക് ലഭിക്കുന്ന ധൈര്യം എന്താണ്? അമ്മ നേതൃത്വത്തിന് മുന്നിൽ അഭിപ്രായം പറഞ്ഞിട്ട് കാര്യമില്ലെന്നും നടിമാർ പറയുന്നു...പിന്നെ ഇതെന്തു സംഘടന ആണ്. അംഗങ്ങങ്ങളുടെ സംരക്ഷണം അല്ലെങ്കിൽ എന്താണ് നിങ്ങളുടെ പ്രവർത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്?  മാസാമാസം വിലകൂടിയ കാറുകളിൽ വന്നിറങ്ങി ആഡംബരം കാണിക്കാനും താരോത്സവങ്ങൾ നടത്തി സ്വയം പ്രൊമോട്ട് ചെയ്യാനുമല്ലാതെ ഈ സംഘടന കൊണ്ട് നിങ്ങൾ എന്താണ് ചെയ്യുന്നത്... ഈ ലാഭത്തിന്റെ നക്കാപ്പിച്ച പങ്ക് അവശത അനുഭവിക്കുന്ന സിനിമ പ്രവർത്തകർക്ക് എത്തിക്കുന്നു എന്നതുകൊണ്ട് നിങ്ങൾ വിമർശനാതിതർ ആണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?. വളരെ ആത്മസംയമനത്തോടെ കൈകാര്യം  ചെയ്യപ്പെടേണ്ട വിഷയമായിരുന്നു ഇത്.

പ്രത്യേകിച്ചും ലഫ്റ്റനന്റ് കേണല്‍ പദവിയിലിരിക്കുന്ന മോഹന്‍‌ലാലിനെപ്പോലുള്ള ഒരാൾ പ്രസിഡന്റ് ആയിരിക്കുമ്പോൾ. താരപ്രഭുക്കളുടെ മൗനവും നിലപാടുകളും ഫാൻസ്‌ അസോസിയേഷൻ പ്രവർത്തകരുടെ ശക്തി കണ്ടുകൊണ്ടാണോ?. ജനപ്രതിനിധികളായ ഇന്നസെന്റ്, മുകേഷ്, ഗണേഷ് കുമാർ നിങ്ങൾക്ക് എങ്ങനെ ഇത്ര നിഷ്കളങ്കമായ മൗനം പാലിക്കാനാവുന്നു?

ഇനി അമ്മയിലെ മറ്റു പെണ്മക്കളോട്.,... എല്ലാത്തിനോടും പൊരുത്തപ്പെട്ടു പോകാൻ നിങ്ങൾ തയ്യാറാണോ? അതോ രാജി
വച്ചവർ പറയുന്നത് കള്ളമാണെന്ന് നിങ്ങൾക്ക് തോന്നുണ്ടോ.. എങ്കിൽ അത് പറയാൻ നിങ്ങൾക്ക് മടി എന്തിനാണ്?  അവസരങ്ങൾക്ക് വേണ്ടിയുള്ള ആട് ജീവിതമാണ് അമ്മയിൽ നിങ്ങളുടേതെങ്കിൽ പരമപുച്ഛം മാത്രം...നടീ നടന്മാരിൽ നിന്നും  കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത്... അവർ വെറും നടീനടന്മാർ മാത്രമാണ് ജീവിതത്തിലും ജോലിയിലും... നമ്മളെ രസിപ്പിക്കാനും സന്തോഷിപ്പിക്കാനും സമയം കളയാനും ഉള്ള മാർഗം ഉണ്ടാക്കിത്തന്ന് അതിൽ നിന്നും ബുദ്ധിപൂർവം നല്ലൊരു  വരുമാന മാർഗം കണ്ടെത്തി ജീവിക്കുന്ന ഒരു കൂട്ടം കലാകാരന്മാർ. ആ കലാകാരന്മാരെ പല വിതത്തിൽ സേവിച്ച്  നിലനിൽക്കുന്ന നട്ടെല്ലില്ലാത്ത കുറെ കിങ്കരന്മാരും മാത്രമാണ് ഇവിടെയുള്ളത്... ഇവരിൽ ആരാണ് യഥാർത്ഥ ജീവിതത്തിലെ നായകന്മാർ...

