Thursday April 26th, 2018 - 11:14:am
topbanner

കലിയടങ്ങാതെ കത്തികൾ, യുവാക്കളുടെ ചോരയിൽ ചുവന്ന് വിപ്ളവ മണ്ണ്

NewsDesk
കലിയടങ്ങാതെ കത്തികൾ, യുവാക്കളുടെ ചോരയിൽ ചുവന്ന് വിപ്ളവ മണ്ണ്

നതാഷ

ആലപ്പുഴ: കലിപൂണ്ട കൊലകത്തികൾ ജില്ലയുടെ തലങ്ങും വിലങ്ങും പായുന്നു. ഉത്സവങ്ങൾ ഉൾപ്പെടെയുള്ള ആഘോഷവേളകൾ കൊലപാതകങ്ങൾക്ക് വേദിയാകുന്നു. ചെറിയ തർക്കങ്ങൾക്ക് പോലും കൊലകത്തിയെടുക്കുകയാണ് യുവാക്കൾ. കഴിഞ്ഞ മൂന്നുമാസത്തിനിടെ ആലപ്പുഴയിലിത് എട്ടാമത്തെ അരുംകൊല. ഇക്കുറി ഇരയായത് ചേർത്തല പട്ടണക്കാട് സ്വദേശി അനന്തു അശോകൻ എന്ന പ്ളസ് ടു വിദ്യാർത്ഥി. 17 വയസു പ്രായം. ബി.ജെ.പി അനുഭാവിയായ അനന്തു പ്ളസ് ടുവിലെത്തിയതോടെ എസ്.എഫ്.ഐക്കാരനായതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

സഹപാഠികളായ പത്തോളം ആർ.എസ്.എസ് പ്രവർത്തകർ ഉത്സവ സ്ഥലത്തിട്ട് അനന്തുവിനെ ചവിട്ടി കൊല്ലുകയായിരുന്നു. കോൺഗ്രസ് അനുഭാവിയായ അശോകനാണ് അനന്തുവിന്റെ പിതാവ്. ഇതോടെ സി.പി.എമ്മും കോൺഗ്രസും രാഷ്ട്രീയ മുതലെടുപ്പിന് രംഗത്തെത്തി കഴിഞ്ഞു. എന്നാൽ സ്കൂളിലെ തർക്കമാണ് കൊലയ്ക്കു പിന്നിലെന്നും സി.പി.എമ്മിന്റെ പൊലീസ് ആർ.എസ്.എസ് പ്രവർത്തകരെ അകാരണമായി അറസ്റ്റു ചെയ്യുകയുമാണെന്നാണ് സംഘപരിവാർ സംഘടനകളുടെ ഭാഷ്യം. ജില്ലയിൽ നാളെ (വെള്ളി) എൽ.ഡി.എഫ്, കോൺഗ്രസ് സംയുക്ത ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്.

ജില്ലയുടെ തെക്കൻ മേഖലകളിലായിരുന്നു ഇതുവരെയുള്ള ഏഴ് കൊലപാതകങ്ങൾ നടന്നത്. അനന്തു ഉൾപ്പെടെ കൊല്ലപ്പെട്ടവരെല്ലാവരും യുവാക്കൾ.  ഹരിപ്പാട് കരുവാറ്റയിൽ യൂത്ത്‌കോൺഗ്രസ് പ്രവർത്തകനായിരുന്ന ഉല്ലാസ് എന്ന ചെറുപ്പക്കാരനെ 19 വയസ്സുകാരനായ സന്ദീപ് ജനുവരി 25ന് കുത്തിയതോടെയാണ് കൊലപാതക പരമ്പരയ്ക്ക് തുടക്കമാകുന്നത്. ഇതിന് പകരം വീട്ടലെന്നോണം ഫെബ്രുവരി പത്തിന് ബൈക്കിൽ മുഖം മറച്ചെത്തിയ പത്തോളംപേരടങ്ങുന്ന സംഘം കരുവാറ്റ ജിഷ്ണു ഭവനത്തിൽ ജിഷ്ണുവിനെ (24) പട്ടാപ്പകൽ ഓടിച്ചിട്ട് വെട്ടിക്കൊന്നു.

