Monday March 25th, 2019 - 7:57:pm
topbanner
topbanner

അഭിഭാഷകര്‍ ഫാഷിസ്റ്റ് ഗുണ്ടകളാകുമ്പോള്‍

അഡ്വ. ജഹാംഗീർ റസാഖ് പാലേരി
അഭിഭാഷകര്‍ ഫാഷിസ്റ്റ് ഗുണ്ടകളാകുമ്പോള്‍

മറ്റെല്ലാ മേഖലകളിലും, അനീതികളും, അഴിമതിയും പേമാരിയായി പെയ്യുമ്പോള്‍ ഒരു ജനാധിപത്യ രാഷ്ട്രമെന്ന നിലയില്‍ നമ്മുടെ രാജ്യത്ത് താരതമ്മ്യേന ഭേദപ്പെട്ടു നില്‍ക്കുന്ന ജനാധിപത്യവ്യവസ്ഥയുടെ അടിസ്ഥാന സ്തംഭങ്ങളില്‍ ഒന്നാണ് ജുഡീഷ്യറി. സങ്കീര്‍ണ്ണവും സംഘര്‍ഷാത്മകവുമായ സാഹചര്യങ്ങളിലാണ് നമ്മുടെ കോടതികള്‍ പ്രവര്‍ത്തിക്കുന്നത്. ജനാധിപത്യം, സെക്കുലറിസം, സാമൂഹ്യനീതി, പൌരാവകാശങ്ങള്‍, മനുഷ്യാവകാശങ്ങള്‍, ലിംഗനീതി തുടങ്ങി ഒട്ടനവധി വിഷയങ്ങളെക്കുറിച്ച് സജീവമായ സംവാദങ്ങളും തര്‍ക്കങ്ങളും നടക്കുകയും ഭരണകൂടങ്ങള്‍ തന്നെ ഇവയില്‍ ഏതെങ്കിലും പക്ഷം ചേര്‍ന്ന് ഇടപെടുകയും ചെയ്യുന്ന സാഹചര്യങ്ങളിലാണ് കോടതികള്‍ക്ക് പ്രവര്‍ത്തിക്കേണ്ടിവരുന്നത്.

ഇത്തരം സങ്കീര്‍ണ പ്രശ്‌നങ്ങളെക്കുറിച്ച് നിലപാടെടുക്കാന്‍ കഴിയുന്ന, ജനാധിപത്യസമൂഹത്തിന്റെ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനമായി കോടതികള്‍ക്ക് മാറാന്‍ കഴിയുന്നുണ്ടോ? അതിനാവശ്യമായ വിഭവങ്ങള്‍ ഇന്നു കോടതികളുടെ പക്കല്‍ ലഭ്യമാണോ? സ്വയം സൃഷ്ടിച്ച ഇരുമ്പുമറയ്ക്കുള്ളില്‍നിന്ന് സമൂഹപ്രശ്‌നങ്ങളുടെ വിധികര്‍ത്താക്കളായി മാറാന്‍ കോടതികള്‍ നടത്തുന്ന ശ്രമം എത്രമാത്രം ജനാധിപത്യ വ്യവസ്ഥയ്ക്ക് ഗുണകരമാണ്? ഇവയെക്കുറിച്ച് സഗൌരവമായ അന്വേഷണം ആവശ്യമായിരിക്കുന്നു. അതിന് നമ്മുടെ നീതിന്യായവ്യവസ്ഥയുടെ വളര്‍ച്ചയും നാം പരിശോധിക്കണം.


