Thursday May 24th, 2018 - 8:00:am
topbanner

ആലപ്പുഴ​​ ഗുണ്ടകളുടെ സ്വന്തം നാട്: നാളെ കത്തിക്കിരയാകുന്നത് ആരെന്നെ ആശങ്കയിൽ ഒരു നാട് !

NewsDesk
ആലപ്പുഴ​​ ഗുണ്ടകളുടെ സ്വന്തം നാട്: നാളെ കത്തിക്കിരയാകുന്നത് ആരെന്നെ ആശങ്കയിൽ ഒരു നാട് !

 സംസ്ഥാനത്തേത്ത് ഏറ്റവുമധികം ഗുണ്ടകളുള്ളത് ആലപ്പുഴയിൽ; 336 പേർ

ആലപ്പുഴ: ഒന്നരമാസത്തിനിടെ ഏഴു അരും കൊലകൾ. എല്ലാം ആലപ്പുഴ നഗരം മുതൽ ജില്ലയുടെ തെക്കൻ മേഖലകളിൽ. കൊല്ലപ്പെട്ടവരെല്ലാവരും 19നും 30 ഇടയ്ക്ക് പ്രായമുള്ളവർ. ആദ്യത്തെ മൂന്നു കൊലപാതകങ്ങൾ നടന്നത് പ്രതിപക്ഷനേതാവായ രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട്ടാണ്. മാർച്ച് ഏഴിന് ഭർത്താവിന്റെ ലഹരിഭ്രാന്തിൽ വെട്ടിക്കൊല്ലപ്പെട്ട സബിതയാണ് കൊലപാതക പരമ്പരയിലെ ഒടുവിലത്തെ ഇര. നാളെ കത്തിക്കിരയാകുന്നത് ആരെന്നെ ആശങ്കയിൽ പകച്ചു നിൽക്കുകയാണ് നാട്!

സംസ്ഥാനത്തേറ്റവുമധികം ഗുണ്ടകളുള്ളത് ആലപ്പുഴയിലാണെന്ന റിപ്പോർട്ടിനു പിന്നാലെ അടിക്കടി കൊലപാതകങ്ങൾ നടക്കുന്നത് അക്ഷരാർത്ഥത്തിൽ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. സിനിമാ കഥകളെ വെല്ലുന്ന രീതിയിലാണ് കൊലപാതകങ്ങൾ അരങ്ങേറിയത്. ഉല്ലാസ്, ജിഷ്ണു, സുമേഷ് എന്നിവരെ നാട്ടുകാരുടെ മുന്നിലിട്ട് മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു. ഇരുപതോളം മാരകമായ മുറിവുകളാണ് പലരുടേയും ദേഹത്തുണ്ടായിരുന്നത്. വെല്ലുവിളിയും അടിപിടിയുമായി നടന്ന യുവാക്കൾ ചെറിയ വഴക്കിനുപോലും കത്തിയെടുക്കുന്നത് സാധാരണ കാഴ്ചയായിരിക്കുകയാണ്.

  • അരുംകൊലകളുടെ നാൾവഴി

ജനുവരി 25: ഹരിപ്പാട് കരുവാറ്റയിൽ യൂത്ത്‌കോൺഗ്രസ് പ്രവർത്തകനായിരുന്ന ഉല്ലാസ് എന്ന ചെറുപ്പക്കാരനെ 19 വയസ്സുകാരനായ സന്ദീപ് ജനുവരി 25ന് കുത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. 31ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഉല്ലാസ് മരിച്ചു. കുത്തിയ ദിവസംതന്നെ പ്രതി ഹരിപ്പാട് സ്റ്റേഷനിൽ കീഴടങ്ങി.

