Tuesday June 19th, 2018 - 6:04:pm
topbanner
Breaking News

അമേരിക്കന്‍ ജൂഡീഷ്യറി, ഇന്ത്യന്‍ ജൂഡീഷ്യറി: ഇരുളും വെളിച്ചവും

rajani
അമേരിക്കന്‍ ജൂഡീഷ്യറി, ഇന്ത്യന്‍ ജൂഡീഷ്യറി: ഇരുളും വെളിച്ചവും

ഭദ്രമായ ഭരണ വ്യവസ്ഥയുടെ അടിസ്ഥാനോപാധിയാണ് ഭദ്രമായ ജുഡീഷ്യറി. ജനാധിപത്യ വ്യവസ്ഥയില്‍ ജനായത്ത ഭരണകൂടത്തിന്റെ മൂന്നാം തൂണാണത്. എക്സ്‌ക്യൂട്ടീവിനെയും അഡ്മിനിസ്ട്രേഷനെയും ജീര്‍ണത ബാധിക്കുമ്പോള്‍ അത് പരിഹരിക്കേണ്ട ഘടകമാണ് ജുഡീഷ്യറി. അതിന് സാധിക്കണമെങ്കില്‍ അതിന്റെ നൈതികതയും സ്വാതന്ത്ര്യവും കാത്തുസൂക്ഷിക്കാനും ഭരണകൂടത്തിന്റെ ജീര്‍ണതകള്‍ക്കതീതമായി നിലകൊള്ളാനും കഴിയണം.

ജീര്‍ണ്ണിച്ച ഭരണകൂടം ജുഡീഷ്യറിയെ അതിന്റെ കങ്കാണിയാക്കി മാറ്റാന്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും. ജുഡീഷ്യറി വഴങ്ങിക്കൊടുത്താല്‍ പിന്നെ ഏകാധിപത്യവും ജനാധിപത്യവും തമ്മില്‍ അന്തരമില്ലാതാകും. രണ്ടിലും ജനജീവിതവും അഭിലാഷങ്ങളും ചവിട്ടിമെതിക്കപ്പെടുന്നു. സൈനിക സ്വേഛാധിപത്യം നടമാടുന്ന ഈജിപ്തിലും ജനാധിപത്യഭരണം അവകാശപ്പെടുന്ന ബംഗ്ലാദേശിലും ഒരേ മട്ടില്‍ നിഷ്ഠുര നരമേധങ്ങള്‍ നടമാടുന്നത് അതിന്റെ ഉദാഹരണമാണ്.

നിയമത്തിനുമുന്നില്‍ തുല്യനീതി എന്ന തത്വം മുറുകെപ്പിടിച്ചുകൊണ്ട് വ്യക്തികള്‍ തമ്മിലും വ്യക്തിയും ഗവണ്‍മെന്റും തമ്മിലും വിവിധ ഗവണ്‍മെന്റുകള്‍ തമ്മിലുമുള്ള തര്‍ക്കങ്ങള്‍ക്ക് ജുഡീഷ്യറി നിഷ്പക്ഷമായ തീര്‍പ്പ് കല്‍പ്പിക്കുന്നു. ഏതൊരു ഘടകത്തിന്റെയും ഏതൊരു നടപടിയുടെയും നിയമസാധുതയും ഭരണഘടനാസാധുതയും ജുഡീഷ്യറി ഉറപ്പുവരുത്തുന്നു.

മൂന്ന് ഘടകങ്ങള്‍ക്കും സാപേക്ഷികമായ സ്വാതന്ത്ര്യം ഉറപ്പുവരുത്തിക്കൊണ്ട് അധികാരം വിഭജിക്കുക എന്ന കാഴ്ചപ്പാടാണ് ജനാധിപത്യ വ്യവസ്ഥയുടെ സ്ഥാപനത്തിലൂടെ മുതലാളിവര്‍ഗ്ഗം അവലംബിച്ചത്. അധികാരം ഏതെങ്കിലുമൊരു ഘടകത്തില്‍ കേന്ദ്രീകരിക്കുന്നത് ഒഴിവാക്കാനും പരസ്പരം അധികാരപരിധി ലംഘിക്കാതിരിക്കാനും വേണ്ടിയാണ് ഈ വിഭജനം ഏര്‍പ്പെടുത്തിയത്.