അഭിഭാഷകര്‍ കോടതിയുടെയും, നീതിന്യായസംവിധാനത്തിന്റെയും ഭാഗം തന്നെയാണ്. ഉത്തമമായ തീര്‍പ്പുകള്‍ കല്‍പ്പിക്കാന്‍ കോടതികളെ സഹായിക്കുന്ന ഓഫീസര്‍മാരാണവര്‍. ബാര്‍ ബെഞ്ച് ബന്ധം ക്രിയാത്മകവും, ഊഷ്മളവും, പ്രത്യുല്‍പ്പന്നമതിത്വം ഉള്ളതുമാകുമ്പോള്‍ മാത്രമേ, അത്രമേല്‍ ഉല്‍കൃഷ്ടമായതും, മനുഷ്യപക്ഷത്തു നില്‍ക്കുന്നതുമായ വിധികള്‍ ഉണ്ടാവുകയുള്ളൂ. ഈ പശ്ചാത്തലത്തിലാണ് ഡല്‍ഹി പാട്യാല കോടതിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംഘപരിവാര്‍ അനുകൂല അഭിഭാഷകര്‍ നടത്തിയ അഴിഞാട്ടത്തെ വിലയിരുത്തേണ്ടത് . ഡല്‍ഹി പാട്യാല കോടതിയില്‍ ഒരു പറ്റം അഭിഭാഷകര്‍ വിദ്യാര്‍ഥികളെയും മാധ്യമപ്രവര്‍ത്തകരെയും കോടതി നടക്കുന്ന സമയത്ത് കയ്യേറ്റം ചെയ്യുകയാനുണ്ടായത് . ബീ ജെ പി എം എല്‍ എ ഒ.പി. ശര്‍മ്മയായിരുന്നു ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് . രാജ്യദ്രോഹക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്ത ജവര്‍ഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി (ജെ.എന്‍.യു) വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കവെയായിരുന്നു അഭിഭാഷകരുടെ ക്രിമിനല്‍ വിളയാട്ടം. മര്‍ദ്ദനത്തില്‍ അനവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സി.പി.ഐ നേതാവ് ബിനോയ് വിശ്വം അടക്കമുള്ള ഇടതു നേതാക്കളും പരിക്ക് പറ്റിയവരില്‍ പെടുന്നു .

ജെ.എന്‍.യുവിനെതിരെ മുദ്രാവാക്യം വിളിച്ച അഭിഭാഷകര്‍ വിദ്യാര്‍ഥികള്‍ക്കു നേരെ തിരിയുകയായിരുന്നു. ജെ.എന്‍.യു ഫാക്കല്‍റ്റി അംഗങ്ങളും പരിക്ക് പറ്റിയവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. ആക്രമണം വീണ്ടും ആവര്‍ത്തിച്ചു . പൊലിസ് കസറ്റഡിയിലുള്ള ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ കനയ്യ കുമാറിന് കോടതി വളപ്പില്‍ ഇതേ അഭിഭാഷക ക്രിമിനല്‍ കൂട്ടം മര്‍ദ്ദിച്ചു. പോലീസ് കാവലില്‍ പട്യാല കോടതിയില്‍ ഹാജരാക്കുന്നതിനിടെയാണ് ബിജെപി അഭിഭാഷകന്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. കനയ്യ കുമാറിനെ കോടതിയിലെത്തിക്കും മുമ്പ് തന്നെ കോടതി വളപ്പ് സംഘര്‍ഷഭൂമിയായി തീര്‍ന്നിരുന്നു. കനയ്യകുമാറിനെ മര്‍ദിക്കും മുമ്പ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അഭിഭാഷകര്‍ അക്രമം അഴിച്ചുവിട്ടു.

ക്യാമറകള്‍ തല്ലിതകര്‍ത്തു. .കോടതി പരിസരത്ത് അഭിഭാഷകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും എണ്ണം പരിമിതപ്പെടുത്തി സുപ്രീം കോടതി നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് സംഘര്‍ഷം അരങ്ങേറിയത്.അഭിഭാഷകര്‍ സംഘം ചേര്‍ന്ന് അക്രമം അഴിച്ചു വിടുകയായിരുന്നു. ഇവരെ തടയാന്‍ ഡല്‍ഹി പോലീസ് തയ്യാറായില്ല. മുന്‍പത്തെ ആക്രമണം അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച കപില്‍സിബലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ കമ്മീഷന് നേരെയും പട്യാലകോടതിയില്‍ കൈയ്യേറ്റമുണ്ടായി.

