topbanner
Thursday June 22nd, 2017 - 10:07:pm
topbanner

കഴിവുണ്ടെങ്കില്‍ സിനിമയില്‍ അംഗീകരിക്കപ്പെടും; താരമാകണമെന്നില്ലെന്ന് നടന്‍ രാഘവന്‍

NewsDesk
കഴിവുണ്ടെങ്കില്‍ സിനിമയില്‍ അംഗീകരിക്കപ്പെടും; താരമാകണമെന്നില്ലെന്ന് നടന്‍ രാഘവന്‍

തളിപ്പറമ്പ്: കഴിവുണ്ടെങ്കില്‍ അത് പ്രദര്‍ശിപ്പിക്കാനും ഉയര്‍ന്നു വരാനും അനുകൂലമായ സാഹചര്യം ഇന്ന് ലഭ്യമാണെന്ന് ചലച്ചിത്രനടന്‍ രാഘവന്‍. തളിപ്പറമ്പില്‍ നാളെ രാവിലെ നടക്കുന്ന പെരിഞ്ചെല്ലൂര്‍ പോരിശയുടെ പെരിയോര്‍കൂട്ടത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

ഇന്ന് സിനിമയില്‍ തിളങ്ങാന്‍ താരമാകണമെന്നില്ലെന്നും കഴിവും അഭിരുചിയുമുള്ളവര്‍ അംഗീകരിക്കപ്പെടുന്നത് ചലച്ചിത്രരംഗത്ത് ഇപ്പോള്‍ സ്ഥിരം കാഴ്ച്ചയായി മാറിയതായും രാഘവന്‍ പറഞ്ഞു. അടച്ചുപൂട്ടിയ സ്ഥലങ്ങളിലെല്ലാം പുതിയ തിയേറ്ററുകള്‍ തുറന്നുകൊണ്ടിരിക്കുകയാണെന്നും ഗ്രാമങ്ങളില്‍ പോലും നഷ്ടപ്പെട്ട തിയേറ്റര്‍ സംസ്‌ക്കാരം ആധുനിക രൂപത്തില്‍ തിരിച്ചുവരുന്നതിനാല്‍ മലയാള സിനിമക്ക് ഇത് വളര്‍ച്ചയുടെ കാലമാണെന്നും രാഘവന്‍ പറഞ്ഞു.

തളിപ്പറമ്പുമായി മൂത്തേടത്ത് സ്‌കൂളില്‍ നിന്നും എസ്എസ്എല്‍സി പാസായി കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ ചേരുന്നത് വരെയുള്ള കാലത്തെ ബന്ധത്തിന് ശേഷം പിന്നീട് ഇടക്കിടെ വന്നുപോകുന്ന ബന്ധം മാത്രമേയുള്ളൂവെങ്കിലും അത് എക്കാലവും മനസില്‍ പച്ചപിടിച്ചു നില്‍ക്കുന്നതിനാലാണ് പെരിയോര്‍ക്കൂട്ടത്തില്‍ പങ്കെടുക്കാനായി മാത്രം വര്‍ഷങ്ങള്‍ക്ക് ശേഷം ജന്‍മനാട്ടിലെത്തിയതെന്നും ഒരു കാലഘട്ടത്തിന്റെ രോമാഞ്ചമായിരുന്ന രാഘവന്‍ വ്യക്തമാക്കി.

മതേതരത്വം, മതസൗഹാര്‍ദ്ദം എന്നീ വാക്കുകള്‍ ഒരു കാലത്ത് തളിപ്പറമ്പിന് തീര്‍ത്തും അന്യമായിരുന്നുവെന്നും മനുഷ്യത്വം മാത്രമുണ്ടായിരുന്ന ഒരു കാലഘട്ടിന്റെ നല്ല ഓര്‍മകള്‍ മാത്രമാണ് തളിപ്പറമ്പില്‍ നിന്നും തനിക്ക് കൂട്ടായി കിട്ടിയതെന്നും 76 കാരനായ രാഘവന്‍ പറഞ്ഞു.

തളിപ്പറമ്പ് പൂക്കോത്ത് തെരുവില്‍ ജനിച്ച് വളര്‍ന്ന രാഘവന്‍ ഡെല്‍ഹി നാഷണല്‍ സ്‌കൂള്‍ ഓഫ് ഗ്രാമയില്‍ നിന്നും സംവിധാനത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം അഭിനയരംഗത്തേക്ക് തിരിയുകയായിരുന്നു. 1968 ല്‍ കായല്‍ക്കരയില്‍ എന്ന സിനിമയില്‍ അഭിനയിച്ച് ചലച്ചിത്ര രംഗത്തെത്തിയ രാഘവന്‍ 2017 ല്‍ കെയര്‍ ഓഫ് സൈറാബാനുവിലാണ് അവസാനമായി വേഷമിട്ടത്. അതിനുശേഷം കൈമാറ്റം എന്ന സിനിമയിലും ശ്രദ്ധേയമായ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. 1987 ല്‍ സംവിധാനം ചെയ്ത കിളിപ്പാട്ട് എന്ന ചിത്രം ദേശീയ അവാര്‍ഡ് നേടിയിരുന്നു.

Read more topics: actor, taliparamba, raghavan,
English summary
actor taliparamba raghavan interview
topbanner topbanner

More News from this section

Subscribe by Email