topbanner
Thursday August 17th, 2017 - 1:17:pm
topbanner

ആലപ്പുഴയ്ക്ക് ഇന്നും കൈമാറ്റ സമ്പ്രദായം നിലനിര്‍ത്തി ഷാജിയുടെ കച്ചവടം

suvitha
 ആലപ്പുഴയ്ക്ക് ഇന്നും കൈമാറ്റ സമ്പ്രദായം നിലനിര്‍ത്തി ഷാജിയുടെ കച്ചവടം

നതാഷ 

ആലപ്പുഴ: ഒരു രാത്രിയില്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവായപ്പോഴും അത് ഷാജിയുടെ കച്ചവടത്തെ ബാധിച്ചിരുന്നില്ല. ചില്ലറ ക്ഷാമവും തടസമായില്ല. കച്ചവടത്തിനായി നോട്ടുകള്‍ ഉപയോഗിക്കുന്ന സമ്പ്രദായം നിലവില്‍ വന്നിട്ട് നാളുകള്‍ ഏറെയായെങ്കിലും ഇന്നും കൈമാറ്റ കച്ചവടത്തിലൂടെ (ബാര്‍ട്ടര്‍ സിസ്റ്റം) ജീവിക്കുന്നവരും കേരളത്തിലുണ്ട്.

അന്യം നിന്നുകൊണ്ടിരിക്കുന്ന അത്തരം സമ്പ്രദായത്തെ നിലനിര്‍ത്തുകയാണ് ആലപ്പുഴ നഗരസഭ ഒന്‍പതാം വാര്‍ഡില്‍ താമസിക്കുന്ന ഷാജി ഹസ്സന്‍ കുഞ്ഞ്. പുന്നമട, കുട്ടനാട്, മണ്ണഞ്ചേരി, കായല്‍ മേഖലകളായ സി ബ്ലോക്ക്, ആര്‍ ബ്ലോക്ക് എന്നിവിടങ്ങളിലാണ് ഷാജിയുടെ കച്ചവടം.

തടിവള്ളമാണ് ഇടത്തോടുകളും കായലും കടന്നുള്ള കച്ചവടത്തിനായി ഷാജി ഉപയോഗിക്കുന്നത്. രാവിലെ ആറ് മണിക്ക് തുടങ്ങുന്ന വ്യാപാരത്തില്‍ നിത്യോപയോഗ സാധനങ്ങളും, വീട്ടിലേക്ക് വേണ്ട മറ്റ് സാധനങ്ങളുമാണ് വില്‍പ്പന നടത്തുന്നത്. വിറ്റ സാധനത്തിന് പകരം ലഭിക്കുന്നത് അതേ മൂല്യമുള്ള മറ്റൊരു വസ്തുവായിരിക്കും.

കഴിഞ്ഞ ദിവസം ആലപ്പുഴ പള്ളാത്തുരുത്തിയില്‍ രാവിലെ നടന്ന കച്ചവടത്തില്‍ സോഫിയ എന്ന സ്ത്രീ മുട്ടയും, സുധീര്‍കോയ എന്നയാള്‍ പാക്കും നല്‍കിയാണ് സാധനങ്ങള്‍ വാങ്ങിയത്. ഒരു മുട്ടയ്ക്ക് 6 രൂപ, 100 പാക്കിന് 70 രൂപ എന്ന കണക്കില്‍ തുല്യമായ വില വരുന്ന പാത്രങ്ങളും, മറ്റുമാണ് വില്പന നടത്തിയത്. ഒറ്റത്തവണയ്ക്ക് പകരം മുട്ട ഉള്‍പ്പടെയുള്ളവ നാലും, അഞ്ചും തവണകളായി നല്‍കുന്ന പതിവുമുണ്ട്.

ചിലര്‍ പകുതി വിലയ്ക്ക് നോട്ടുകള്‍ നല്‍കിയ ശേഷം ബാക്കി തുകയ്ക്കാണ് കൈമാറ്റ കച്ചവടം നടത്തുന്നത്. കോഴിമുട്ട, ആക്രി സാധനങ്ങള്‍, പാക്ക് മുതലായവയാണ് സാധാരണ രീതിയില്‍ നോട്ടുകള്‍ക്ക് പകരമായി നല്‍കുന്നത്.
പണ്ടുകാലത്ത് കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നെല്ലും, പച്ചക്കറികളും കൈമാറ്റ വസ്തുക്കളായിരുന്നു. നെല്ല് സംഭരിക്കാനുള്ള സംവിധാനങ്ങള്‍ നടപ്പായതോടെയാണ് കാര്‍ഷിക ഉത്പന്നങ്ങളുടെ കൈമാറ്റം നിലച്ചത്.

നെല്‍വയലുകളില്‍ പണിയെടുക്കുന്ന സ്ത്രീകളായിരുന്നു പ്രധാന ഉപഭോക്താക്കള്‍. അന്ന് നേരം വൈകിയും കച്ചവടം നടന്നിരുന്നതായി ഷാജി പറയുന്നു. കൊയ്ത്തിനും മറ്റുമായി യന്ത്രങ്ങള്‍ വന്നതോടെ ഇപ്പോള്‍ നെല്‍വയലുകള്‍ക്ക് സമീപത്ത് നിന്ന് സാധാനം വാങ്ങാന്‍ സ്ത്രീകളില്ലാതെയായി. പകരം വ്യാപാര സ്ഥാപനങ്ങളില്ലാത്ത ഇടത്തോടുകളിലൂടെയും കായലിന് നടുവിലെ തുരുത്തുകളിലുമായി കച്ചവടം ചുരുങ്ങിയിരിക്കുകയാണ്. വാങ്ങുന്ന സാധനങ്ങള്‍ ചന്തയിലെത്തിച്ച് വില്‍ക്കുകയാണ് പതിവ്.

ഇപ്പോള്‍ ആഴ്ചയില്‍ മൂന്ന് തവണ മാത്രമാണ് കച്ചവടത്തിനായി ഷാജി വള്ളം തുഴയുന്നത്. അഞ്ച് വര്‍ഷം മുമ്പ് വരെ 15നു മുകളില്‍ കച്ചവടക്കാരുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് ഷാജിയും സമീപ സ്ഥലത്തുള്ള സിയാദ് എന്നയാളും മാത്രമാണ് ഈ രീതിയില്‍ കച്ചവടം നടത്തുന്നത്. കൈമാറ്റക്കച്ചവടം അന്യമാക്കുമ്പോഴും ഷാജി വള്ളവുമായി മുന്നോട്ട് പോവുകയാണ്..

Read more topics: alappuzha, barter system, shaji
English summary
barter system existed in alappuzha, who the seller shaji
topbanner topbanner

More News from this section

Subscribe by Email