 ഫെബ്രുവരി 10: ഉല്ലാസ് കൊലപാതകത്തിന് പകരം വീട്ടലെന്നോണം ഫെബ്രുവരി പത്തിന് ബൈക്കിൽ മുഖം മറച്ചെത്തിയ പത്തോളംപേരടങ്ങുന്ന സംഘം ഡി.വൈ.എഫ്.ഐ കരുവാറ്റ നോർത്ത് മേഖലാ ജോയിന്റ് സെക്രട്ടറി കരുവാറ്റ ജിഷ്ണു ഭവനത്തിൽ ജിഷ്ണുവിനെ (24) പട്ടാപ്പകൽ ഓടിച്ചിട്ട് വെട്ടിക്കൊന്നു. ഉല്ലാസിന്റെ കൊലപാതകത്തിൽ ജിഷ്ണുവിനു പങ്കുണ്ടെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ഉല്ലാസിന്റെ സുഹൃത്തുക്കളാണ് ജിഷ്ണുവിനെ കൊന്നത്. ഈ സംഭവത്തിൽ എട്ടുപ്രതികൾ പിടിയിലായി. ഒന്നാം പ്രതി സുധീഷ് ഒളിവിലാണ്.

 ഫെബ്രുവരി 11: കണ്ടല്ലൂർ കളരിക്കൽ ജംഗ്ഷന് സമീപം സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന മുതുകുളം കണ്ടല്ലൂർ തെക്ക് ശരവണ സദനത്തിൽ സുമേഷിനെ (30 ) രാത്രി കാറിലെത്തിയ അഞ്ചോളം വരുന്ന സംഘം ഓടിച്ചിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. സുമേഷ് സമീപത്തെ വയലിലേക്ക് ഓടി രക്ഷപ്പടാൻ ശ്രമിച്ചെങ്കിലും സംഘം പിന്തുടർന്ന് വെട്ടി. പിന്നീട് ഇവർ കാറിൽ രക്ഷപ്പെട്ടു. പതിനാലോളം ക്രിമിനൽ കേസുകളിൽ പ്രതിയായ സുമേഷ് ഗുണ്ടാനിയമ പ്രകാരം റിമാൻഡിലായിരുന്നു. രണ്ടു മാസം മുമ്പാണ് ഇയാൾ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. മുൻവൈരാഗ്യത്തിന്റെ പേരിൽ സുമേഷിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. പ്രതികൾ എല്ലാവരും അറസ്റ്റിൽ.

 മാർച്ച് രണ്ട്: വസ്തു തർക്കത്തെത്തുടർന്ന് ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊന്നു. ചെന്നിത്തല കാരാഴ്മ മുതലശേരി വീട്ടിൽ പരേതനായ ജനാർദ്ദനന്റെ മകന്‍ ബാബുരാജ് (48) ആണ് മരിച്ചത്. സഹോദരൻ മുരളീധരനെ പൊലീസ് അറസ്റ്റു ചെയ്തു.

 മാർച്ച് മൂന്ന്: ആലിശേരി ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സ്റ്റേജ് പരിപാടിയുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് വലിയകുളം തൈപ്പറമ്പ് വീട്ടിൽ നൗഷാദിന്റെ മകൻ മുഹ്‌സീൻ(19) കുത്തേറ്റു മരിച്ചു. രാത്രി 12 മണിയോടെ നടന്ന കൂട്ടയടിക്കിടെ സ്ക്രൂ ഡ്രൈവർ കൊണ്ടുള്ള കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ മുഹ്സിൻ പുലർച്ചെയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. സംഭവത്തിൽ നാലുപേർ അറസ്റ്റിലായി.

 മാർച്ച് ആറ്: ബന്ധുക്കൾ തമ്മിലുളള തർക്കത്തിനിടെ കരുവാറ്റ സ്വദേശി സുജിത്ത് (29) വെട്ടേറ്റു മരിച്ചു. വീടിനു സമീപത്തെ പറമ്പിൽ രാത്രിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് ചോദ്യം ചെയ്തതിൽ കുപിതനായ യുവാവ് വീട്ടിലേക്കു കയറുകയായിരുന്ന സുജിത്തിന്റെ പിന്നാലെയെത്തി തലയ്ക്കു വെട്ടുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

