Tuesday November 20th, 2018 - 7:41:pm
topbanner

കുട്ടനാടൻ കള്ളു കൊള്ളാം; പക്ഷെ ഇവിടെ നടക്കുന്നത് കൊള്ള

NewsDesk
കുട്ടനാടൻ കള്ളു കൊള്ളാം; പക്ഷെ  ഇവിടെ നടക്കുന്നത് കൊള്ള

ആലപ്പുഴ: കുട്ടനാടന്‍ കള്ള് ഏറെ പ്രസിദ്ധമാണ്. അതുകൊണ്ടു തന്നെ കള്ളുകുടിക്കാന്‍ മാത്രമായി കുട്ടനാട്ടിലേക്ക് എത്തുന്നവരും അനവധിയാണ്. വര്‍ധിച്ച കള്ള് വില്‍പ്പനക്കൊപ്പം കുട്ടനാട്ടില്‍ അനധികൃത ഇടപാടുകളിലൂടെ മറിയുന്നത് ലക്ഷങ്ങളാണ്. കള്ളുഷാപ്പുകളുടെ വില്‍പന മുതല്‍ കൃത്രിമ കള്ളിന്റെ വിതരണം വരെ വന്‍ അഴിമതിയാണ് നടന്നുവരുന്നത്. ബിനാമി ഇടപാടുകളിലൂടെ ഷാപ്പുകളുടെ വില്‍പനകള്‍ നടത്തുന്ന മാഫിയകള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളവരുമായും ചില രാഷ്ട്രീയ നേതാക്കളുമായൊക്കെ ബന്ധമുണ്ട്.

കുട്ടനാട് റേഞ്ചിന്റെ തെക്കന്‍ മേഖലയില്‍ ഒരു ഗ്രൂപ്പിന്റെ ലൈസന്‍സ് ഉള്ളയാള്‍ മുന്‍ ചെത്ത് തൊഴിലാളിയും ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്നയാളുമാണ്. ഇയാള്‍ ലഹരികള്ള് വില്‍പ്പനയുടെ പേരില്‍ അടുത്തിടെ അറസ്റ്റിലായിരുന്നു.

ഇയാളെ ബിനാമിയാക്കി ഒരു പ്രമുഖ അബ്കാരിയാണ് പ്രവര്‍ത്തിക്കുന്നത്. ഗ്രൂപ്പിന് കീഴിലുള്ള കള്ളുഷാപ്പുകള്‍ 2002ലെ കേരള അബ്കാരി ഷോപ്‌സ് ഡിസ്‌പോസല്‍ ആക്ടിന് വിരുദ്ധമായി മറിച്ച് വില്‍പന നടത്തിവരികയുമാണ്.

2009-'10 സാമ്പത്തികവര്‍ഷം മുതല്‍ തുടര്‍ന്ന് വരുന്ന മറിച്ചുവില്‍പനയിലൂടെ ഇയാള്‍ ദശലക്ഷക്കണക്കിന് രൂപ സമ്പാദിച്ചിട്ടുണ്ട്. ഓരോ ഷാപ്പുകളും ഒരു ലക്ഷം രൂപ മുതല്‍ നാല് ലക്ഷം രൂപയ്ക്ക് വരെയാണ് മറിച്ച് വില്‍പന നടത്തുന്നത്. ഈ നിയമവിരുദ്ധ ഇടപാടിലൂടെ സര്‍ക്കാരിനും എക്‌സൈസ് വകുപ്പിനും ഭീമമായ നഷ്ടമാണ് സംഭവിക്കുന്നത്.

മേഖലയിലെ പല ഷാപ്പുകളിലും കലക്ക് കള്ളും പഞ്ചസാര ചേര്‍ത്ത മധുരക്കള്ളും സുലഭമാണ്. പലതവണ എക്‌സൈസും പോലീസും കേസെടുത്തിട്ടുണ്ടെങ്കിലും തൊണ്ടിസാധനങ്ങളും സാമ്പിളുകളും കൃത്യമായി കോടതിയില്‍ എത്തിക്കാത്തതിനാല്‍ പ്രതികള്‍ രക്ഷപ്പെടുകയാണ്.

കഴിഞ്ഞ ഡിസംബര്‍ രണ്ടിന് വ്യാജക്കള്ള് വിറ്റതിന് എക്‌സൈസ് കമ്മിഷന്‍ ഓഫീസില്‍ നിന്നും ഉന്നതോദ്യോഗസ്ഥര്‍ കേസെടുത്ത് ഏക്‌സൈസ് റേഞ്ച് ഓഫീസിലേക്ക് കൈമാറിയ സംഭവമുണ്ടായി.

എന്നാല്‍ തൊണ്ടി സാധനങ്ങളും സാമ്പിളുകളും യഥാസമയം കോടതിയില്‍ എത്തിയില്ലെന്ന് ആക്ഷേപമുണ്ടായി. ബിനാമി ലൈസന്‍സിയേയും ഒരു മാനേജുമെന്റ് സ്റ്റാഫിനേയും മാത്രമാണ് ഇതില്‍ പ്രതിയാക്കിയത്. വമ്പന്മാരെ ബോധപൂര്‍വം ഒഴിവാക്കിയതിനു പിന്നില്‍ വന്‍ തുകയുടെ ഇടപാട് നടന്നുവെന്ന വിമര്‍ശനവും ശക്തമാണ്.

ഡിസംബര്‍ രണ്ടിന് പിടികൂടിയ വ്യാജക്കളളിന്റെ സാമ്പിള്‍ കഴിഞ്ഞ 27നാണ് രാസ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ കെമിക്കല്‍ ലാബിലേക്ക് അയച്ചത്. ഇക്കാര്യത്തിലുണ്ടായ കാലതാമസം സംബന്ധിച്ച് എക്‌സൈസ് ഉദ്യോഗസ്ഥരോട് കോടതിയും വിശദീകരണം ആരാഞ്ഞിട്ടുണ്ട്.

Read more topics: alappuzha, kuttanad, toddy,
English summary
alappuzha kuttanad toddy items
topbanner

More News from this section

Subscribe by Email