ഇവ്വിധം സാപേക്ഷികമായ സ്വാതന്ത്ര്യം നല്‍കുമ്പോഴും ഒരു ഘടകവും വര്‍ഗ്ഗാതീതമായ അടിസ്ഥാനത്തിലല്ല പ്രവര്‍ത്തിക്കുന്നത്. ഇവ മുതലാളിവര്‍ഗ്ഗത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്,അത് ജനതാല്‍പ്പര്യത്തിനെതിരാണെങ്കില്‍പോലും. എന്നാല്‍ നിയമനിര്‍മ്മാണസഭ രൂപം നല്‍കുന്നതും ഭരണസംവിധാനം നടപ്പിലാക്കുന്നതുമായ നിയമങ്ങള്‍ ഭരണഘടനയ്ക്ക് നിരക്കുന്നതാണോ എന്ന് പരിശോധിക്കാന്‍ ജുഡീഷ്യറിക്ക് ഉത്തരവാദിത്തമുണ്ട്. ജുഡീഷ്യല്‍ റിവ്യൂ എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്.

നിയമ നിര്‍മ്മാണ സഭയുടെ മേധാവിത്വത്തിന് കോട്ടം തട്ടാത്തവിധം ഇത് പരിമിതപ്പെടുത്തപ്പെട്ടിരിക്കുന്നു. ഒരു സാമൂഹ്യശക്തി എന്ന നിലയില്‍ മുതലാളിവര്‍ഗ്ഗം ഉദയംകൊള്ളുകയും ബൂര്‍ഷ്വ ജനാധിപത്യവ്യവസ്ഥ രൂപമെടുക്കുകയും ചെയ്ത കാലയളവില്‍, ജൂഡീഷ്യറിയെ സംബന്ധിച്ചിടത്തോളം, ജനാഭിപ്രായത്തിനാണ് പ്രാധാന്യം എന്നതായിരുന്നു സങ്കല്‍പ്പം.

പാര്‍ലമെന്ററി ജനാധിപത്യത്തില്‍, ജനാധിപത്യത്തിന്റെ മൂന്ന് നെടുംതൂണുകളില്‍, ജനങ്ങള്‍ നേരിട്ട് രൂപം നല്‍കുന്നത് നിയമനിര്‍മ്മാണ സഭയ്ക്കാണ്. അതുകൊണ്ടുതന്നെ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍, ശക്തവും ഏകോപിതവും നിര്‍ഭയവുമായ പൊതുജനാഭിപ്രായത്തിനുവേണ്ടി നിലകൊള്ളേണ്ടതുണ്ട്. ജനങ്ങളാണ് ഭരണം നിര്‍വ്വഹിക്കുന്നതെങ്കില്‍, ജനതാല്‍പ്പര്യം പ്രകടമാകുന്നത് ജനാഭിപ്രായം അംഗീകരിക്കപ്പെടുന്നതിലൂടെയാണ്.

ഭ്രാന്തനും , മനുഷ്യത്വ വിരുദ്ധനുമായ അമേരിക്കന്‍ മോഡി ട്രംപ് , തന്റെ ഏകാധിപത്യങ്ങള്‍ ലോകമാകെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനു ആ രാജ്യത്തെ നീതിബോധമുള്ള കോടതികള്‍ വിലങ്ങിട്ടിരിക്കുകയാണ് . കോര്‍പ്പറേറ്റ് ഫാസിസ്റ്റ് താല്‍പ്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ ഭരണകൂടത്തിനു പക്ഷേ, ജുഡീഷ്യറിയില്‍ നിന്ന് ആ നിലയിലുള്ള ഭീഷണികള്‍ ഒന്നും തന്നെ നാളിതുവരെ ഉണ്ടായിട്ടില്ല . മുസ്ലിം ജനവിഭാഗത്തിന്റെ അടക്കമുള്ള കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കി അമേരിക്കയെ ഒരു അടഞ്ഞ ലോകമാക്കി മാറ്റുവാനുള്ള ട്രംപിന്റെ ശ്രമങ്ങളെ Anti American, Anti Constitutional എന്ന് പറഞ്ഞുകൊണ്ട് ചവറ്റുകുട്ടയില്‍ തള്ളുകയാണ് അമേരിക്കന്‍ കോടതികള്‍ ചെയ്തത് .

