Thursday June 27th, 2019 - 6:00:am
topbanner
topbanner

ശബരിമല സംരക്ഷിക്കപ്പെടണം : വരും തലമുറയ്ക്ക് വേണ്ടി......

princy
ശബരിമല സംരക്ഷിക്കപ്പെടണം : വരും തലമുറയ്ക്ക് വേണ്ടി......

പത്തനംതിട്ട:വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. ആ വൈവിധ്യത്തെ അടയാളപ്പെടുത്തിക്കൊണ്ടാണ് ഇന്ത്യയുടെ ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നത്. അതിലൊന്നാണ് മത സ്വാതന്ത്ര്യം. ഓരോ മതത്തിനും ആചാരാനുഷ്ടാനങ്ങൾ കൊണ്ടാടാനും വിശ്വാസികൾക്ക് അത് പിന്തുടരാനും യുക്തിവാദികൾക് അവിശ്വസിക്കാനും ഉള്ള സ്വാതന്ത്ര്യം ഭരണഘടന നൽകുന്നു. ശബരിമലയിൽ പിന്തുടരുന്ന ആചാരങ്ങൾ ആ രീതിയിൽ തന്നെ നിലനിർത്തുന്നതാണ് വ്യക്തിപരമായി ആഗ്രഹിച്ചത്. ഇ വിധി ചരിത്രപരമെന്നു വിശേഷിപ്പിക്കുമ്പോളും പഴയ ക്ഷേത്ര പ്രവേശന വിളംബരത്തോടോ അന്ന് നടന്ന അവകാശ പോരാട്ടങ്ങളോടോ താരതമ്യപ്പെടുത്താൻ കഴിയില്ല.

കാരണം ഹിന്ദുമതത്തിൽ തന്നെ നിൽക്കുമ്പോളും താഴ്ന്ന ജാതിയിൽപ്പെട്ട ഒരു വിഭാഗം ആളുകൾക്കു പൂർണമായും ക്ഷേത്ര പ്രവേശനം നിഷേധിക്കപ്പെടുകയും, എന്തിനു ക്ഷേത്രപരിസരത്തിലൂടെയുള്ള സഞ്ചാരം പോലും നിഷേധിക്കപ്പെടുകയുമാണ് ചെയ്‌തത്‌. മാത്രമല്ല ക്ഷേത്ര പ്രവേശനവിളംബരാനന്തരം അഹിന്ദുക്കൾക്ക് പ്രവേശനം കൊട്ടിയടക്കപ്പെടുകയും ചെയ്യപ്പെട്ടു. എന്നാൽ ശബരിമലയുടെ കാര്യത്തിൽ അത്തരം നീതി നിഷേധങ്ങൾ കാണുവാൻ സാധ്യമല്ല. സ്ത്രീകളുൾപ്പടയുള്ള നാനാ ജാതി മതസ്ഥരെയും സ്വീകരിക്കുന്ന പാര്യമ്പര്യമാണ് ശബരിമലയിൽ നമുക്കു ദർശിക്കാൻ സാധിക്കുന്നത്. പ്രായത്തിന്റെ പേരിലുള്ള ഒരു നിയന്ത്രണം മാത്രമാണ് അവിടുള്ളത്. ഒരു പ്രായത്തിനിടയിൽപെട്ട സ്ത്രീകൾക്ക് മാത്രമാണ് പ്രവേശനം സാധ്യമാകാതിരുന്നത്.