കണ്ടല്ലൂർ കളരിക്കൽ ജംഗ്ഷന് സമീപം സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന മുതുകുളം കണ്ടല്ലൂർ തെക്ക് ശരവണ സദനത്തിൽ സുമേഷിനെ (30 ) രാത്രി കാറിലെത്തിയ അഞ്ചോളം വരുന്ന സംഘം ഓടിച്ചിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. ഫെബ്രുവരി 11നായിരുന്നു ഇത്. സുമേഷ് സമീപത്തെ വയലിലേക്ക് ഓടി രക്ഷപ്പടാൻ ശ്രമിച്ചെങ്കിലും സംഘം പിന്തുടർന്ന് വെട്ടി.

പിന്നീട് ഇവർ കാറിൽ രക്ഷപ്പെട്ടു. മുൻവൈരാഗ്യത്തിന്റെ പേരിൽ സുമേഷിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. പ്രതികൾ എല്ലാവരും അറസ്റ്റിലായി.  മാർച്ച് രണ്ടിന് വസ്തു തർക്കത്തെത്തുടർന്ന് ചെന്നിത്തല കാരാഴ്മ മുതലശേരി വീട്ടിൽ ബാബുരാജിനെ (48) അനുജൻ മുരളീധരൻ കുത്തികൊന്നു.

മൂന്നിന് ആലിശേരി ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സ്റ്റേജ് പരിപാടിയുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് വലിയകുളം തൈപ്പറമ്പ് വീട്ടിൽ മുഹ്‌സീൻ(19) കുത്തേറ്റു മരിച്ചു. രാത്രി 12 മണിയോടെ നടന്ന കൂട്ടയടിക്കിടെ സ്ക്രൂ ഡ്രൈവർ കൊണ്ടുള്ള കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ മുഹ്സിൻ പുലർച്ചെയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരിക്കുകയായിരുന്നു.

ആറാം തിയതി ബന്ധുക്കൾ തമ്മിലുളള തർക്കത്തിനിടെ കരുവാറ്റ സ്വദേശി സുജിത്ത് (29) വെട്ടേറ്റു മരിച്ചു. പിറ്റേന്ന് കുടുംബവഴക്കിനിടെ പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാർഡ് ഇടവഴിക്കൽ വീട്ടിൽ സബിതയെ (28) ലഹരിക്കടിമയായ ഭർത്താവ് കഴുത്തിന് വെട്ടികൊലപ്പെടുത്തി.

മാസംതോറും നടക്കുന്ന കൊലപാതകങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ പകപോക്കലുകളാണെന്ന അണിയറ സംസാരങ്ങളേറുന്നു. അനന്തുവിന്റെ കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ് , ബി.ജെ.പിയുടെ മുൻവൈരാഗ്യമാണെന്നാണ് നാട്ടിലെ സംസാരം. ഇതുപോലെ ജില്ലയിലെപല കൊലപാതകങ്ങൾക്ക് പിന്നിലും രാഷ്ട്രീയത്തിന്റെ കരങ്ങൾ ആരോപിക്കപ്പെടുന്നു. ഇതെപ്പറ്രി രാഷ്ട്രീയ നേതാക്കൾ പ്രതികരിക്കുന്നു.

saji-cheriyan-cpm-alappuzhaസജി ചെറിയാൻ, സി.പി.എം ജില്ലാ സെക്രട്ടറി
കഴിഞ്ഞ മാസങ്ങളിൽ അഞ്ചു കൊലപാതകങ്ങൾക്ക് പിന്നിൽ ബി.ജെ.പി- കോൺഗ്രസ് പാർട്ടികൾ ഉൾപ്പെടുന്ന പ്രത്യേക സംഘത്തിന്റെ ഗൂഢാലോചനയാണ്. ഗുണ്ടാ ക്വട്ടേഷൻ മാഫിയയെ ഉപയോഗിച്ചും പാർട്ടി പ്രവർത്തകരെ ഉപയോഗിച്ചും സംഘം ഇടതുപക്ഷ പ്രവർത്തകരുടെ മേൽ കൊലകത്തി വീശുകയാണ്.

