Monday July 23rd, 2018 - 8:37:pm
topbanner
Breaking News

പാതയോരത്ത് മഴനനഞ്ഞ് അരിവേവിക്കുന്ന പത്തുവയസുകാരി; ഹൃദയസ്പര്‍ശിയായ ഒരു അനുഭവക്കുറിപ്പ്‌

suvitha
പാതയോരത്ത് മഴനനഞ്ഞ് അരിവേവിക്കുന്ന പത്തുവയസുകാരി; ഹൃദയസ്പര്‍ശിയായ ഒരു അനുഭവക്കുറിപ്പ്‌

പാതയോരത്ത് അരവയറുമായി അരിവേവിക്കുന്ന നാടോടി പെണ്‍കുട്ടിയെക്കുറിച്ചുള്ള അനുഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അഡ്വ. ജഹാംഗീര്‍ റസാഖാണ് അനുഭവം വിവരിക്കുന്നത്.

ജഹാംഗീറിന്റെ കുറിപ്പ് ഇവിടെ വായിക്കാം

ഇന്നലെ സംഭവിച്ച ഒരു നൊമ്പരമാണ്; അത്രമേല്‍ മഴയില്ലാത്ത ഒരു പകലാണ്‌. എവിടെയൊക്കെയോ ദുരിതമഴ പെയ്തൊഴിഞ്ഞ മലഞ്ചെരിവിലൂടെ സൂര്യാംശുക്കള്‍ പാതകളെ പൊള്ളിക്കാന്‍ പന്ഥാവിലൂടെ വെമ്പിയിറങ്ങി. വെളിച്ച ശ്രേണികളോട് കാര്‍മുകില്‍ത്തുണ്ടുകള്‍ പരിഭവക്കണ്ണീര്‍ പൊഴിച്ചു കലഹിച്ച് ആകാശത്തിന്‍റെ നെഞ്ചില്‍ ചാഞ്ഞു.

സ്നേഹത്തിനു വേണ്ടിയുള്ള തീക്ഷ്ണസമരവും, ശുഭകരമായ ആകസ്മിതകള്‍ക്ക് വേണ്ടിയുള്ള തീരാകാത്തിരിപ്പുമാണ്‌ ജീവിതമേന്നോര്‍ത്ത് പാലക്കാടന്‍ പാതയിലൂടെ ഒരു സ്നേഹപ്പെരുമഴ കൊതിച്ചുള്ള യാത്രയിലായിരുന്നു. കൂട്ടിലക്കടവ് പാലത്തിനടുത്തെത്തിയപ്പോള്‍ നനുത്ത തുള്ളികള്‍ വായുവിന്‍റെ ചിറകിലൂടെയൂര്‍ന്നിറങ്ങി. പാതയരികില്‍ ഒരു പത്തുവയസ്സുകാരിയുടെ നിറങ്ങളില്ലാത്ത ജീവിതത്തെ ചോരാതെ പിടിക്കുന്ന നിറങ്ങളുള്ള ഒരു കുട കണ്ടപ്പോഴാണ് അങ്ങോട്ട് ശ്രദ്ധിച്ചത്.

രാവിലത്തെ വെയില്‍ക്കനലുകള്‍ക്കൊപ്പം വേവിച്ചെടുത്ത് വിശപ്പുമാറ്റം എന്ന് കരുതി അടുപ്പുകൂട്ടി കലത്തില്‍ അരിയിട്ടതാണ്. അവള്‍ക്ക് മുന്നില്‍ വിശപ്പിനൊപ്പം മഴയും കനത്തുതുടങ്ങുന്നുണ്ടായിരുന്നു. ഒരുപക്ഷേ മാതാപിതാക്കളാരെങ്കിലും സമീപത്ത് എന്തെങ്കിലും ജോലി ചെയ്യുന്നുണ്ടാകാം. ഈ നാടോടി ബാലികയെ അന്നമൊരുക്കാന്‍ ഏര്‍പ്പെടുത്തിയതാവാം. അടുപ്പിലേക്ക് ഉതിര്‍ന്നു വീഴുന്ന മഴത്തുള്ളികളെ അവളുടെ നിഷ്കളങ്കമായ വിടര്‍ന്ന കണ്ണുകള്‍ ഭയം നിറച്ചു തുറിച്ചുനോക്കി. മഴ ശക്തമാകുന്നതിനൊപ്പം , ക്രൌര്യം കൂടുന്ന വിശപ്പിനേയും അവള്‍ ഭയക്കുന്നുണ്ടാവാം.