ജനാധിപത്യവും . അത് പ്രദാനം ചെയ്യുന്ന ഭരണപരമായ സുതാര്യതകളും അപകടത്തിലാകുമ്പോള്‍ , പ്രത്യേകിച്ച് ഇന്ത്യന്‍ സാഹചര്യത്തില്‍, ഇത്തരം നടപടികള്‍ കൊണ്ട് കോടിക്കണക്കിനു പാവപ്പെട്ട മനുഷ്യരുടെ ജീവിതം പോലും യാതനാപൂര്‍ണ്ണ മാകുമ്പോള്‍ , അമേരിക്കന്‍ ഉന്നത നീതി പീഠങ്ങള്‍ കാഴ്ചവയ്ക്കുന്ന ജാഗ്രതയും , കൃത്യതയും , ടൈമിംഗും ഇന്ത്യന്‍ ഉന്നത നീതി പീഠങ്ങള്‍ കാഴ്ചവയ്ക്കുന്നില്ല എന്നത് വസ്തുതയാണ് .

1 ) കറന്‍സി നിരോധനവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സുപ്രീംകോടതിക്ക് മുന്‍പാകെ എത്തിച്ചേര്‍ന്ന ഹരജികള്‍ വിശാലമായ ഭരണഘടനാ ബഞ്ചിന് വിടുകയാണ് കോടതി ചെയ്തത് . ഇതെഴുതുന്ന ഈ നിമിഷം വരെ യാതൊരുവിധ തീരുമാനവും കോടതിയില്‍ നിന്നുണ്ടായിട്ടില്ല . എന്ന് മാത്രമല്ല , ആയിരത്തോളം മനുഷ്യര്‍ ഇതുമായി ബന്ധപ്പെട്ട ദുരിതങ്ങള്‍ മൂലം മരിക്കുകയും , രാജ്യം അടുത്ത കാലത്തൊന്നും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ സാധിക്കാത്ത വിധം സാമ്പത്തികമായി തകര്‍ന്നടിയുകയും ചെയ്തിരിക്കുന്നു . ഒരു സര്‍ക്കാര്‍ നടപടിയുടെ എല്ലാ ആസുരതകളും , കെടുതികളും , അപകടങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ , അവയെ തടയാന്‍ പോലും കഴിയാത്ത രൂപത്തില്‍ നമ്മുടെ ഉന്നത നീതി പീഠം , വളരെ സാവകാശത്തിലും , അലസമായും ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതുകൊണ്ട് രാജ്യത്തിനും , ജനങ്ങള്‍ക്കും എന്താണ് നേട്ടം ..?! നാളെ കറന്‍സി നിരോധനം റദ്ദ് ചെയ്തുകൊണ്ട്‌പോലും സുപ്രീംകോടതി വിധിയുണ്ടായാല്‍ത്തന്നെ സംഭവിച്ച അപരിഹാര്യമായ നഷ്ട്ടങ്ങള്‍ എങ്ങിനെ പരിഹരിക്കപ്പെടും ?!

2 ) സമാനമായ ഒരസംബന്ധമാണ് ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് നടക്കുന്ന സുപ്രീം കോടതി പരിശോധന . പൗരന്മാരില്‍ ആധാര്‍ കാര്‍ഡ് അടിച്ചേല്‍പ്പിക്കുന്നതിന്റെ ഭരഘടനാ സാധുത , സുപ്രീംകോടതിയുടെ ഭരഘടനാ ബഞ്ചിനു വിട്ടത് 20 15 ലാണ് . നാളിതുവരെ ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് നിരക്കുന്ന , ജനപക്ഷത്തു നിന്നുകൊണ്ടുള്ള ഒരു തീരുമാനവും ഈ വിഷയത്തില്‍ സുപ്രീം കോടതി എടുത്തിട്ടില്ല . അതേസമയം , ആധാര്‍ കാര്‍ഡ് അടിച്ചേല്‍പ്പിക്കലും , നിര്‍ബന്ധമാക്കലും നിര്‍ബാധം നടക്കുകയും ചെയ്യുന്നുണ്ട് . ഇനി ഈ വിഷയത്തില്‍ സുപ്രീം കോടതി എന്ത് തീരുമാനമെടുത്താലും അതിനെന്തു പ്രസക്തി ..?

ആധാര്‍ പാര്‍ലമെന്റില്‍ പാസ്സാക്കി എടുത്തത് പോലും നേരാംവണ്ണമല്ല , ഭരണഘടനാ വിരുദ്ധമായി ഒരു Money Bill ആയാണ് എന്നതുകൂടി ഓര്‍ക്കണം . ആ ഒരൊറ്റ കാരണത്താല്‍ സുപ്രീംകോടതിക്ക് പ്രാഥമികമായിത്തന്നെ അത് റദ്ദ് ചെയ്യാവുന്നതേയുള്ളൂ . Money Bill ആയി ആധാര്‍ അവതരിപ്പിച്ചതും സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടതാണ് . നാളിതുവരെ സുപ്രീംകോടതി അനങ്ങിയിട്ടില്ല എന്നതാണ് ദുഃഖകരം .

