Tuesday May 22nd, 2018 - 9:08:pm
topbanner

നടിക്കെതിരായ ആക്രമണം ഒറ്റപ്പെട്ടതല്ല പാര്‍ട്ടി സെക്രട്ടറി; സര്‍ക്കാറിന്‍റെ അലംഭാവം..ഇതാ വസ്തുതകള്‍

NewsDesk
നടിക്കെതിരായ ആക്രമണം ഒറ്റപ്പെട്ടതല്ല പാര്‍ട്ടി സെക്രട്ടറി; സര്‍ക്കാറിന്‍റെ അലംഭാവം..ഇതാ വസ്തുതകള്‍

കൊച്ചി: കൊച്ചിയില്‍ യുവനടിക്ക് നേരെ ആക്രമണത്തിന് ശേഷം ഏറ്റവും നിരുത്തരവാദിത്വത്തോടെ പ്രസ്താവന നടത്തിയത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനായിരുന്നു. ഇത് ഒരു ഒറ്റപ്പെട്ട സംഭവം എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. എന്നാല്‍ നടിക്കെതിരായ ആക്രമണം ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും അതില്‍ സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും വ്യക്തമായ വീഴ്ച ഉണ്ടായിട്ടുണ്ടെന്നുമാണ് ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. നടിക്കെതിരായ ആക്രമണം നടത്തിയത് ക്വട്ടേഷന്‍ ഗുണ്ട ഗ്യാങ്ങാണെന്ന് വ്യക്തമാകുമ്പോഴാണ് എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ച കൊച്ചിയിലെ ഗുണ്ട വിരുദ്ധ സ്ക്വാഡിനെ സര്‍ക്കാര്‍ നിര്‍വീര്യമാക്കിയ കാര്യം വെളിച്ചത്ത് എത്തുന്നത്. പാര്‍ട്ടി സെക്രട്ടറി അറിയേണ്ടത് ഇതാണ് സര്‍ക്കാറിനും പങ്കുണ്ട് ഈ ഒറ്റപ്പെട്ട സംഭവത്തില്‍.

നാലു മാസം മുൻപാണ് സിറ്റിയില്‍ ഗുണ്ടകളെയും ഗുണ്ടാ പ്രവര്‍ത്തനങ്ങളെയും അമര്‍ച്ച ചെയ്യുന്നതിന് ‘സിറ്റി ടാസ്‌ക് ഫോഴ്‌സ്’ എന്ന പേരില്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചത്. കൊച്ചി റേഞ്ച് ഐ.ജി എസ്. ശ്രീജിത്തിന്റെ കീഴില്‍ പൊലീസ് ഡെപ്യൂട്ടി കമീഷണര്‍ ഡോ. അരുള്‍ ആര്‍.ബി കൃഷ്ണയുടെ ഉത്തരവാദിത്വത്തിലാണ് സംഘം പ്രവര്‍ത്തിച്ചത്. ആദ്യഘട്ടത്തില്‍ 15 പോലീസ് ഓഫീസർമാർ അടങ്ങിയ സംഘം കൊച്ചിയിലെ മയക്കുമരുന്ന് മാഫിയയെക്കുറിച്ചും ക്വട്ടേഷൻ സംഘങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തി. അറസ്റ്റിലായ ഗുണ്ടകളെയോ ക്രിമിനൽ പശ്ചാത്തലമുള്ളവരെയോ രക്ഷപ്പെടുത്താനായി രാഷ്ട്രീയ പ്രവർത്തകരോ മറ്റു നേതാക്കളോ ആര് തന്നെ എത്തിയാലും വെറുതെ വിടേണ്ടതില്ലെന്നും ഐജി നിർദ്ദേശം നൽകിയിരുന്നു.