പഴയ ഒരു സർക്കസിലെ അല്ലെങ്കിൽ അമ്പല പറമ്പിൽ കണ്ട് മറന്ന ഒരു നാടകത്തിലെ കുറച്ച് സമയം നമ്മെ രസംപിടിച്ച  കോമാളികൾ... അത്ര വിലയെ കൊടുക്കാവൂ... അതിൽ കൂടുതൽ എന്ത് വിലയ്ക്കാണ് അവർക്ക് അർഹത? അവരുടെ വാക്കുകൾക്കും പ്രവൃത്തികൾക്കും...?. ഇതൊക്കെ കാണുമ്പോൾ നമ്മൾക്ക് ഇങ്ങനെ തോന്നിപോവുക സ്വഭാവികം. നമുക്കു ചുറ്റുമുള്ള ഓരോ ജീവിതത്തിലുമുണ്ട് നായകന്മാർ... അവനവന്റെ ജീവിതംകൊണ്ട് നായകർ ആയവർ... മാതൃകയാക്കേണ്ടവർ അവരല്ലെ.... ഓരോ പ്രൊഫഷനിലും ഉണ്ട് നമ്മുടെ യഥാർത്ഥ ഹീറോകൾ. ഡ്രൈവർ ആയാലും , മീൻ കാരനായാലും , ഡോക്ടർ ആയാലും , കൃഷിക്കാരൻ ആയാലും... ഞാനും നിങ്ങളും ഉൾപ്പെടുന്ന യഥാർഥ ജീവിതത്തിലെ ഹീറോസ്.

പലപ്പോഴും സിനിമയിൽ അനീതിക്കെതിരെ പടപൊരുതി വിജയം നേടിയെത്തുന്ന നായകനെ മനസിൽ പ്രതിഷ്ഠിച്ച് ദൈവത്തെപ്പോലെ കാണുന്ന ഒരു സമൂഹമാണ് നമ്മുടെ ഈ നാടിന്റെ ശാപം. ഓരോ സിനിമയും കണ്ടിറങ്ങുമ്പോഴും അത് വെറും സിനിമയാണെന്നും അതിലെ അഭിനേതാക്കൾ വെറും കലാകാരന്മാർ മാത്രമാണെന്നും ചിന്തിക്കാൻ കഴിഞ്ഞാൽ നാട് രക്ഷപെടും. ഈ വിവാദങ്ങൾ അതാണ് നമുക്ക് കാണിച്ചു തരുന്നത്.

ദിലീപ് " പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനാണെന്ന " ഹൈക്കോടതി വിധി നിലവിൽ ഉണ്ട്.അങ്ങനെയുള്ള ഒരാളെ സംരക്ഷിച്ച് നിർത്തുകയെന്നുള്ളത് "രാജ്യം ബഹുമാനപൂർവ്വം ആദരിച്ച് നല്കിയിരിക്കുന്ന " ലഫ്റ്റനന്റ് കേണൽ പദവിക്ക് " തീരാക്കളങ്കമാണ് , ഇത് ഈ ധീര പദവിയോടും ,രാജ്യത്തോടുമുള്ള അനാദരവ് ആണ്. പ്രതി കുറ്റവിമുക്തനായി തിരിച്ച് വരട്ടെ. അതിന് മുൻപ് അദേഹത്തെ പീഡനത്തിന് വിധേയായ നടി കൂടി ഉൾപ്പെട്ട സംഘടനയിൽ തിരിച്ചെടുക്കണമായിരുന്നോ എന്ന് സിനിമയെ സ്നേഹിക്കുന്ന ഇവിടുത്തെ ഓരോ പൌരനും ചിന്തിച്ചാൽ അതിനെ എങ്ങനെ തെറ്റുപറയാനാകും. നിലവിൽ രാജ്യത്തെ  നിയമം പണക്കാരനും - പാമരനും ഒരേ പോലെ ബാധകമാണ്. അങ്ങനെ ആയിരിക്കുകയും വേണം. ഈ വിഷയം ഇത്ര വഷളായ സ്ഥിതിക്ക് മോഹന്‍‌ലാല്‍ കേണല്‍ പദവി തിരിച്ചേല്പിച്ച് അതിന്റെ മാന്യതയും പവിത്രതയും കാത്തുസൂക്ഷിക്കുകയാണ് വേണ്ടത്.