3 ) ഏറ്റവും ഒടുവിലായി മുസ്‌ളിംരാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റം വിലക്കിയ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ ആ രാജ്യത്തെ 16 അറ്റോര്‍ണി ജനറല്‍മാര്‍ രംഗത്തെത്തിയിരിക്കുന്നു . അറ്റോര്‍ണി ജനറലായിരുന്ന സാലി യെറ്റ്‌സിനെ തന്റെ ഉത്തരവ് ലംഘിച്ചെന്ന് ആരോപിച്ച് ട്രംപ് പുറത്താക്കിയതിനു പിന്നാലെയാണ് കൂടുതല്‍ എജിമാര്‍ ട്രംപിനെതിരെ രൂക്ഷവിമര്‍ശവുമായി എത്തിയത്.

'ഒരു പ്രസിഡന്റും അമേരിക്കന്‍ ഭരണഘടനയുടെയോ നിയമങ്ങളുടെയോ മുകളിലല്ലെ'ന്ന് മാസച്യുസെറ്റ്‌സ് എജി ജനറല്‍ sauc loen പറഞ്ഞു. എജിമാര്‍ എന്ന നിലയില്‍ ഈ രാജ്യത്തിന്റെ ജനങ്ങളുടെ താല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും അദ്ദേഹം പറയുന്നു .

അമേരിക്ക പടുത്തുയര്‍ത്തിയത് അഭയാര്‍ഥികള്‍ ആണെന്ന് ഇല്ലിനോയ്‌സ് എജി ജനറല്‍ ലിസ മഡിഗന്‍ പറഞ്ഞു. ഇല്ലിനോയ്‌സില്‍ 20 ലക്ഷത്തോളം കുടിയേറ്റക്കാര്‍ ഉണ്ട്. രാജ്യത്തിന്റെ പുരോഗതിക്ക് അവര്‍ നല്‍കിയ സംഭാവനകള്‍ മറക്കാനാകില്ല. ഇല്ലിനോയ്‌സിനെ എന്നും കുടിയേറ്റക്കാരുടെ സുരക്ഷിത താവളമാക്കി നിലനിര്‍ത്താന്‍ താന്‍ പോരാടുമെന്നും മഡിഗന്‍ പറയുന്നു . കുടിയേറ്റ നിരോധനം ഭരണഘടനാ വിരുദ്ധവും നിയമത്തിന് നിരക്കാത്തതുമാണെന്ന് ന്യൂയോര്‍ക്ക് എജി എറിക് ഷ്‌നീഡര്‍മാനും കൂട്ടിച്ചേര്‍ക്കുന്നു .

വ്യക്തികളുടെ വംശമോ ദേശമോ ജന്മസ്ഥലമോ നോക്കി കുടിയേറ്റാവകാശം നിഷേധിക്കാന്‍ ഒരു വ്യക്തിക്കും അവകാശം ഉണ്ടായിരിക്കുന്നതല്‌ളെന്ന 1965ലെ ചട്ടം പ്രസിഡന്റിന്റെ വിശേഷാധികാരത്തത്തെന്നെ ദുര്‍ബലപ്പെടുത്തിയതിനാല്‍ ട്രംപിന്റെ വാദം അംഗീകരിക്കപ്പെടില്ലെന്നതാണ് അമേരിക്കന്‍ യാഥാര്‍ത്ഥ്യം.

നമ്മുടെ രാജ്യത്തെ ഉന്നതരായ സര്‍ക്കാര്‍ അഭിഭാഷകര്‍ ഭരണകൂടങ്ങള്‍ക്ക് പിഴക്കുമ്പോള്‍ , ഭരണഘടനയും , നിയമവ്യവസ്ഥയും ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെ കാവലാള്‍ ആകുവാന്‍ തയ്യാറാകുമോ എന്നതാണ് അമേരിക്കന്‍ എ ജി മാര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ . രാഷ്ട്രീയ ദാസന്മാരെയാണ് നമ്മുടെ നാട്ടില്‍ ഉയര്‍ന്ന അഭിഭാഷക പദവികളില്‍ അവരോധിക്കുന്നത് എന്നതിനാല്‍ , ദാസ്യ മനോഭാവം വെടിഞ്ഞു ധീരമായ നിലപാടുകള്‍ അവരില്‍ നിന്ന് പ്രതീക്ഷിക്കുവാന്‍ കഴിയില്ല എന്നതാണ് വസ്തുത .