ഇത്തരം അക്രമങ്ങളിലൂടെ എൽ.ഡി.എഫ് സർക്കാരിനെ ദുർബലപ്പെടുത്താമെന്നും ഭരണവിരുദ്ധ വികാരം സൃഷ്ടിക്കാനുമാണ് നീക്കം. ഈ വസ്തുത ജനങ്ങൾ മനസിലാക്കണം. ഇവരെ ഒറ്റപ്പെടുത്തണം. ഇത്തരം അക്രമങ്ങളിൽ ഇടതുപക്ഷ പാർട്ടികൾക്ക് യാതൊരു പങ്കുമില്ലെന്ന സത്യം പൊതുസമൂഹത്തെ ബോദ്ധ്യപ്പെടുത്തും.

k-soman-bjp-alappuzhaകെ. സോമൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ്
ജില്ലയിൽ ഇതേവരെ ആലോചിച്ച് ഉറപ്പിച്ച അതിക്രമങ്ങളൊന്നും ബി.ജെ.പി- ആർ.എസ്.എസ് സംഘടനകൾ നടത്തിയിട്ടില്ല. മറിച്ചുള്ള ആരോപണങ്ങൾക്ക് പിന്നിൽ സംഘപരിവാർ സംഘടനകളെ മനപൂർവ്വം കരിതേച്ച് കാണിക്കാനുള്ള സി.പി.എമ്മിന്റെ ശ്രമമാണ്. അനന്തുവിന്റെ കൊലപാതകത്തിന് പിന്നിൽ സ്കൂളിലെ വിഷയങ്ങളാണ്.

സി.പി.എമ്മിന്റെ പൊലീസ് ആർ.എസ്.എസ് പ്രവർത്തകരെ പ്രതിചേർത്തതാണ്. ഹർത്താൽ ആഹ്വാനം ചെയ്തതിലൂടെ ജില്ലയിലെ കലാപ സാദ്ധ്യത ഉപയോഗപ്പെടുത്താനാണ് സി.പി.എമ്മിന്റെ ശ്രമം. തങ്ങളുടെ പ്രവർത്തകന്റെ മകനാണെന്ന പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ശരിക്കും പരിഹാസ്യകരമാണ് സ്ഥിതി.

m-liju-udf-alappuzhaഅഡ്വ. എം. ലിജു , ഡി.സി.സി പ്രസിഡന്റ്
ഉത്സവങ്ങൾ അടക്കമുള്ള ആഘോഷങ്ങളോടനുബന്ധിച്ചാണ് സംഘർഷങ്ങളും കൊലപാതകങ്ങളും അരങ്ങേറുന്നത്. പൊലീസിന്റെ അനാസ്ഥയാണ് ഒരു പരിധിവരെ കാരണം. സി.പി.എം, ആർ.എസ്.എസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ ക്രിമിനലുകളെ സ്പോൺസർ ചെയ്യുന്ന സംഘടനകളായി മാറിയിരിക്കുകയാണ്.

മുഹ്സീൻ, അനന്തു എന്നിവരുടെ മരണത്തിന് പിന്നിൽ ആർ.എസ്.എസിന്റെ കരങ്ങളാണ്. കരുവാറ്റയിലെ കൊലപാതകത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമാണ്. ഇവർക്ക് പിന്നിലും രാഷ്ട്രീയ പാർട്ടികളുണ്ട്. ഇത് മൂലം പൊലീസ് പലപ്പോഴും നിഷ്ക്രിയരാകുന്നു. ആഭ്യന്തരവകുപ്പ് പൂർണ പരാജയമാണെന്നതിന് തെളിവാണിത്.

 

Read more topics: alappuzha, Political, murder,
English summary
alappuzha Political murders capital in kerala now

More News from this section

Subscribe by Email