ഈ സാഹചര്യത്തില്‍ കേസില്‍ സുപ്രീംകോടതി ഇടപ്പെട്ടു. പട്യാല ഹൌസ് കോടതിയില്‍ എന്താണ് സംഭവിക്കുന്നത് എന്ന് അന്വേഷിച്ച് പത്തു മിനുട്ടിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഡല്‍ഹി പോലീസ് ജോയിന്റെ കമ്മീഷണറോട് സുപ്രീം കോടതി ഉത്തരവിട്ടു. പത്തു മിനുട്ടു കൂടുമ്പോള്‍ സംഭവത്തിന്റെ വിവരങ്ങള്‍ അറിയിക്കാനും സുപ്രീം കോടതി ആവശ്യപ്പെടുകയുണ്ടായി .


രാജ്യത്തിന്റെ പൊതുവിലും , സുഗമമായനീതിനടത്തിപ്പിന്റെ കാര്യത്തില്‍ ജുഡീഷ്യറിയുടെ പ്രത്യേകിച്ചും യശസ്സിനു കളങ്കമേല്പ്പിച്ച പ്രവര്‍ത്തിയാണ് സംഘപരിവാര്‍ ക്രിമിനലുകളായ വക്കീലന്മാരില്‍ നിന്നുണ്ടായത് . അഭിഭാഷകരും അഭിഭാഷകവേഷമണിഞ്ഞവരുമായ സംഘപരിവാര അക്രമികളുടെ തേര്‍വാഴ്ചയാണ് കോടതിക്കകത്തും കോടതിവളപ്പിലും കണ്ടത്. അഭിഭാഷകരില്‍നിന്നുമുണ്ടായത് ഒറ്റപ്പെട്ട നീക്കമല്ല. സംഘപരിവാര അഭിഭാഷകരുടെ അഴിഞ്ഞാട്ടത്തിന് ഹുബ്ലിയിലും ജയ്പൂരിലും ലഖ്‌നോയിലും ചെന്നൈയിലും കോടതികള്‍ മുമ്പ് സാക്ഷ്യംവഹിച്ചിട്ടുണ്ട്. പക്ഷേ, നരേന്ദ്ര മോഡി ഇന്ദ്രപ്രസ്ഥത്തില്‍ അധികാരത്തില്‍ എത്തിയതിനു ശേഷം രാജ്യത്താകമാനം നടക്കുന്ന ദളിത് ന്യൂനപക്ഷ വേട്ടകളുടെയും , അതിനെ ചെറുക്കുവാന്‍ ശ്രമിക്കുന്ന മതേതര ഫാഷിസ്റ്റ് വിരുദ്ധ മനുഷ്യരെ ഉന്മൂലനം ചെയ്യുകയും ചെയ്യുന്ന കറുത്ത നാളുകളില്‍ ദല്‍ഹിയിലെ ക്രിമിനലുകളായ അഭിഭാഷകര്‍ പാട്യാല കോടതിയില്‍ നടത്തിയ തെമ്മാടിത്തരങ്ങള്‍ ചെറുതായി കാണാനാവില്ല . മോദി ഭരണകൂടവും ഡല്‍ഹി പോലിസ് സേനയും ഈ അക്രമങ്ങള്‍ക്കെല്ലാം മൗനാനുവാദം നല്‍കുന്നതാണു ഈ വിഷയത്തിലെ അപകടകരമായ കാഴ്ച. നിയമവാഴ്ച ഉറപ്പുവരുത്തേണ്ടവരില്‍നിന്നു സംഭവിക്കുന്ന വീഴ്ച അതീവ ഗുരുതരമായ സാഹചര്യത്തിലേക്കാണ് രാജ്യത്തെ നയിക്കുന്നത്. ഭരണസംവിധാനങ്ങളും നിയമപാലകരും അക്രമികള്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കണം.