കൊച്ചിയിൽ പോലീസിന്റെ ഗുണ്ടാ വിരുദ്ധ ടാസ്ക് ഫോഴ്സ് പണി തുടങ്ങിയപ്പോൾ ആദ്യം കുടുങ്ങിയത് സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറിയാണ്. ഗുണ്ടാ പ്രവർത്തനങ്ങളിൽ സഹായിച്ചെന്ന കുറ്റത്തിനാണു കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെതിരെ ഗുണ്ടാ ആക്ട് പ്രകാരം പാലാരിവട്ടം പോലീസ് കേസെടുത്തത്. തൊട്ടു പിന്നാലെ ഭൂമി ഇടപാട് കേസിൽ കോൺഗ്രസ്സും നേതാവും കുടുങ്ങി.

അഴിമതിക്ക് കൂട്ടുനിന്ന രാഷ്ട്രീയ പ്രവർത്തകനെന്ന നിലയിൽ സക്കിർ ഹുസൈനെതിരെ കടുത്ത നിലപാടാണ് പാർട്ടി നേതൃത്വം സ്വീകരിച്ചത്. രാഷ്ട്രീയ പ്രവർത്തകന് എന്തിനാണ് ഗുണ്ടാ ബന്ധമെന്ന് ചോദിച്ച മുഖ്യമന്ത്രി സക്കീർ ഹുസൈന് ഒരു തരത്തിലും ജാമ്യം അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു. മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഗുണ്ടകള്‍ക്കും ഗുണ്ടാ സംഘങ്ങള്‍ക്കും എതിരായ നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും സക്കീര്‍ ഹുസൈന് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിച്ച്‌ കേസ് അട്ടിമറിക്കാന്‍ ഇടയാക്കുമെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്.

വെണ്ണല സ്വദേശിയും വ്യവസായിയുമായ ജൂബ് പൗലോസിനെ ഗുണ്ടകളെ ഉപയോഗിച്ചു തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയെന്നായിരുന്നു സിപിഎം നേതാവ് വി.എ. സക്കീര്‍ ഹുസൈനെതിരായ കേസ്. കേസിലെ നാലാം പ്രതിയായ ഷീല തോമസുമായി ചേര്‍ന്നു 35 ലക്ഷം രൂപ ബാങ്ക് വായ്പയെടുത്ത് ഒരു വ്യവസായ സ്ഥാപനം ആരംഭിച്ചെന്നും പിന്നീടു സ്ഥാപനത്തിന്‍റെ പൂര്‍ണാവകാശം അവര്‍ക്കു വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ടു സക്കീര്‍ ഹുസൈനും കൂട്ടരും തന്നെ ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണു മുന്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ കൂടിയായ ജൂബ് പൗലോസ് മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കിയത്. ഒക്ടോബര്‍ 27 ജൂബ് പൗലോസിന്റെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പാലാരിവട്ടം പോലീസ് സക്കീര്‍ ഹുസൈനെതിരേ കേസെടുത്തു.

മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ സക്കിർ ഹുസൈൻ സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിലെത്തി കീഴടങ്ങുകയും ചെയ്തു. പിന്നീട് കേസിന്റെ കൂടുതൽ അന്വേഷണങ്ങൾക്കായി പോലീസ് ടാസ്ക് ഫോഴ്‌സിനെ ചുമതലപ്പെടുത്തുകയും ചെയ്തു. മുഖ്യമന്ത്രി തന്നെ നേരിട്ട് രൂപം കൊടുത്ത പോലീസ് ടാസ്ക് ഫോഴ്സ് അന്വേഷണം ശക്തമാക്കി. ഗുണ്ടാ വിളയാട്ടം അവസാനിപ്പിക്കുന്നതിന് ഭാഗമായി സംഘം കൊച്ചിയിലെ മയക്കുമരുന്ന് മാഫിയയെക്കുറിച്ചും ക്വട്ടേഷൻ സംഘങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തി. ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും കാപ്പ ചുമത്തപ്പെട്ടതുമായ 40 ഓളം പേരെ പ്രത്യേകം നിരീക്ഷിച്ചു. ഇതിന്റെ ഭാഗമായി വിവിധ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ 70 ഓളം പേരെ അറസ്റ്റ് ചെയ്തു ശക്തമായ താക്കീതു നൽകി വിട്ടയച്ചു. നവംബര്‍ ഏഴിന് കേസന്വേഷണം കൊച്ചി സിറ്റി ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മീഷണര്‍ ശിഹാബുദ്ദീന്‍ ഏറ്റെടുത്തു.