അതുകൊണ്ടു തന്നെ വിവേചനത്തിന്റെ പ്രശ്‌നമവിടെയുദിക്കുന്നില്ല. അതുകൊണ്ടു തന്നെയാവണം സ്ത്രീ ആയിരുന്നിട്ടും, സ്ത്രീകളുടെ സ്വാതന്ത്യ്രവുമായി ബന്ധപ്പെട്ടിട്ടും അഞ്ചംഗ ബെഞ്ചിലെ ഏക വനിതാ ജഡ്ജ് ഇന്ദുമൽഹോത്ര ലിംഗ സമത്വത്തിന്റെ പരിധിയിൽ ഈ കേസ് പെടുകയില്ലെന്ന് വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തിയത്. നീതിയെ മറികടക്കാൻ സെൻകുമാർ പോലുള്ളവരുടെ വിഷയത്തിൽ കാണിച്ച ശുഷ്‌കാന്തി അല്ല സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ കാണിച്ചത്. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാർ വിശ്വാസത്തിന്റെ ഭാഗമാണെന്നു പരമോന്നത കോടതിയിൽ നൽകിയ റിപ്പോർട്ടിന് പകരം ഹർജിക്കാർക്കനുകൂലമായത് നല്കുകയായിരുന്നു. കേരളത്തിൽ പുരുഷന്മാരേക്കാൾ കൂടുതൽ വിശ്വാസത്തെ മുറുകെ പിടിക്കുന്നവരാണ് സ്ത്രീകൾ. ആ അർത്ഥത്തിൽ ആ സമൂഹം വിധിയെ എങ്ങനെ? , പാരമ്പര്യമായി തുടരുന്ന വിശ്വാസത്തെ തള്ളുമോ ,അതോ ഉൾക്കൊള്ളുമോ? എന്ന് കാത്തിരുന്ന് കാണേണ്ടതാണ്. അടുത്ത കുറച്ചു കാലത്തേക്കെങ്കിലും വലിയ രീതിയിൽ സ്ത്രീകൾ മല ചവിട്ടുമെന്നു തോന്നുന്നില്ല.sabarimala sannidhanam

ഇപ്പോളുള്ള പ്രതിഷേധ പ്രകടനങ്ങൾ സൂചിപ്പിക്കുന്നത് സ്ത്രീകൾ വിധിയെ വൈകാരികമായി തന്നെയാണ് കാണുന്നതെന്നതാണ്. സമാധാനപരമായി പ്രതിഷേധിക്കാൻ ഭരണഘടന അനുവാദം നൽകുന്നുണ്ട്. സമാധാനമായുള്ള പ്രതിഷേധമിന്നു അക്രമങ്ങളിലേക്കു വഴിമാറ്റപെട്ടു കൊണ്ടിരിക്കുകയാണ്. നാളെയത് കലാപവുമായി മാറാം. ആ സ്ഥിതിവിശേഷത്തെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. അത് കൊണ്ട് തന്നെ സംസ്ഥാന സർക്കാർ വേണ്ട രീതിയിൽ തന്നെ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കേണ്ടിയിരിക്കുന്നു. പാർട്ടി എന്ന നിലയിൽ വ്യത്യസ്ത ആശയങ്ങളും ചിന്തകളും ഉണ്ടായിരിക്കാം. ചിലപ്പോളത് പുരോഗമനപരവുമായിരിക്കാം.പക്ഷെ മത വിശ്വാസം നിലനിൽക്കുന്ന ബഹുസ്വര സമൂഹത്തിൽ എളുപ്പത്തിൽ ആ ആശയങ്ങൾ നടപ്പിലാക്കാൻ സാധിക്കില്ല.