മാത്രമല്ല ഈ അഭിഭാഷകരുടെ ഗുണ്ടാവാഴ്ച 1961 ലെ അഭിഭാഷക നിയമങ്ങള്‍ക്കും ( ഠവല അറ്ീരമലേ െഅര േ1961) ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ അഭിഭാഷകരുടെ അച്ചടക്കവുമായ ബന്ധപ്പെട്ട മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ക്കും വിരുദ്ധമാണ് . 1961 ലെ അഭിഭാഷക നിയമത്തിലെ സെക്ഷന്‍ 35 പ്രകാരം പ്രൊഫഷനല്‍ മിസ്‌കണ്ടക്റ്റ് നടത്തിയിട്ടുള്ള പാട്യാല കോടതിയിലെ മേല്‍പ്പറഞ്ഞ അഭിഭാഷകര്‍ക്കെതിരെ ബാര്‍ കൌണ്‍സിലിനു നടപടി എടുക്കാവുന്നതാണ് . ഇതേ നിയമത്തിന്റെ സെക്ഷന്‍ 36, 36ആ എന്നിവ പ്രകാരം ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യക്ക് ഈ അഭിഭാഷകരുടെ സനത് റദ്ദ് ചെയ്യുന്നത് ഉള്‍പ്പടെയുള്ള അച്ചടക്ക നടപടികള്‍ കൈക്കൊള്ളാന്‍ അധികാരമുണ്ട് . ഇവര്‍ ചെയ്തിട്ടുള്ള ക്രിമിനല്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതി പോലീസിനു കൈമാറാനും ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യക്ക് അധികാരമുണ്ട് .

അഭിഭാഷകര്‍ക്ക് എങ്ങനെ നിയമം കയ്യിലെടുക്കാന്‍ കഴിയുന്നു എന്ന ചോദ്യമായിരുന്നു ഈ വിഷയത്തില്‍ ഇടപെട്ടുകൊണ്ട് സുപ്രീംകോടതി ചോദിച്ചത്. തീവ്രനിലപാടുകള്‍ രാജ്യത്തെ അസ്ഥിരപ്പെടുത്തുമെന്നും, എല്ലാവരും മിതത്വം പാലിക്കണമെന്നും കോടതിയില്‍ നിന്ന് നിര്‍ദേശമുണ്ടായി .കോടതിയിലുണ്ടായ നടപടികളെ തുടര്‍ന്ന് പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരുത്താനും സുപ്രീം കോടതി തീരുമാനിച്ചിട്ടുണ്ട്. കോടതിയില്‍ ഈ വിഷയങ്ങള്‍ പരിഗണിക്കുന്ന ദിവസമായിരുന്നു രാജീവ് ടാഡാക്ക് എന്ന അഭിഭാഷകന്‍ ഇന്ന് വന്ദേമാതരം മുഴക്കിയത്. അങ്ങിനെയാണ് കോടതിയില്‍ അഞ്ച് വിദ്യാര്‍ത്ഥികളെയും, രണ്ട് അധ്യാപകരെയും അഞ്ച് മാധ്യമപ്രവര്‍ത്തകരെയും മാത്രമേ പ്രവേശിപ്പിക്കൂ എന്ന് സുപ്രീംകോടതിക്ക് നിര്‍ദേശം നല്‍കേണ്ടി വന്നത് . പാട്യാല കോടതി നടപടികള്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കാന്‍ കോടതി ദില്ലി പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോടതിനടപടികള്‍ ജനങ്ങളിലെത്തണമെന്നതിനാല്‍ മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ നിന്ന് മാറ്റിനിര്‍ത്താനാകില്ലെന്നും സുപ്രീംകോടതി നിരീക്ഷിക്കുകയുണ്ടായി.