പല മൂന്നാം ലോക രാജ്യങ്ങളിലും നടക്കുന്ന ജൂഡീഷ്യല്‍ പ്രഹസനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അഭിമാനകരമായ പ്രവര്‍ത്തനമാണ് ഇന്ത്യന്‍ ജുഡീഷ്യറി കാഴ്ചവെക്കുന്നത്. നീതി തേടുന്ന പൗരന്റെ അവസാനത്തെ അത്താണി എന്ന പാരമ്പര്യം അത് ഏറക്കുറെ നിലനിര്‍ത്തുന്നുണ്ട്. അഴിമതിക്കാരെന്ന് തെളിഞ്ഞ അധികാരികളെ മന്ത്രി മന്ദിരങ്ങളില്‍ നിന്ന് ജയിലറകളിലേക്കയക്കാന്‍ നമ്മുടെ കോടതികള്‍ മടിക്കാറില്ല. ഭരണകൂടം കരിനിയമങ്ങളുപയോഗിച്ച് പിടികൂടി ജയലിലടച്ച് പീഡിപ്പിക്കുന്ന നിരപരാധികളെ കുറ്റമുക്തരെന്ന് കണ്ട് വിട്ടയക്കുന്നതിലും ഇന്ത്യന്‍ ജുഡീഷ്യറി ആര്‍ജ്ജവം കാണിച്ചതിന് നിരവധി ഉദാഹരണങ്ങളുണ്ട്. കോടതികളുടെ ഈ സ്വാതന്ത്ര്യവും നൈതിക പ്രതിബദ്ധതയും കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കപ്പെടേണ്ടതാണ്.

നീതിന്യായ പ്രവര്‍ത്തകര്‍ക്കൊപ്പം ജനങ്ങളും അക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഇതര സ്തംഭങ്ങളെ ബാധിച്ച മൂല്യശോഷണം ക്രമേണ ജുഡീഷ്യറിയിലേക്കും പകരുക സ്വാഭാവികമാണ്. അത്തരം പ്രവണതകള്‍ വളരുന്നതിന്റെ സൂചനകള്‍ ദൃശ്യമാകുന്നത് ആശങ്കാജനകമാകുന്നു. ജഡ്ജിമാരില്‍ അഴിമതിക്കാരുണ്ടെന്ന് ഉന്നത ന്യായാസനങ്ങളിലിരിക്കുന്നവര്‍ തന്നെ പറയുകയുണ്ടായി. പണാപഹരണം മുതല്‍ സ്ത്രീപീഡനം വരെയുള്ള കുറ്റങ്ങള്‍ ആരോപിക്കപ്പെടുന്ന ജഡ്ജിമാരുണ്ട്.

മാനവ മൂല്യങ്ങളില്‍ സമൂഹത്തിലെ സമസ്ത മേഖലകളിലും നടമാടുന്ന മൂല്യച്യുതികള്‍ ജുദീഷ്യറിയെയും ബാധിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ് . പക്ഷേ അപ്പോഴും, ആഗോളീകരിക്കപ്പെടുന്ന ലോക വ്യവസ്ഥിതിയില്‍ തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകള്‍ തന്നെ പൌരാവകാശങ്ങളുടെയും, മനുഷ്യാവകാശങ്ങളുടെയും ധ്വംസകരാകുമ്പോള്‍ , ആ സാഹചര്യത്തെ ജുഡീഷ്യറി എങ്ങിനെ പ്രതിരോധിക്കണം എന്നതിന് അമേരിക്കന്‍ കോടതികള്‍ മികച്ച മാതൃകകള്‍ ലോകത്തിനു മുന്നില്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.

സമാനമായ ഭരണകൂട ജനവിരുദ്ധതകള്‍ അനുഭവിക്കുന്ന ജനത എന്ന നിലയില്‍ നാം നമ്മുടെ ജുഡീഷ്യറിയിലേക്ക് പ്രതീക്ഷകളോടെ നോക്കുകയും , നിരാശയോടെ നെടുവീര്‍പ്പിടുകയും ചെയ്യുന്നു . ജനാധിപത്യം അപകടത്തിലാകുമ്പോഴാണ് ജുഡീഷ്യറി കാവലാകേണ്ടത് . ജനാധിപത്യത്തിന്റെ ശവസംസ്‌ക്കാരത്തിനു ജുഡീഷ്യറിയെ ആവശ്യമില്ല ...

 

English summary
american judiciary indian judiciary

More News from this section

Subscribe by Email