ഭരണകൂടം ഭരിക്കപ്പെടുന്നവരെ വിശ്വാസത്തിലെടുത്തെ മുന്നോട്ട് പോകാൻ പറ്റുകയുള്ളു. പാർട്ടിക്ക് വേണമെങ്കിൽ പുരോഗമന ആശയത്തിന് വേണ്ടി പ്രചാരണം സംഘടിപ്പിക്കാം. സർക്കാർ എല്ലാവരുടേതുമാണ്. അത് കൊണ്ട് തന്നെ അവരുടെ പ്രവർത്തനങ്ങൾ എരി തീയിൽ എണ്ണ ഒഴിക്കുന്നതാവരുത്. എത്രയുംപെട്ടെന്നു സർക്കാർ ഈ വിഷയത്തിലിടപെടുക തന്നെ വേണം.സ്ത്രീകളുമായി ബന്ധപ്പെട്ട അതിവൈകാരിക പ്രതിഷേധങ്ങളാലായതിനാൽ അവിടുത്തേക്കു മാധ്യമങ്ങൾ വനിതാ പ്രവർത്തകരെ തന്നെ റിപ്പോർട്ട് ചെയ്യാൻ വിടുന്നതെന്തിനെന്നു മനസിലാകുന്നില്ല. മാധ്യമങ്ങളും വാർത്തകൾക്കു വേണ്ടി പ്രകോപനമുണ്ടാക്കുകയാണ് യഥാർത്ഥത്തിൽ.

ഏതാണ്ടിതേ പ്രാധാന്യത്തിൽ ഒരു പക്ഷെ ഇതിനേക്കാൾ ഏറെ ചർച്ച ചെയ്യേണ്ടത് ശബരിമലയുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുക എന്നതാണ്. മത സൗഹാർദ്ദത്തിന്റെയും , ഉറവ വറ്റാത്ത പരിസ്ഥിതി സമ്പത്തിന്റെയും സംഗമ ഭൂമിയാണ് ശബരിമല. അപ്രതീക്ഷിത പ്രളയത്തിൽ ഏറ്റവും കൂടുതൽ നാശ നഷ്ടങ്ങളുണ്ടായ പ്രദേശങ്ങളിൽ പെടുന്നവയാണ് പമ്പ നദിയും ശബരിമലയും. ദക്ഷിണേന്ത്യയിലെ സർവ മതസ്ഥരെയും ഒരുപോലെ സ്വാഗതം ചെയ്യുന്ന പ്രധാന തീർത്ഥാടന കേന്ദ്രമെന്ന നിലയിൽ ശബരിമല സംരക്ഷിക്കപ്പെടുമ്പോൾ ഒരു മതേതതര സംസ്കാരം കൂടിയാണ് സംരക്ഷിക്കപ്പെടുന്നത്. പമ്പ നദി സംരക്ഷിക്കപ്പെടുമ്പോൾ സർവ്വ ചരാചരങ്ങളുടെയും ജീവനും ആവശ്യമായ ജലവും സംരക്ഷിക്കപ്പെടുന്നു.sabarimala-18 steps

അത് കൊണ്ട് തന്നെ എത്രയും പെട്ടന്ന് പുനർസൃഷിടിക്കപ്പെടേണ്ട പ്രദേശങ്ങൾ തന്നെയാകുന്നു ഇത് രണ്ടും. തീർത്ഥാടന കാലം അടുത്തിരിക്കുന്നത് കൊണ്ട് തന്നെ അതീവ പ്രാധാന്യം അധികാരികളിൽ നിന്നുണ്ടാകേണ്ടതുണ്ട്. മലചവിട്ടുന്ന ഭക്തരിലൊരാൾ എന്നനിലയയിലും പരിസ്ഥിതി സംരക്ഷിക്കപ്പെടണമെന്നാഗ്രഹിക്കുന്ന പൗരനെന്ന നിലയിലും ഞാൻ ഈ പ്രളയത്തെ, ശബരിമലയെയും അതുൾപ്പെടുന്ന ആവാസ വ്യവസ്ഥേയും തിരിച്ചുപിടിക്കാനും സംരക്ഷിക്കാനുമുള്ള അവസരമായാണ് കാണുന്നത്. അതിനു വേണ്ട ദീർഘവീക്ഷണത്തോടെയുള്ള മാസ്റ്റർപ്ലാനിനു രൂപം നല്കേണ്ടയിരിക്കുന്നു. കറുപ്പണിഞ്ഞു കാനനവാസനെ കാണാനെത്തുന്നവരെ വന്യ പക്ഷി മൃഗാതികൾ ശാന്തമായി വരവേൽക്കുന്നു.

ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യർ തമ്മിലുള്ള അകലങ്ങൾ കൂടിവരുന്ന ഈ കാലത്തു വാവരു സ്വാമിയുടെയും അയ്യപ്പ സ്വാമിയുടെയും സൗഹൃദത്തിന്റെ കഥ പഠിപ്പിക്കുന്ന ശബരിമല ഇതുപോലെ നിലനിൽക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. കാലാവസ്ഥ വ്യതിയാനത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളാണ് നാം. ഇവിടെയൊരു പ്രളയമുണ്ടായി എന്നുപറഞ്ഞാൽ വിശ്വസിക്കാത്ത രീതിയിൽ ജലം ഇറങ്ങി, കുടിവെള്ളം പോലും കിട്ടാ കണിയാകുകയും, അസഹനീയമായ ചൂടമനുഭവിക്കുന്ന ഈ സമയത് പമ്പ നദിയുൾപ്പെടുന്ന വനസമ്പത്തു സംരക്ഷിക്കേണ്ടതും ഒരനിവാര്യതയായി മാറുന്നു.sabarimala-ulsavam

ആൾക്കാർക്കു ഭക്തി കൂടി വരുന്നുണ്ട്, പക്ഷെ അതിനനുസരിച്ചു ആരാധനാലയങ്ങളും പരിസരവും ശുചിയായി സൂക്ഷിക്കേണ്ട ബോധം ഭക്തരിൽ കുറയുന്നു എന്ന് വേണം കരുതാൻ. ഓരോ പൂരങ്ങളും, ഉത്സവങ്ങളും, പെരുന്നാളുകളും കഴിയുമ്പോൾ അവശേഷിക്കുന്നത് അത്രയ്ക് മാലിന്യങ്ങളാണ്. തീർത്ഥാടനകേന്ദ്രമായ ശബരിമല നേരിടുന്ന പ്രതിസന്ധി ക്ഷേത്രത്തെ ചുറ്റിപ്പറ്റി നിൽക്കുന്ന ആവാസവ്യവസ്ഥിതിയെ സംരഷിക്കുകയെന്നതാണ്.

ദക്ഷിണ ഗംഗയെന്നറിയപെടുന്ന പമ്പാനദിക്ക് ഐതിഹ്യത്തിന്റെ പിൻബലമുണ്ട്. പല ജലസേചന പദ്ധതികളും പമ്പാ നദിയെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. നമ്മുടെ സിരകളിലെ രക്തം എന്ന് നിൽക്കുന്നുവോ അന്ന് അന്ന് നമ്മുടെ ജീവനും അവസാനിക്കും. അതുപോലെ തന്നെയാണ് ഭൂമിയും. നമ്മുടെ ഭൂമിയുടെ ജീവൻ നിലനിർത്തുന്നത് നദികളും ജലാശയങ്ങളുമാണ്. എന്നാണോ ഇത് വറ്റിവരളുന്നത് അന്ന് ഭൂമി തന്നെയില്ലാതാവും. ത്രിവേണി സംഗമഭൂമിയായ പമ്പയിൽ മുങ്ങി നിവർന്നാൽ മോക്ഷം ലഭിക്കുമെന്ന വിശ്വാസത്തിനു നൂറ്റാണ്ടുകളോളം പഴക്കമുണ്ട്. ഓരോ തീർത്ഥാടന കാലം കഴിയും തോറും മോക്ഷദായിനിയും ജീവദായിനുമായ പമ്പ നദിയെ ഭക്തർ അറിഞ്ഞോ അറിയാതെയോ കൂടുതൽ കൂടുതൽ മലിനപ്പെടുത്തികൊണ്ടിരിക്കുകയാണ്.

