Monday May 20th, 2019 - 6:12:am
topbanner
topbanner

നൃത്തത്തിനായി കിടപ്പാടം വിറ്റു; പെരുവഴിയിലായ കുടുംബത്തിന് സാന്ത്വനമേകാൻ മന്ത്രി

NewsDesk
നൃത്തത്തിനായി കിടപ്പാടം വിറ്റു; പെരുവഴിയിലായ കുടുംബത്തിന് സാന്ത്വനമേകാൻ മന്ത്രി

ആലപ്പുഴ: നൃത്തം അഭ്യസിച്ച മകളെ സംസ്ഥാന കലോത്സവത്തിൽ പങ്കെടുപ്പിക്കാൻ ആകെയുള്ള വീടും രണ്ടര സെന്റും വിൽക്കുകയേ ആ അമ്മയുടെ മുന്നിൽ വഴിയുണ്ടായിരുന്നുള്ളൂ. സകലരും എതിർത്തിട്ടും അവരതു ചെയ്തു. സംസ്ഥാന സ്കൂൾ കലോത്സവവേദിയിൽ ചങ്കിൽ ചിലങ്കയണിഞ്ഞ് മകൾ നൃത്തം ചെയ്തു. കേരള നടനത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി. ആ അമ്മയുടെ പേര് സീമ. മകൾ ,ആലപ്പുഴ സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ പത്താം ക്ലാസുകാരി മിനു രഞ്ജിത്ത്. ഈ കുടുംബത്തെ കൈ പിടിച്ചുയർത്താൻ രംഗത്തിറക്കിയിരിക്കുകയാണ് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്ക്. മീനുവിന്റെ പുഞ്ചിരിക്ക് പിന്നിലുള്ള വിഷാദത്തിന്റെ കഥ മന്ത്രി തന്റെ ഫേസ്ബുക്ക് പേജിൽ വിവരിക്കുന്നു.

അമ്മയെയും മകളെയും വീട്ടിൽ ചെന്നു കാണാൻ പലതവണ തീരുമാനിച്ചതാണ്. നേരത്തെ ഒരു പൊതുപരിപാടിയ്ക്കിടെയാണ് ഇവരെ ആദ്യം കണ്ടത്. അന്ന് രണ്ടര സെന്റും കിടപ്പാടവും ബാങ്ക് ജപ്തി ചെയ്യാൻ പോവുകയാണെന്ന വിവരവുമായാണ് അവരെന്നെ കാണാനെത്തിയത്. കിടപ്പാടമൊന്നും ജപ്തി ചെയ്യില്ലെന്നും നമുക്കെന്തെങ്കിലും വഴി കാണാമെന്നും പറഞ്ഞ് സമാധാനിപ്പിച്ചു വിട്ടു. പക്ഷേ, പിന്നീടാണറിഞ്ഞത്, മകൾക്ക് കലോത്സവത്തിൽ പങ്കെടുക്കാൻ അവർ ആ വീടു തന്നെ വിറ്റുവെന്ന കാര്യം.

കലോത്സവത്തിൽ, പ്രത്യേകിച്ച് നൃത്ത ഇനങ്ങളിൽ പങ്കെടുക്കുക എന്നത് പാവപ്പെട്ടവർക്ക് ഇന്നുമൊരു സ്വപ്നമാണ്. അല്ലെങ്കിൽ സീമ ചെയ്തതുപോലെ വല്ല കടുങ്കൈയും കാണിക്കണം. അങ്ങനെ ചെയ്താലോ.. മിനു സംസ്ഥാന തലം വരെയെത്തിയത് അപ്പീലുകളിലൂടെയാണ്. ഉപജില്ലയിൽ നിന്നും ജില്ലയിലേയ്ക്കും അവിടുന്ന് സംസ്ഥാനതലത്തിലേയ്ക്കുമൊക്കെ പോയത് അപ്പീൽ കൊടുത്താണ്. അവിടെയും നിർഭാഗ്യം ഇടങ്കോലിട്ടാൽ എല്ലാം നഷ്ടപ്പെടുന്ന അവസ്ഥ.