അല്ലെങ്കിൽ'അമ്മ' പിരിച്ചു വിട്ട് പൊതുസമൂഹത്തോട് മാപ്പ് പറയാനെങ്കിലും തയാറാകേണ്ടിയിരിക്കുന്നു. എന്തായാലും അതൊന്നുമുണ്ടാകില്ലെന്ന് അറിയാം. എന്നാലും സമൂഹത്തോട് പ്രതിബദ്ധതയുള്ള പൌരൻ എന്നുള്ള നിലയിൽ വെറുതെ ആശിച്ച് പോകുകയാണ്. ഇത്രയും ചെയ്താൽ മോഹൻലാൽ എന്ന നടന്റെ മഹത്ത്വം മലയാളികളുടെ മനസിൽ ഇരട്ടി വർദ്ധിക്കുമെന്നത് തീർച്ച.

എന്തായാലും ഒരു കാര്യം അംഗീകരിക്കണം. അമ്മ എന്ന സംഘടന ഈ കുടുംബത്തിലെ തന്നെ പീഡനത്തിന് വിധേയയായ നടിയോട് കാണിച്ച ധിക്കാരത്തിനെതിരെ 4 നടിമാർ ചങ്കുറ്റത്തോടെ നെഞ്ചും വിരിച്ച് പ്രതിഷേധം ഉയർത്തിയപ്പോൾ കേരളം മുഴുവൻ അതേറ്റെടുക്കുകയായിരുന്നു. അതോടെ രാജ്യവും ശക്തിയും മഹത്ത്വവുമെല്ലാം തങ്ങളാണെന്ന് ധരിച്ചിരുന്ന ഇവിടുത്തെ സൂപ്പർസ്റ്റാറുകൾക്കും വിവാദ നായകനുമെല്ലാം നോക്കുകുത്തികളായി നിൽക്കേണ്ടി വന്നു. അതാണ് പെൺകരുത്ത്. ഒരു പെൺ ഒരുമ്പിട്ടിറങ്ങിയാൽ എന്തും നടക്കുമെന്ന് തെളിഞ്ഞില്ലെ.

ഇന്ത്യയുടെ പ്രധാനമന്ത്രി, പ്രസിഡന്റ്, ഗവർണർ, സ്പീക്കർ തുടങ്ങി വലിയ പദവികളിൽ വരെ എത്തപ്പെട്ടവരാണ് ഇന്ത്യൻ സ്ത്രീകളെന്ന് ഓർക്കുക. കഴിവുള്ള സ്ത്രീകൾ ഉൾവലിയുന്നതാണ് ഇവിടുത്തെ പല പ്രശ്നങ്ങൾക്കും കാരണം. പ്രതിഷേധത്തിന് ധൈര്യമായി തുടക്കമിട്ട 4 നടിമാരെ അഭിനന്ദിക്കാതിരിക്കാൻ വയ്യ. ഇന്ന് നന്നായി പോകുന്ന (സിനിമയിലായാലും പൊതുസമൂഹത്തിലായാലും) കുടുംബജീവിതങ്ങൾ തകർക്കുന്ന ‘വെള്ളയടിച്ച കുഴിമാടങ്ങൾ’ ക്കെതിരെയുള്ള ഒരു ഉഗ്രൻ താക്കിത് കൂടിയാണ് ഈ നടിമാരുടെ പ്രതിഷേധം. ഈ പ്രതിഷേധത്തിൽ സിനിമ മേഖലയിൽ മാറ്റത്തിന്റെ അലയൊലികൾ കൂടുതൽ മുഴങ്ങുമെന്ന് പ്രത്യാക്ഷിക്കാം.

സ്ത്രീകൾ പ്രതികരിക്കേണ്ടിടത്ത് പ്രതികരിച്ചാൽ സ്ത്രീപീഡകരെ നിലയ്ക്ക് നിർത്താമെന്നതിന് തെളിവുകൂടിയാണ് ഈ നടപടി. അനീതിക്കെതിരെ ദുർബലചേരിക്ക് വേണ്ടി തിരശീലക്കു മുൻപിൽ ആർജവമുള്ള നിലപാട് സ്വീകരിക്കാൻ തയ്യാറായി മുന്നോട്ടു വരുന്നത് ആരെല്ലാമാണെന്നറിയാൻ പൊതുസമൂഹം ഇനിയും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഈ മേഖലയിൽ കൂടുതൽ ശുദ്ധികലശം ഉണ്ടാകുമെന്ന് കരുതാം...അതിന് നല്ലൊരു നടക്കമാവട്ടെ ഈ നടിമാർ തൊടുത്തുവിട്ട പ്രതിഷേധം...ഇത് മറ്റ് സ്ത്രീകൾക്കും കരുത്തുപകരട്ടെ.... വിജയാശംസകൾ...

English summary
the males of amma film organisation have no responsibilities to the society?
topbanner

More News from this section

Subscribe by Email