രണ്ടു വർഷം മുൻപ് മണ്ഡലകാലത്തിനാരംഭംകുറിച്ച വൃശ്ചികം ഒന്നിന് പുലർച്ചെ നാല് മണിക്ക് പമ്പയിൽ കുളിക്കാനിറങ്ങിയ എന്റെ പാദങ്ങളിൽ തട്ടിയത് ഭക്തർ ഉപേക്ഷിച്ച വസ്ത്രങ്ങളാണ്, കൂടാതെ ദേഹത്തിന്റെ അരികിലൂടെ ഒരു വസ്ത്രം വെള്ളത്തിലേക്ക് വീഴുന്നതും കണ്ടു. പടികളിൽ സോപ്പ് കവറുകൾ, ചെറിയ എണ്ണ പായ്ക്കറ്റുകൾ,ഷാമ്പൂ പായ്ക്കറ്റുകൾ.. പുണ്യം പൂങ്കാവനം പോലുള്ള പദ്ധതികൾ നടക്കുന്നുണ്ടെങ്കിലും ഭക്തന്റെ മനസിനെ മാറ്റാൻ കഴയാതെ ഈ പ്രശനം പരിഹരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ആയിരകണക്കിന് ഭക്തരുടെ മനസ് മാറ്റാൻ കഴിയുമോ എന്ന ചോദ്യത്തിനുത്തരം തീർച്ചയായും കഴിയുമെന്ന് തന്നെയാണ്. അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരാണ് വിശ്വാസമാണെന്നു കരുതി വസ്ത്രങ്ങൾ പമ്പയിൽ നിക്ഷേപിക്കുന്നത്.സോപ്പ് കവറുകൾ, ഷാമ്പൂ കവറുകൾ, കുപ്പികൾ എന്നിവ നിക്ഷേപിക്കുന്നവരിൽ മലയാളികളും പെടും. അക്കാര്യത്തിൽ ഭക്തർക്കിടയിൽ ഭാഷ- ജാതി വ്യത്യാസങ്ങളൊന്നുമില്ല. സുപ്രീം കോടതി വിധയോടെ ഏതാണ്ട് നാല്പത് ശതമാനം വർദ്ധനവ് തീർത്ഥാടകരുടെ കാര്യത്തിലുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

അത് കൊണ്ട് തന്നെ ഇത്തരം വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ പതിയേണ്ടതുണ്ട്. ഈ ഒരു പ്രശനം വളരെ എളുപ്പത്തിൽ ശ്രമിച്ചാൽ പരിഹരിക്കാവുന്നതേ ഉള്ളു. ഇവിടെയാണ് ഗുരുവായൂർ മോഡലിന്റെ പ്രസക്തി. നിത്യ സന്ദർശകരുള്ള ഗുരുവായൂരമ്പലത്തിൽ കുളം വളരെ മനോഹരമായാണ് സംരക്ഷിച്ചുപോരുന്നത്. ഭക്തർക്കു കുളിക്കാനുള്ള അവസരം നല്കുന്നുടെങ്കിലും സോപ്പും മറ്റും ഉപയോഗിക്കാനുള്ള അനുമതിയില്ല, മാത്രമല്ല ഇതുറപ്പ് വരുത്താൻ ഒന്ന് രണ്ടുപേർ ജാഗ്രതയോടെ ക്ഷേത്രകുള പരിസരത്തുണ്ടാവുകയും ചെയ്യും. പമ്പ പരിസരത്തും സോപ്പ്, ഷാമ്പൂ, ചെറിയ എണ്ണ പാക്കറ്റുകൾ തുടങ്ങിയവ നിരോധിക്കാവുന്നതേ ഉള്ളു. ഇതിനായി വ്യാപാരികളുടെ സഹകരണം ഉറപ്പു വരുത്തണം, അങ്ങനെയുള്ളവർക്ക് ലൈസൻസ് നൽകിയാൽ മതി.