വിശന്നു കരയുന്ന അവളുടെ അനിയനെയോ, അനിയത്തിയെയോ നൊമ്പരത്തോടെ ഓര്‍ക്കുന്നുണ്ടാവാം.!
മുഷിഞ്ഞ വര്‍ണ്ണക്കുടയുടെ നെറുകയിലൂടെ പെയ്തിറങ്ങി, തണുത്ത വിരലുകളാല്‍ മനസ്സിനെ തൊട്ട്, പതിയെ മടങ്ങിക്കൊള്ളാമെന്ന മഴയുടെ ചിലമ്പിച്ച അപേക്ഷ, ആ പാവം പെണ്‍കുട്ടിക്ക് ക്രൌര്യം കലര്‍ന്ന ഒരു ഒരു അധിനിവേശത്തിന്റെ മുരള്‍ച്ചയായി തോന്നുന്നുണ്ടാകാം. കാരണം മരണത്തിനേക്കാള്‍ വലിയ ഉണ്മയാണ് വിശപ്പ്‌. മുഷിഞ്ഞുകീറിയ വര്‍ണ്ണക്കുടകൊണ്ട് അവള്‍ വിശപ്പിന്‍റെ യുദ്ധഭൂമിയില്‍ മഴയുടെ മുന്നില്‍ പ്രതിരോധം തീര്‍ക്കുന്നത് എന്‍റെ കാഴ്ചയുടെ ലോകത്ത് നൊമ്പരക്കടല്‍ തീര്‍ത്തു.

തമിഴ്നാട്ടിൽ നിന്നും നാടുകളോടി വരുന്ന ഇവളുടെ അച്ഛനും അമ്മയും പഴയ സാധനങ്ങൾ രൂപപ്പെടുത്തിയേക്കാവുന്ന പുതിയ ജീവിതത്തിന്‍റെ ശിഥിലമായ ലോഹപ്പൊട്ടുകള്‍ പെറുക്കാനായി ഉള്‍ഗ്രാമത്തില്‍ പോയതാണ്. എരിയുന്ന വിശപ്പിന്‍റെ തീവ്രതയിലാണ് അരിയിട്ട് അന്നമുണ്ടാക്കാന്‍ വഴിയോരത്തെ അടുപ്പില്‍ ഒരു ശ്രമം നടത്തിയത്. എല്ലാത്തിനും മൂകസാക്ഷിയായ അവളുടെ കീറക്കുട വിഷാദ വ്യഥയാല്‍ പതിഞ്ഞു പെയ്യുന്ന മഴയത്ത് വീണ്ടും നിറം മങ്ങുന്നതായി എനിക്ക് തോന്നി.

മഴയോടുള്ള ദ്വന്തയുദ്ധത്തില്‍ തോറ്റുപോയ അടുപ്പിലെ അഗ്നിച്ചിറകുകള്‍ കരിഞ്ഞു പുകയായി മഴത്തുള്ളികളുടെ സാന്ദ്രതകളിലൂടെ ആകാശത്തേക്കുയര്‍ന്നു. വാഹനം അരികു ചേര്‍ത്ത്, അടുത്തു ചെന്ന് കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ നിര്‍വികാരമായ കണ്ണുകളോടെ അവള്‍ നൊമ്പരക്കെട്ടഴിച്ചു. ആഹാരം നിറഞ്ഞ വയറെങ്കിലും, വിശപ്പിന്‍റെ ബോധ്യവൈകാരികതയില്‍ അടുത്തുള്ള കടയില്‍ നിന്ന് അവള്‍ക്കു രണ്ടു പഴം വാങ്ങിക്കൊടുത്തു, മഴക്കൊപ്പം എന്‍റെ വാഹനവും ഇരമ്പിപ്പായുന്ന മിന്നല്‍പ്പിണറായി. അര മണിക്കൂറില്‍ മഴ കനത്തു ; വിശപ്പിനെക്കുറിചുള്ള എന്‍റെ ചിന്തകളും ! വീടെത്തിയിട്ടും, ആ വര്‍ണ്ണക്കുടയും , മുഷിഞ്ഞ ബാലികയും, പാതി പോലും വേവാത്ത അവളുടെ ചോറും എന്‍റെ ചിന്തകളെ മഥിച്ചു.