 മാർച്ച് ഏഴ്: കുടുംബവഴക്കിനിടെ യുവതി കുത്തേറ്റുമരിച്ചതാണ് കൊലപാതക പരമ്പരയിൽ ഏറ്റവും അവസാനത്തേത്. പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാർഡ് ഇടവഴിക്കൽ വീട്ടിൽ സബിതയെ (28) കുടുംബ വഴക്കിനിടെ അമിതമായി ലഹരിക്കടിമയായ ഭർത്താവ് കഴുത്തിന് വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ഭർത്താവ് സന്ദീപ് എന്ന സൽമാനെ (36) പൊലീസ് അറസ്റ്റ് ചെയ്തു. അടുക്കള ഭാഗത്ത് വെട്ടേറ്റ് കിടന്ന സബിതയെ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അലി (ഏഴ്) ഏക മകനാണ്.
..........................................................

  • സർവത്ര ക്വട്ടേഷൻ

ഗുണ്ടകളുടെ കാര്യത്തിൽ മെട്രോ നഗരമായ കൊച്ചിയേയും രാഷ്ട്രീയ അതിക്രമങ്ങളുടെ ഈറ്റിലല്മായ കണ്ണൂരിനെയും ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്തേയും കടത്തിവെട്ടിയിരിക്കുകയാണ് ആലപ്പുഴ. നിലം നികത്തൽ, കരിമണൽ ഖനനം, മണൽ കടത്തൽ, ലഹരിമരുന്നുവിൽപ്പന, കള്ളിൽ സ്പിരിറ്റ് ചേർക്കൽ തുടങ്ങി അതിർത്തി തർക്കം ഒത്തുതീർപ്പാക്കാനും രാഷ്ട്രീയ പകരംവീട്ടലിനും വരെ ഗുണ്ടകളെ ഉപയോഗിക്കുന്നു. ഹരിപ്പാട്, തൃക്കുന്നപ്പുഴ തുടങ്ങി ജില്ലയുടെ തെക്കൻമേഖലകളിലാണ് ഗുണ്ടകളുടെ താവളം. ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്ക് ക്വട്ടേഷനു പോകുന്ന ഗുണ്ടകളും ഉണ്ട്. ഗുണ്ടകളുടെ വളർച്ചയ്ക്ക് പിന്നിൽ രാഷ്ട്രീയക്കാരുടെ ഒത്താശയുണ്ടെന്നാണ് ആരോപണം.

  • ഗുണ്ടയാകാൻ യുവാക്കൾ

 വൻപ്രതിഫലം കിട്ടുമെന്നതാണ് യുവാക്കളെ ക്വട്ടേഷൻ പണിയിലേക്ക് ആകർഷിക്കുന്നത്.
 മദ്യവും മറ്റ് ലഹരിമരുന്നുകളും സുലഭമെന്നതും പ്രലോഭനമാണ്.
 ആക്ഷൻ സിനിമകളിൽ ആകൃഷ്ടരായവർ ഗുണ്ടകളുടെ ഫാന്റസി ലോകത്തേക്ക് ആകർഷിക്കപ്പെടുന്നു.
 പത്താംക്ളാസിലെ പയ്യൻമാർക്കിടയിലെ വാക്കുതർക്കങ്ങൾ പോലും അടിപിടിയിലും കത്തിക്കുത്തിലുമാണ്                     അവസാനിക്കുന്നത്.
 ബൈക്കിൽ പേനാക്കത്തി ഉൾപ്പെടെയുള്ള ആയുധങ്ങൾ കരുതുന്നതാണ് ഇപ്പോഴത്തെ ടീനേജ് സ്റ്റൈൽ.
 പൊലീസ് കേസുകളിൽപെടുന്നത് ഇത്തരക്കാർക്ക് അഭിമാനമാണ്.
 കേസുകളിൽപെട്ടാലും ജയിലിലാകാതെ സംരക്ഷിക്കാൻ രാഷ്ട്രീയക്കാരെത്തുമെന്നത് കൂടുതൽപേരെ ക്വട്ടേഷൻ  സംഘങ്ങളിലെത്തിക്കുന്നു.

Read more topics: alappuzha, quotation team,
English summary
alappuzha quotation team kearla first

More News from this section

Subscribe by Email