Monday June 17th, 2019 - 2:28:pm
topbanner
topbanner

കായിക മത്സര രംഗത്ത് നാല്‍പ്പത്തി ഒന്നു വര്‍ഷം ; അപൂര്‍വ്വ നേട്ടവുമായി എസ്.ഐ രാധാകൃഷ്ണന്‍

SNEHA
കായിക മത്സര രംഗത്ത് നാല്‍പ്പത്തി ഒന്നു വര്‍ഷം ; അപൂര്‍വ്വ നേട്ടവുമായി എസ്.ഐ രാധാകൃഷ്ണന്‍

കണ്ണൂര്‍/തളിപ്പറമ്പ് : തുടര്‍ച്ചയായി 34 വര്‍ഷം കേരള പൊലിസിനു വേണ്ടി കായിക മത്സരത്തില്‍ പങ്കെടുക്കുക, 41 വര്‍ഷങ്ങള്‍ക്കു ശേഷവും മത്സര രംഗത്ത് സജീവമായിരിക്കുക. ഇത്തരമൊരു അപൂര്‍വ്വ നേട്ടത്തിനുടമായാണ് തളിപ്പറമ്പ് മുറിയാത്തോട് സ്വദേശിയായും ശ്രീകണ്ഠപുരം സ്റ്റേഷനിലെ എസ്.ഐ യുമായ രാധാകൃഷ്ണന്‍. 1977ല്‍ സ്‌കൂള്‍ തലം മുതല്‍ 41 വര്‍ഷമായി മത്സര രംഗത്തുള്ള അടുത്ത മാസം ബംങ്കളൂരുവില്‍ നടക്കുന്ന ദേശീയ മീറ്റില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.


കായിക മത്സര രംഗത്തേക്ക്.

1976 ല്‍ തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്‌കൂളില്‍ 9-ാം തരത്തില്‍ പഠിക്കുമ്പോള്‍ 400 മീറ്റര്‍ ഓട്ടത്തില്‍ രണ്ടാം സ്ഥാനം നേടിയാണ് കായിക കായിക മത്സര രംഗത്തേക്ക് കടന്നു വന്നത്. 1977 ല്‍ കണ്ണൂര്‍ ജില്ലയിലെ ഏറ്റവും വേഗതയേറിയ ജൂനിയര്‍ അത്‌ലറ്റ്. പിന്നീട് സീനിയര്‍ മെന്‍ 100 മീറ്റര്‍ വിഭാഗത്തില്‍ നിരവധി തവണ ചാമ്പ്യന്‍. പയ്യന്നൂര്‍ കോളേജ് അത്‌ലറ്റിക് ക്യാപ്റ്റന്‍, ദേശീയ യൂണിവേര്‍സിറ്റി എന്നീ നിലകളില്‍ മികച്ച പ്രകടനം.

പൊലീസിലേക്ക്.
1984 ല്‍ മാങ്ങാട്ട് കെ.എ.പി നാലാം ബറ്റാലിയന്‍ കോണ്‍സ്റ്റബിള്‍ ആയാണ് രാധാകൃഷ്ണന്‍ പൊലിസ് ജീവിതം ആരംഭിക്കുന്നത്. അന്നു മുതല്‍ പൊലിസിനു വേണ്ടി കായിക രംഗത്ത് സജീവമാണ്. 1989 വരെ ബറ്റാലിയന്‍ സ്‌പോര്‍ട്‌സ് മീറ്റില്‍ 100, 200 മീറ്റര്‍ ഓട്ടത്തില്‍ ചാമ്പ്യനായിരുന്നു. 1989 മുതല്‍ ജില്ലാ പൊലിസ് മീറ്റില്‍ സ്പിന്റ് ചാമ്പ്യനായി. 17 വര്‍ഷത്തോളം സംസ്ഥാന അമച്വര്‍ മീറ്റില്‍ ജില്ലയെ പ്രതിനിധീകരിച്ചു. 34 വര്‍ഷത്തോളമായി സംസ്ഥാന പൊലിസ് കായികമേളയില്‍ കണ്ണൂര്‍ജില്ലക്ക് വേണ്ടി ജഴ്‌സി അണിഞ്ഞു.