രണ്ടാം വയസിൽ മീനുവിന്റെ അച്ഛൻ വീടു വിട്ടുപോയതാണ്. മീനുവിനെ വളർത്താൻ അമ്മ ഏറെ കഷ്ടപ്പെട്ടു. വീടുതോറും തുണിത്തരങ്ങൾ കൊണ്ടു നടന്നു വിറ്റാണ് അവർ ഉപജീവനത്തിന് വരുമാനം കണ്ടെത്തുന്നത്. ഈ തുച്ഛവരുമാനം കൊണ്ട്, മൂന്നു വയസുമുതൽ അവർ മീനുവിനെ നൃത്തം പഠിപ്പിക്കുന്നു. കഴിഞ്ഞ നാലു വർഷമായി സ്കൂളിൽ സംഘനൃത്തം ടീമിന്റെ ക്യാപ്റ്റനാണ് മീനു. പക്ഷേ, വ്യക്തിഗത മത്സരങ്ങളിൽ പങ്കെടുക്കാൻ പണം ഒരു പ്രശ്നമായതുകൊണ്ട് ഇതേവരെ ആ ആഗ്രഹം സാധിച്ചിരുന്നില്ല.

പക്ഷേ, അമ്മയ്ക്കൊരു വാശി. പത്താം ക്ലാസിലെങ്കിലും തന്റെ മകൾ നൃത്തമത്സരങ്ങളിൽ ഒരു വ്യക്തിഗത ഇനത്തിലെങ്കിലും പങ്കെടുക്കണം. അതിനുവേണ്ടി വീടു തന്നെ ഉപേക്ഷിക്കാൻ അവർ തീരുമാനിച്ചു. താഴേത്തല മത്സരങ്ങളിൽ തഴയപ്പെട്ടുവെങ്കിലും അപ്പീൽ വിധികർത്താക്കൾ മിനുവിന്റെ മികവ് അംഗീകരിച്ചു. അങ്ങനെ ഓരോ തലത്തിലും തഴയാൻ നിന്നവരെ ആത്മവിശ്വാസം കൊണ്ട് ആ അമ്മയും മകളും വെല്ലുവിളിച്ചു. അങ്ങനെ മധുരപ്രതികാരത്തിന്റെ ചിലങ്കക്കിലുക്കമുള്ള എ ഗ്രേഡ് അവൾ സംസ്ഥാനതലത്തിൽ നേടി.

അതോടെ മിനു വാർത്തകളിൽ താരമായി. വീടു നിർമ്മിച്ചു കൊടുക്കാമെന്ന വാഗ്ദാനങ്ങൾ നാനാഭാഗങ്ങളിൽനിന്നുമെത്തി. പക്ഷേ, സ്വന്തമായി സ്ഥലമില്ലാതെ എങ്ങനെ വീടു വെയ്ക്കും? അമ്മയുടെ ഓഹരിയിൽ നിന്ന് കിടപ്പാടത്തിനുള്ള സ്ഥലം സംഘടിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ സീമ. കാര്യങ്ങൾ മംഗളമായി പര്യവസാനിക്കുമെന്നു പ്രത്യാശിക്കാം.

പക്ഷേ, മിനുവിന്റെ അനുഭവം ഉയർത്തുന്ന അലോസരപ്പെടുത്തുന്ന ചോദ്യങ്ങളിൽനിന്നു മുഖംതിരിക്കാനാവില്ല. പണമില്ലെങ്കിൽ കലോത്സവത്തിൽ മത്സരിക്കാൻ കഴിയില്ലേ എന്നതാണ് ഒന്നാം ചോദ്യം. രണ്ടാമത്തേത്, എങ്ങനെ കീഴ്ത്തല മത്സരങ്ങളിലെല്ലാം മിനു തഴയപ്പെട്ടു എന്നും? സംസ്ഥാനതലത്തിൽ എ ഗ്രേഡിന് അർഹമായ മികവുള്ള കുട്ടിയ്ക്ക് എങ്ങനെ അപ്പീൽ ബലത്തിൽ മാത്രം മുകളിലേയ്ക്കു പോകേണ്ടി വന്നു? കലോത്സവങ്ങളുമായി ബന്ധപ്പെട്ട ഗൌരവമുള്ള പ്രശ്നങ്ങളിലേയ്ക്കാണ് ഈ കുട്ടിയുടെ അനുഭവം വിരൽ ചൂണ്ടുന്നത് എന്ന കാര്യത്തിൽ തർക്കമില്ല.. മന്ത്രി കുറിച്ചു. മീനുവിനും കുടുംബത്തിനും സുമനസുകളുടെ കാരുണ്യം ലഭിക്കാൻ മന്ത്രിയുടെ ഇടപെടൽ വഴിയൊരുക്കുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.

 

Read more topics: alappuzha, dance, thomas isac,
English summary
Selling the property for dance Minister thomas isac to provide comfort for family members
topbanner

More News from this section

Subscribe by Email