topbanner
Monday October 23rd, 2017 - 2:31:am
topbanner

ലൈഫ് മിഷന്‍ : അമിത ജോലിഭാരത്താല്‍ വീര്‍പ്പുമുട്ടി റവന്യൂ ജീവനക്കാര്‍

SNEHA
ലൈഫ് മിഷന്‍ : അമിത ജോലിഭാരത്താല്‍ വീര്‍പ്പുമുട്ടി റവന്യൂ ജീവനക്കാര്‍

തളിപ്പറമ്പ് : ഭവനരഹിതരില്ലാത്ത കേരളം എന്ന സ്വപ്‌ന സാക്ഷാത്കാരത്തിനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച ലൈഫ് മിഷന്‍ പദ്ധതി റവന്യൂ ജീവനക്കാര്‍ക്ക് തലവേദനയാകുന്നു. ഈ പദ്ധതിയില്‍ സമര്‍പ്പിക്കപ്പെട്ട അപേക്ഷകളില്‍ ലഭിച്ച ആദ്യഘട്ട അപ്പീലുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്‌ക്രൂട്ടണി അപ്പീല്‍ കമ്മിറ്റി പരിശോധിച്ച ശേഷം കരട് പട്ടിക പരിഷ്‌കരിച്ച് കഴിഞ്ഞ മാസം 11ന് പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്‍മേല്‍ ആക്ഷേപമുണ്ടെങ്കില്‍ രണ്ടാം അപ്പീല്‍ ജില്ലാ കലക്ടര്‍ മുമ്പാകെ സമര്‍പ്പിക്കുന്നതിനായി 20 വരെ സമയവുമനുവദിച്ചു.

ഇത്തരത്തില്‍ രണ്ടാം അപ്പീല്‍ അപേക്ഷകളായി ഓരോ ജില്ലയിലും പതിനായിരക്കണക്കിന് ആക്ഷേപങ്ങളാണ് ലഭിച്ചത്. അര്‍ഹതയുണ്ടായിട്ടും ലിസ്റ്റില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളെ ഉള്‍പ്പെടുത്താനുള്ള അപ്പീല്‍, അനര്‍ഹരായ കുടുംബങ്ങളെ ലിസ്റ്റില്‍ നിന്നും നീക്കംചെയ്യാനുള്ള അപ്പീല്‍, അര്‍ഹരായ ഗുണഭോക്താക്കളുടെ പേരുവിവരങ്ങളില്‍ തെറ്റ് തിരുത്താനുള്ള അപ്പീല്‍ തുടങ്ങിയവയാണ് രണ്ടാം അപ്പീല്‍ അപേക്ഷകളായി ജില്ലകളക്ടര്‍മാര്‍ മുമ്പാകെ ലഭിച്ചത്. ഇതില്‍ മിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഭരണ കക്ഷിക്കാരുടെ സ്വന്തക്കാരായ അനര്‍ഹരെ തിരുകികയറ്റി എന്ന പേരില്‍ നീക്കം ചെയ്യണമെന്ന് കാണിച്ചാണ് കൂടുതല്‍ അപ്പീലുകള്‍ ഉളളത്.

അപ്പീലുകള്‍ പരിശോധിക്കാനായി ജില്ലാ കളക്ടര്‍മാര്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം മുഖേന വില്ലേജ് ഓഫീസര്‍മാരെയാണ് ചുമതലപ്പെടുത്തിയത്. അപേക്ഷ ലഭിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഇത്തരം അപേക്ഷകളില്‍ ഫീല്‍ഡുപരിശോധന നടത്തണമെന്നാണ് റവന്യൂ ജീവനക്കാര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. സംസ്ഥാനത്തെ ഓരോ വില്ലേജ് ഓഫീസുകളിലും ഏറ്റവും ചുരുങ്ങിയത് 150 അപ്പീല്‍ അപേക്ഷകളെങ്കിലും ലഭിച്ചിട്ടുണ്ട്. ഈ അപ്പീല്‍ അപേക്ഷകളില്‍ പരിശോധന നടത്തി ഒക്ടോബര്‍ 16 മുതല്‍ 28വരെയുള്ള തീയ്യതികളില്‍ ഗ്രാമസഭ, വാര്‍ഡ്‌സഭ കൂടി പട്ടിക അംഗീകരിക്കാനും അന്തിമ ഗുണഭോക്തൃ പട്ടിക ഒക്ടോബര്‍ 31ന് പ്രസിദ്ധീകരിക്കുവാനുമാണ് ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഇതിനായി എത്രയും പെട്ടെന്ന് ഫീല്‍ഡ് പരിശോധന പൂര്‍ത്തിയാക്കി തിരികെ സമര്‍പ്പിക്കാന്‍ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ വില്ലേജ് ഓഫീസര്‍മാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. എന്നാല്‍ 1972ലെ സ്റ്റാഫ് പാറ്റേണുമായി ആവശ്യത്തിന് ജീവനക്കാരില്ലാതെ പൊറുതിമുട്ടുന്ന വില്ലേജ് ഓഫീസുകളില്‍ നിന്ന് ലൈഫ് മിഷനു വേണ്ടിയും ജീവനക്കാരെ നിയമിക്കുന്നതോടെ റവന്യൂവകുപ്പുമായി ബന്ധപ്പെട്ട ജോലികള്‍ സ്തംഭിച്ചിരിക്കയാണ്.

ഭൂനികുതി പിരിവ്, സൈറ്റ്പ്ലാന്‍, കെട്ടിട നികുതി പിരിക്കല്‍ തണ്ടപ്പേര്‍ നമ്പര്‍ കൊടുക്കല്‍, ഓണ്‍ലൈന്‍ പോക്കുവരവ്, പ്രകൃതിക്ഷോഭ സംബന്ധമായ ജോലികള്‍ തുടങ്ങി ദൈനംദിന ജോലികള്‍ പോലും ചെയ്തുതീര്‍ക്കാന്‍ ആവശ്യത്തിന് ജീവനക്കാരില്ലാതെ പൊറുതിമുട്ടുമ്പോള്‍ നിലവിലുള്ളവരില്‍ ഇത്തരത്തില്‍ അമിതജോലിഭാരം അടിച്ചേല്‍പ്പിക്കുന്നത് ജീവനക്കാരില്‍ അമര്‍ഷം ഉളവാക്കിയിരിക്കുകയാണ്. കൂടാതെ അപ്പീല്‍ തള്ളപ്പെടുമ്പോള്‍ അപേക്ഷകരുമായി ഏറ്റുമുട്ടലിന് തങ്ങള്‍ ഇരകളാക്കപ്പെടുമോ എന്ന ആശങ്കയിലുമാണ് റവന്യൂ ജീവനക്കാര്‍.

English summary
Life Mission: Revenue employees with heavy workloads
topbanner topbanner

More News from this section

Subscribe by Email