ട്രാക്കിനോട് വിട
2012ല്‍ സംസ്ഥാന അമച്വര്‍ മീറ്റില്‍ മത്സരത്തിനിടയില്‍ കാല്‍മുട്ടിനേറ്റ പരിക്കാണ് രാധാകൃഷ്ണന്റെ കായിക ജീവിതത്തില്‍ മാറ്റം വരുത്തിയത്. പരിക്കിനെ തുടര്‍ന്ന് ട്രാക്കിനോട് വിടപറയേണ്ടി വന്നെങ്കിലും രാധാകൃഷ്ണനെന്ന സ്‌പോര്‍ട്‌സ് താരത്തിന്റെ കായികപ്രേമത്തെ അത് തളര്‍ത്തിയില്ല. സ്വപ്രയത്‌നം കൊണ്ട് ത്രോയിനങ്ങളില്‍ നേട്ടം കൊയ്തുകൊണ്ട് ഉജ്ജ്വല തിരിച്ചുവരവ് നടത്തിയ രാധാകൃഷ്ണന്റെ ജൈത്രയാത്ര ദേശീയതലത്തില്‍വരെയെത്തി. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ 55 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തില്‍ ഡിസ്‌ക്കസ് ത്രോയില്‍ ഒന്നാം സ്ഥാനം നേടി സ്വര്‍ണ്ണമെഡലും ഹാമര്‍ത്രോയില്‍ രണ്ടാം സ്ഥാനത്തോടെ വെള്ളിമെഡലും നേടി. ബംഗഌരുവില്‍ അടുത്ത മാസം നടക്കുന്ന ദേശീയ മീറ്റില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടിയിരിക്കുകയാണ്. തുടര്‍ച്ചയായി ഏഴാമത്തെ വര്‍ഷമാണ് ദേശീയമീറ്റില്‍ പങ്കെടുക്കുന്നത്. ജോലിക്കിടയില്‍ കൃത്യമായ ഇടവേളകളില്‍ പരിശീലനത്തിന് സമയം കണ്ടെത്തി ദേശീയ മീറ്റിലും നേട്ടം കൈവരിക്കാനുള്ള ശ്രമത്തിലാണ് കാക്കിക്കുള്ളിലെ കായികതാരം.

പ്രചോദനം
മത്സരവേദിയില്‍ വെച്ച് ഒളിമ്പ്യന്‍ സുരേഷ് ബാബു ബുള്ളറ്റ് സ്റ്റാര്‍ട്ടര്‍ എന്ന് പ്രശംസിച്ചത് കായികജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെനന് രാധാകൃഷ്ണന്‍ പറയുന്നു. 1984 ല്‍ റെയില്‍വെയില്‍ ജോലിവാഗ്ദാനം ഉണ്ടായിരുന്നെങ്കിലും പൊലിസില്‍ ചേരുകയായിരുന്നു. പൊലിസ് മേധാവികളില്‍ നിന്നും ലഭിക്കുന്ന മികച്ച പ്രോത്സാഹനവും അംഗീകാരവും തന്റെ വിജയത്തിന്റെ പ്രധാന ഘടകമാണെന്ന് രാധാകൃഷ്ണന്‍ പറയുന്നു.

41 വര്‍ഷത്തിലെത്തി നില്‍ക്കുന്ന കായിക ജീവിതം.
1976 ല്‍ തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്‌കൂളില്‍ 9-ാം തരത്തില്‍ പഠിക്കുമ്പോള്‍ 400 മീറ്റര്‍ ഓട്ടത്തില്‍ രണ്ടാം സ്ഥാനം നേടി തുടങ്ങിയ കായിക ജീവിതം 41 വര്‍ഷം പിന്നിടുമ്പോഴും രാധാകൃഷ്ണനിലെ മത്സര വീര്യത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല. 1984-90 കാലഘട്ടത്തില്‍ ജില്ലയിലെ ഏറ്റവും വേഗതയേറിയ താരമായ രാധാകൃഷ്ണന്‍ ആ കാലത്ത് സ്ഥാപിച്ച റെക്കോര്‍ഡുകള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. 1993ല്‍ കായിക രംഗത്തു നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി ഗുഡ്‌സര്‍വ്വീസ് എന്‍ട്രി ലഭിച്ചിരുന്നു.

കുടുംബം
തളിപ്പറമ്പ് മുറിയാത്തോട് സ്വദേശിയായ രാധാകൃഷ്ണന്‍ ശ്രീകണ്ഠപുരം സ്റ്റേഷനിലെ എസ്.ഐ ആണ്. ഭാര്യ റീജ. മകന്‍ രാജീവ് കൃഷ്ണന്‍ കൊല്‍ക്കൊത്ത ടാറ്റ കമ്പനിയില്‍ എഞ്ചിനിയറാണ്. പിതാവിന്റെ പാതയില്‍ കായികരംഗത്ത് ഭാവി വാഗ്ദാനമായ മകള്‍ ജ്യോതി കൃഷ്ണ സ്‌പോര്‍ട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യ (സായ്) ല്‍ പ്രവേശനം ലഭിച്ച സന്തോഷത്തിലാണ്.

പ്രതീക്ഷ

പ്രതികൂല സാഹചര്യങ്ങളില്‍ പോലും ഒരു വിട്ടുവീഴ്ചയും വരുത്താതെ പരിശീലനത്തിനിറങ്ങുന്ന രാധാകൃഷ്ണന്‍ തുടര്‍ച്ചയായ ഏഴാം തവണയും ദേശീയ മത്സരത്തിനിറങ്ങുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ്. ബംഗളൂരുവില്‍ അടുത്ത മാസമാണ് ദേശീയ മീറ്റ് നടക്കുന്നത്.

 

English summary
active in the field of sport for 40 years SI Radhakrishnan
topbanner

More News from this section

Subscribe by Email