വളരെ വൈകാരികമായി കാര്യങ്ങളെ കാണുകയും പ്രവർത്തിക്കുകയും ചെയുന്ന ജനതയാണ് തമിഴ്നാട്ടിലെയും ആന്ധ്രായിലുമുള്ളവർ. സിനിമ താരങ്ങൾ , രാഷ്ടിയ നേതാക്കൾ തുടങ്ങിയവരെയെല്ലാം ഒരു കുടുംബാംഗത്തെ പോലെയാണ് അവർ കണ്ടു വരുന്നത്. പമ്പയിലും മറ്റും വസ്ത്രമുപേക്ഷിക്കുന്നത് വിശ്വസനത്തിന്റെ ഭാഗമല്ലെന്നും നമ്മുടെ വിശ്വാസത്തെ കളങ്കപ്പെടുത്തുന്നതാണെന്നും അവരെ ബോധ്യപ്പെടുത്താൻ ഏറ്റവും നല്ലത് അവരാരാധിക്കുന്ന വ്യക്തികളെ കൊണ്ട് പറയിപ്പിക്കലാണ്.കേവലം സൂചന ബോർഡുകളും, പോസ്റ്ററുകളും പതിച്ചതുകൊണ്ട് കാര്യമൊന്നുമില്ല. ജനതയുടെ ആവേശങ്ങളായ രജനികാന്ത്, സ്റ്റാലിൻ, പനീർശെൽവം, വിജയ്, കമൽഹാസൻ, ചിരഞ്ജീവി, മണിരത്നം, ചന്ദ്രശേഖർ റാവു, ചന്ദ്രബാബു നായിഡു പോലുള്ള വ്യക്തിത്വങ്ങളുടെ സേവനം ഇതിനായി ഉപയോഗിക്കാവുന്നതാണ്. സർക്കാർ ഓഫീഫുകളിലെ ലൈറ്റ് ഓഫ് ചെയ്യാൻ മലയാളി താരങ്ങളെ ഉപയോഗിച്ചവരാണ് കേരള സർക്കാർ.

മുഖ്യധാരാ തമിഴ്, തെലുങ്ക് ചാനലുകളിൽ മേല്പറഞ്ഞവർ പറയുന്ന ബോധവൽക്കരണ പരസ്യങ്ങൾ നൽകുക തന്നെ വേണം. ഇത് പ്രധാന ക്ഷേത്രങ്ങളിലും റെയിൽവേ സ്റ്റേഷനലുകളിലും പ്രദർശിപ്പിക്കുകയും ചെയ്യണം. ഇതിനു വരുന്ന ചിലവ് ഒരു നഷ്ടമല്ല, വരുംകാലത്തേക്കുള്ള നല്ല കരുതലാണ്. ഒരുപാട് പോലീസ് ഉദ്യോഗസ്ഥർ ശബരിമല സീസണിൽ ഡ്യൂട്ടിക് നിർത്താറുണ്ട്. അവരുടെ നിസ്വാർത്ഥ സേവനത്തെ അഭിനന്ദിക്കേണ്ടത് തന്നെയാണ്. എന്നാൽ പമ്പ പരിസരം ശുചിയായി നിർത്തുന്ന കാര്യം അവരുടെ ഡ്യൂട്ടിയിൽപെടുന്നതാണെന്നു തോന്നിയിട്ടില്ല വരുന്ന ഭക്തരെ പരിശോധിക്കുനതിനും,വരി ഒരുക്കി സുഗമ ദർശനം ഒരുക്കുന്നതിലുമൊക്കെയാണ് പോലീസ് പ്രവർത്തനം.sannidhanam