വന്ന വഴികളിലൂടെ എന്‍റെ വാഹനത്തിന് തിരിച്ചു പോകാതിരിക്കാനായില്ല. വിശപ്പും, വെയില്‍പ്പൊട്ടുകളും, ആസുര മഴത്തുള്ളികളും സംഗമിച്ച മണ്ണില്‍ എല്ലാം ശൂന്യമായിരുന്നു. വിടര്‍ന്ന കണ്ണുകളുള്ള അവളെയും , മുഷിഞ്ഞ വര്‍ണ്ണക്കുടയെയും, പാതിവെന്ത അരിമണികള്‍ നിറച്ച പാത്രത്തെയും കാണുവാനുണ്ടായിരുന്നില്ല. ചുറ്റും നോക്കിയപ്പോള്‍ ചോര്‍ന്നൊലിക്കുന്ന ഒരു ആലയില്‍ അവളുടെ അരിക്കലവും, നനഞ്ഞ മുഖത്ത് വിഷാദം കത്തുന്ന കണ്ണുകളും, വിഷാദവ്യഥയാല്‍ നിറം മങ്ങിയ വര്‍ണ്ണക്കുടയും കണ്ടു. മൊബൈലില്‍ ചിത്രത്തിന് ശ്രമിച്ചപ്പോള്‍ അവള്‍ പന്തികേടില്‍ മുഖം മറച്ചു.

വ്യഥിത നൊമ്പരങ്ങളുടെ ജീവിതക്കഴ്ചകളിലേക്ക് ക്യാമറാ ഫ്ലാഷുകള്‍ ഒന്നും നല്‍കുന്നില്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍, ചാഞ്ഞു തുടങ്ങിയ മഴയിലൂടെ ഞാന്‍ വിശപ്പില്ലാത്ത എന്‍റെയും കുടുംബത്തിന്‍റെയും സുരക്ഷിത ലോകത്തിലേക്ക് ഊളിയിട്ടു.
പുറകിലെ സുരക്ഷിതമല്ലാത്ത പാതയോരത്ത് ഒരു പത്തുവയസ്സുകാരി പെണ്‍കുട്ടിയും, അവളുടെ വിശപ്പും, തെരുവില്‍ തീരുന്ന അവളുടെയും, സമാന മനുഷ്യജീവികളുടെയും ജന്മങ്ങളും, എന്‍റെ ചിന്തകളിലേക്ക് പേമാരിയായി പെയ്തു.

കോണ്ക്രീറ്റ് കൊട്ടാരങ്ങളില്‍, ആഡംബര ഉന്മാദങ്ങളുടെ ജീവിത പാര്‍ശ്വങ്ങളില്‍, ബാക്കിയാകുന്ന ഭക്ഷണം വലിച്ചെറിയുന്ന ജനവാസ അരികുകളില്‍, മധ്യവര്‍ഗ്ഗ അഹങ്കാര കേരളത്തിന്റെ ദീപുകളാക്കപ്പെട്ട ജീവിതങ്ങളിലൂടെ , എന്‍റെ സുരക്ഷിത പാതകളിലൂടെ, ഞാന്‍ ആ ദിവസത്തെ ബാക്കിയായ ജീവിതത്തിലേക്ക് നിശബ്ദമായി ഒലിച്ചുപോയി...!
ചിന്തകളില്‍ ഓളങ്ങള്‍ ബാക്കിയായി ...!!

English summary
The 10-year-old girl spending the rain on the road; A touching experience
topbanner

More News from this section

Subscribe by Email