വിഖ്യാത അമേരിക്കന്‍ ചിന്തകനായ നോം ചോംസ്‌കി, നൊബേല്‍സമ്മാന ജേതാവ് ഓര്‍ഹാന്‍ പാമുക് തുടങ്ങി നിരവധി പേര്‍ കനയ്യക്ക് അനുകൂലമായി രംഗത്തുവന്നത്ഈ പശ്ചാത്തലങ്ങളിലാണ്; ഇവരുടെ പിന്തുണ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയ്ക്കും , കനയ്യ കുമാര്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ഥി നേതാക്കള്‍ക്കും ലഭിക്കുന്നത് ഒരു നിസ്സാരസംഭവമല്ല. ലോകത്തെ നൂറോളം സര്‍വകലാശാലകള്‍ ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്കു പിന്തുണയുമായി രംഗത്തുവന്നിരിക്കുന്നു. പട്യാല കോടതിവളപ്പില്‍ അരങ്ങേറിയ ആക്രമണത്തിന് സുപ്രീംകോടതി വിശദീകരണം ആവശ്യപ്പെട്ടത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വന്നതിനു ശേഷമാണ് ലോകത്തിന്റെ നാനാഭാഗത്തുമുള്ള ഫാഷിസ്റ്റ് വിരുദ്ധ നിലപാടുള്ള മനുഷ്യരുടെയും സംഘടനകളുടെയും പിന്തുണ ഖചഡ വിലെക്കൊഴുകുന്നത്.

സംഭവങ്ങള്‍ ഇങ്ങനെയൊക്കെ പരിണമിച്ചിട്ടും 'രാജ്യദ്രോഹികളായ വിദ്യാര്‍ഥികളെ' വേട്ടയാടാനാണ് സംഘ്പരിവാര്‍ ശ്രമം. വിദ്യാര്‍ഥികള്‍ക്കെതിരായി അവര്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ ഒന്ന് അവര്‍ 'പാകിസ്താന്‍ സിന്ദാബാദ്' എന്നു വിളിച്ചെന്നാണ്. ഏറ്റവും ബാലിശവും അടിത്തറയില്ലാത്തതുമാണ് ഈ ആരോപണം. ഇത് വിളിച്ചത് സംഘ്പരിവാര്‍ വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പി ആണെന്ന് വിഡിയോകളിലൂടെ വ്യക്തമായിട്ടും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് മോദിസര്‍ക്കാര്‍ ചെയ്യുന്നത്.

മാത്രമല്ല കഴിഞ്ഞ ദിവസം ദേശീയത , രാജ്യസ്‌നേഹം , രാജ്യദ്രോഹം തുടങ്ങിയ പദാവലികളുടെ പ്രയോഗങ്ങളിലൂടെ ഹൈന്ദവ ദേശീയത അടിച്ചേല്‍പ്പിക്കാന്‍ നീതിന്യായ സംവിധാനങ്ങളെപ്പോലും ദുരുപയോഗം ചെയ്യുന്ന ഒളിഞ്ഞിരിക്കുന്ന ഒരപകടവും ഈ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നുണ്ട് . ഇന്ത്യന്‍ ദേശീയതയുടെ സമവാക്യമായി 'ഹിന്ദുത്വ'ത്തെ അവരോധിക്കാനുള്ള ശ്രമങ്ങള്‍ മോദിയുഗത്തില്‍ ശക്തവും സജീവവുമാണ്. സംഘചാലകുമാര്‍ മാത്രമല്ല, ജനപ്രതിനിധികളായ പാര്‍ലമെന്റ് അംഗങ്ങളും മന്ത്രിമാരും ചില സന്യാസി വേഷധാരിളും വരെ 'ഹിന്ദുത്വ'ത്തെ ഇന്ത്യന്‍ ജനതയുടെ മേല്‍ അടിച്ചേല്‍പിക്കുകയാണ്. അത് അംഗീകരിക്കാത്തവര്‍ക്ക് പാക്കിസ്താനിലേക്കുള്ള വണ്ടിയും ഏര്‍പെടുത്തിയിട്ടുള്ള കറുത്ത രാഷ്ട്രീയ ദിനങ്ങള്‍ ഇന്ത്യയില്‍ രൂപം കൊണ്ടിരിക്കുന്നു . സ്വതന്ത്രവും ബഹുസ്വരവുമായി ചിന്തിക്കുന്ന സര്‍വ്വകലാശാലകളെ തകര്‍ക്കുവാനുള്ള ശ്രമങ്ങളെ ഈ പശ്ചാത്തലത്തില്‍ വിലയിരുത്തേണ്ട വസ്തുതകളാണ് .

ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ ജെഎന്‍യുവിന്റെ സ്വഭാവവുമായി ബന്ധപ്പെട്ടതാണ്. ജെഎന്‍യു ഇന്ത്യയില്‍ മാത്രമല്ല ലോകത്തില്‍ തന്നെ ഏറ്റവും പേരുള്ള സര്‍വകലാശാലയാണ്. അതിന് അതിന്റേതായ സംസ്‌കാരമുണ്ട്.അത് ബഹുസ്വരതകളെ അംഗീകരിക്കുന്ന , സംവാദാത്മകമായ അക്കാദമിക് അന്തരീക്ഷങ്ങളെ സമന്വയിപ്പിക്കുന്ന സംസ്‌കാരമാണ് . ആ സംസ്‌കാരം ഒരിക്കലും ബലപ്രയോഗത്തില്‍ അധിഷ്ഠിതമായതല്ല. ജെഎന്‍യു ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയുമാണ് എല്ലാവിധ അഭിപ്രായ വ്യത്യാസങ്ങള്‍ക്കും വഴി കണ്ടുപിടിച്ചിരുന്നത്.

അവിടെ പഠിച്ചിരുന്നത് മിക്കവാറും ലിബറല്‍ ഇടതുപക്ഷ സ്വഭാവമുള്ള വിദ്യാര്‍ത്ഥികളായിരുന്നു. വലതുപക്ഷത്തിന് വലിയ സ്വാധീനമുണ്ടായിരുന്നില്ല. അടുത്തകാലത്താണ് വലതുപക്ഷ സംഘടനകള്‍ അവിടെ കുറേ സ്വാധീനം ചെലുത്താന്‍ തുടങ്ങിയത്. അതുകൊണ്ട് ഇന്ത്യയിലെ മറ്റെല്ലാ സര്‍വകലാശാലകളിലും സ്ഥാപനങ്ങളിലും നടക്കുന്നതു പോലെ സംഘപരിവാറും ആര്‍എസ്എസും ഈ സ്ഥാപനങ്ങളെ കയ്യടക്കാന്‍ ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായി ഈ സംഘടനകള്‍ സ്ഥാപനങ്ങളെ അവരുടെ അധികാരത്തിന്റെ കീഴില്‍ കൊണ്ടുവരികയും, അതു സാധ്യമല്ലാത്തിടത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അനൈക്യം സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണ്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടന്നത് വാസ്തവത്തില്‍ അത്തരത്തിലൊരു വര്‍ഗീയ അജണ്ടയുടെ ഭാഗമായ പ്രവര്‍ത്തനമാണ്.

പക്ഷേ, രാജ്യത്തെ അത്രമേല്‍ മഹത്തരമായ നീതിന്യായ സംവിധാനത്തിന്റെ ഭാഗമായ അഭിഭാഷകര്‍ സംഘപരിവാര്‍ ഫാഷിസ്റ്റ് അജന്‍ഡകള്‍ നടപ്പിലാക്കുന്നവരുടെ ഗുണ്ടകളായി അധപതിക്കുന്നത് ആത്യന്തികമായി കളങ്കപ്പെടുത്തുകയും , വിശ്വാസം നഷ്ട്ടപ്പെടുത്തുകയും ചെയ്യുന്നത് നമ്മുടെ ജുഡീഷ്യറിയുടെ അന്തസ്സിന്റേയും , യശസ്സിന്റേയും തന്നെയാണ് .

'ആരെ പ്രീതിപ്പെടുത്താനാണ് മോഹന്‍ലാലിന്റെ ബ്ലോഗ്'; ജഹാംഗീറിന്റെ പോസ്റ്റ് വൈറല്‍

Read more topics: JNU, Lawyer, Jahangeer Palayil
English summary
Jahangeer Palayil article about JNU Lawyer, some lawyers, attacked journalists, students and teachers of JNU.
topbanner

More News from this section

Subscribe by Email