കൂടുതൽ അന്വേഷണം നടന്നു കൊണ്ടിരിക്കവേ കേസില്‍ സിപിഐഎം കളമശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന് ഉപാധികളോടെ ജാമ്യം അനുവദിച്ചു കിട്ടി. റിമാന്‍ഡ് കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് സക്കീര്‍ ഹുസൈന്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ആഴ്ചയില്‍ രണ്ട് ദിവസം പോലീസ് സ്‌റ്റേഷനിലെത്തി ഒപ്പിടണം, പാലാരിവട്ടം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നീ ഉപാധികളോടെയായിരുന്നു ജാമ്യം.

കളമശേരി പോലീസിന്റെ ഗുണ്ടാ ലിസ്റ്റിൽ ഉള്ളയാളാണ് സക്കീർ ഹുസൈൻ. എന്നാൽ കേസിൽ ജാമ്യം ലഭിച്ച് സക്കീർ ഹുസൈൻ ഇപ്പോഴും സ്വതന്ത്രമായി വിലസുന്നു. കേസിൽ യാതൊരു പുരോഗതിയും ഉണ്ടായില്ലെന്ന് മാത്രമല്ല റേഞ്ച് ഐ.ജി ആയിരുന്ന എസ്. ശ്രീജിത്ത് ഉൾപ്പെടെ സിറ്റി ടാസ്ക് ഫോഴ്സ് എന്ന പേരിൽ രൂപം കൊടുത്ത ടീമിലെ മുഴുവൻ പേരെയും സ്ഥലം മാറ്റി.

ഈ സംഘം ഇല്ലാതായതോടെയാണ് പിന്നീട് നടിക്കെതിരെ ആക്രമണം നടക്കുന്നത്. കൊച്ചിയിലെ ക്രിമിനല്‍ സംഘങ്ങള്‍ പത്തിതാഴ്ത്തിയ ഈ സംഘത്തെ രാഷ്ട്രീയ ലക്ഷ്യത്തിനായി ചിലര്‍ നശിപ്പിച്ചത് നടിക്കെതിരായ ആക്രമണത്തിലേക്ക് വഴിതെളിച്ചു എന്ന് പറഞ്ഞാല്‍ അധികമാകില്ല.

ഇനിയിപ്പോള്‍ നടി ആക്രമണത്തിന് വിധേയമായ ശേഷം പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്യം ഗുണ്ട നിര്‍മാര്‍ജ്ജനമാണ്. ഇതിനായി സജീവമായ ക്വട്ടേഷൻ സംഘങ്ങളുടെ പട്ടിക ഇന്റലിജന്‍സ് മേധാവി തയ്യാറാക്കി റെയ്ഞ്ച് ഐജിമാർക്ക് കൈമാറിക്കഴിഞ്ഞു. 2010 പേരാണ് ഗുണ്ടാ ലിസ്റ്റിലുള്ളത്. തിരുവനന്തപുരം, തൃശൂർ, എറണാകുളം എന്നിവടങ്ങളിലാണ് കൂടുതൽ പേരും. എന്നാല്‍ ഈ അവസരത്തില്‍ കൊച്ചിയിലെ ആന്‍റിഗുണ്ട സ്ക്വാഡിന് സംഭവിച്ചത് എല്ലാവരും അറിയുന്നത് നല്ലതായിരിക്കും. പുതിയ ഗുണ്ടവേട്ടയും രാഷ്ട്രീയ പ്രമുഖരിലേക്ക് എത്തുമ്പോള്‍ പ്രഹസനമാകുമോയെന്നു കണ്ടറിയാം.

Read more topics: bhavana, accused, arrest,
English summary
actress attack kochi kodiyeri balakrishnan

More News from this section

Subscribe by Email