കുറച്ചു പൊലീസുകാരെ പമ്പ പരിസരത്തു ഭക്തർ വസ്ത്രമുപേക്ഷിക്കുന്നത് തടയാൻ നിയോഗിച്ചാൽ ഇത് പരിഹരിക്കാം. ഇതിനായി അയ്യപ്പ സേവാ സംഗം പ്രവർത്തകരെയും ഉപയോഗപ്പെടുത്താം, ഗുരുവായൂരിലെ പോലെ നിതാന്ത ജാഗ്രതയും, കൂടെ ഒരു ബോധവത്കരണവുമുണ്ടെങ്കിൽ രണ്ടു വർഷം കൊണ്ട് ഈ പ്രശനം പരിഹരിക്കാവുന്നതേയുള്ളൂ. കാരണം ഒരു തവണ മലകയറുന്ന ഭക്തന് അടുത്ത വർഷവും മല കയറണമെന്ന ഒരഗ്രഹം ഉണ്ടാവുകയും വീണ്ടും വരികയും ചെയ്യുന്നു. മുൻ വർഷത്തിലെ ശീലങ്ങളാണ് ഓരോ അയ്യപ്പനും പിന്തുടരാൻ ആഗ്രഹിക്കുന്നത് അവർക്കു നല്ല ശീലങ്ങൾ പറഞ്ഞു കൊടുക്കാൻ തയ്യാറായാൽ തുടർന്നുമവർ പിന്തുടരും.

കന്നി അയ്യപ്പനായി വരുന്ന ഓരോ സ്വാമിക്കും ഒരു ഗുരു സ്വാമിയുണ്ടാകും വഴികാട്ടിയായി. അന്ധകാരത്തെ അകറ്റി മനുഷ്യനെ നേർ വഴിക്കു നയിക്കുന്നവനാണ് ഗുരു. ഓരോ ഗുരു സ്വാമിയും നല്ല ശീലങ്ങൾ കന്നി സ്വാമിക്കും സഹയാത്രികർക്കും പകരുമ്പോൾ അത് ഭാവിയിലേക്കുള്ള തുടക്കമായി മാറുന്നു.പരിസരം വൃത്തിയാക്കാൻ ആള്കുകളെ നിയമിക്കുന്നതിനേക്കാൾ നല്ലതായി മാലിന്യങ്ങൾ വലിച്ചെറിയുന്നില്ലെന്നു ഉറപ്പു വരുത്തുന്ന സന്നദ്ധ ഭടന്മാരെ നിയമിക്കുന്നതാണ്.

നിലയ്ക്കൽ പാർക്കിങ്  സൗകര്യമൊരുക്കി അവിടെനിന്നും കെ.എസ്. ആർ ടി സി സൗകര്യം ലഭ്യമാക്കുവാനുള്ള തീരുമാനം നല്ലതാണു, നഷ്ടത്തിലായ പൊതുഗതാഗത സംവിധനത്തെ നിലനിർത്തുന്നതിനും, അപകടങ്ങൾ കുറയ്ക്കുവാൻ, ട്രാഫിക് ബ്ലോക്കുകൾ ഒഴിവാകുന്നതിനുമെല്ലാംഇതുപകരിക്കും. പക്ഷെ അതൊരിക്കലും വരുന്ന ഭക്തരെ കൊള്ളയടിക്കാനുള്ള രീതിയിൽ ചാർജ് ഈടാക്കി കൊണ്ടാകരുത്. കൂടുതൽ സർവീസുകളും യാത്രക്കാരും ഉണ്ടാകുമെന്നതിനാൽ അല്പം ചാർജ് കുറച്ചു അവിടെയും നാം മാതൃകയാകേണ്ടിരിക്കുന്നു. മത സൗഹാർദവും ജൈവ വൈവിധ്യവും കൊണ്ട് ശ്രദ്ദേയമായ ശബരിമല ഇനി മുതൽ ജൻഡർ ഫ്രണ്ട് കൂടിയുമായി സംരക്ഷിക്കാൻ കൂടുതൽ നടപടികളുണ്ടാവട്ടെ.

അരുൺ കരിപ്പാൽ (സെനറ്റ് മെമ്പർ, കാലിക്കറ്റ് സർവകലാശാല)

 

 

Read more topics: sabarimala, article, Arun karippal
English summary
Sabarimala should be protected for the next generation
topbanner

More News from this section

Subscribe by Email