Tuesday June 25th, 2019 - 3:47:am
topbanner
topbanner

സ്വയം വഴങ്ങിക്കൊടുക്കുന്നതിനെ എങ്ങനെ പീഡനമെന്ന് വിളിക്കാനാകും? സോളാര്‍ കേസില്‍ അഡ്വ: വിമല ബിനുവുമായുള്ള അഭിമുഖം

NewsDesk
സ്വയം വഴങ്ങിക്കൊടുക്കുന്നതിനെ എങ്ങനെ പീഡനമെന്ന് വിളിക്കാനാകും? സോളാര്‍ കേസില്‍ അഡ്വ: വിമല ബിനുവുമായുള്ള അഭിമുഖം

സോളാര്‍ കേസില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സരിത എസ് നായര്‍ ഉയര്‍ത്തിയ പീഡനാരോപണം സോളാര്‍ വിഷയം വീണ്ടും കേരളത്തില്‍ സജീവമാകുന്നതിന്റെ സൂചന നല്‍കുകയാണ്. കേസില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. അതേസമയം ഈ കേസിലെ ഇപ്പോഴത്തെ ആരോപണങ്ങള്‍ കോടതിയില്‍ നിയമപരമായി നിലനില്‍ക്കില്ല എന്ന് കേസിന്റെ നിയമവശങ്ങള്‍ പഠിച്ച ശേഷം സമര്‍ത്ഥിക്കുകയാണ് കേരള ഹൈക്കോടതി അഭിഭാഷകയായ അഡ്വ: വിമല ബിനു.

മുമ്പ് ബംഗ്ലാദേശി പീഡനക്കേസ്, പറവൂര്‍ പെണ്‍വാണിഭക്കേസ് തുടങ്ങി പ്രമാദമായ കേസുകളില്‍ രാഷ്ട്രീയം നോക്കാതെ ഇരയ്‌ക്കൊപ്പം ശക്തമായി നിലകൊണ്ട വിമല ബിനു, ഇപ്പോഴത്തെ കേസ് വ്യാജമാണെന്നും, സ്ത്രീത്വത്തിനാകെ അപമാനമാണെന്നും കാര്യകാരണസഹിതം വ്യക്തമാക്കുന്ന അഭിമുഖം.

സോളാര്‍ കേസില്‍ 'പീഡനം' അല്ലെങ്കില്‍ 'ബലാത്സംഗം' എന്ന പേരില്‍ കേസ് നിലനില്‍ക്കാത്തതിനു കാരണം എന്താണ്?

ഒരു ബലാത്സംഗം, ബലാല്‍ക്കാരമായ ആക്രമണമാകുന്നത് ഒറ്റപ്പെട്ട സാഹചര്യത്തില്‍ പ്രതികരിക്കാന്‍ പോലുമാകാതെ ഒരു സ്ത്രീ ആക്രമിക്കപ്പെടുമ്പോഴാണ്. എന്നാല്‍ സോളാര്‍ കേസില്‍ ഇര ചെയ്തത് കൃത്യമായ മുന്നൊരുക്കങ്ങളോടെ, ദൃശ്യം റെക്കോര്‍ഡ് ചെയ്യാനുള്ള പ്ലാനിങ് നടത്തി കൃത്യനിര്‍വ്വഹണത്തിനായി പ്രതികളെ സഹായിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുകയാണ്. ഇര നല്‍കിയ കേസിലെ പ്രസ്താവനയില്‍ നിന്നും മനസ്സിലാകുന്ന കാര്യമാണ് ഇത്. സ്വയം ലൈംഗികചൂഷണത്തിന് വിധേയയാകുന്നതിന്റെ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തു എന്നത് അതില്‍ തന്നെയുള്ള പ്ലാനിങ് വ്യക്തമാക്കുന്നു.

മാത്രമല്ല ഈ കേസില്‍ പീഡനം നടത്തിയവരെക്കാള്‍ കായികക്ഷമതയുള്ളയാളാണ് ഇര. പീഡനം നടന്ന മുറിയില്‍ ഒച്ച വയ്ക്കുവാനോ, ഇറങ്ങിയോടുവാനോ, പീഡിപ്പിക്കുന്നയാളെ തള്ളിമാറ്റാനോ കഴിയുമായിരുന്നിട്ടും ഇര അതിന് ശ്രമിച്ചിട്ടില്ല. അതിനാല്‍ത്തന്നെ നമ്മുടെ നാട്ടില്‍ പീഡിപ്പിക്കപ്പെട്ട നിരവധി പെണ്‍കുട്ടികളുടെ കാര്യത്തില്‍ സംഭവിച്ചതില്‍ നിന്നും വ്യത്യസ്തമാണ് ഈ കേസ്.

ഇന്ത്യന്‍ ശിക്ഷാനിയമം 376 പ്രകാരമുള്ള പീഡനക്കുറ്റമായി ഒരു കേസ് മാറുന്നത് സ്ത്രീയെ അവളുടെ സമ്മതമില്ലാതെയും, അവളുടെ ഇഷ്ടത്തിന് വിരുദ്ധമായും ലൈംഗികമായി ആക്രമിക്കുമ്പോഴാണ്. ഇത്തരം ആക്രമണങ്ങള്‍ നടത്തുമ്പോള്‍ സ്ത്രീയുടെ സമ്മതം ഉണ്ടെങ്കില്‍ തന്നെ ചില കേസുകളില്‍ ഇവ പീഡനമായി മാറാം. അവ എങ്ങനെയെന്നാല്‍, പെണ്‍കുട്ടിയുടെ സമ്മതം വാങ്ങിയത് അവളെ ഭീഷണിപ്പെടുത്തിയോ, അവള്‍ക്ക് താല്‍പര്യമുള്ള ഏതെങ്കിലും വ്യക്തിയെ കൊല്ലുമെന്നോ ആക്രമിക്കുമെന്നോ ഭീഷണിപ്പെടുത്തിയോ ആണെങ്കില്‍ മാത്രമാണ്.

ഈ കേസില്‍ ഇരയായ സ്ത്രീ ശാരീരികചൂഷണത്തിന് നിന്നുകൊടുത്തത് കമ്പനിയെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റുന്നതിനാണെന്നാണ് ഇരയുടെ പ്രസ്താവനയില്‍ നിന്നും വ്യക്തമാകുന്നത്. അത് ഉദ്ദേശിക്കുന്നത് സാമ്പത്തികലാഭമാണ്. ഇത് മുമ്പ് മുന്‍മന്ത്രി ജോസ് തെറ്റയിലിന് നേരെ ഉയര്‍ന്ന വിവാദവുമായി ബന്ധപ്പെടുത്താവുന്നതാണ്.

അന്നും പരാതിക്കാരി ആരോപണവിധേയനുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന ദൃശ്യം സ്വയം റെക്കോര്‍ഡ് ചെയ്ത ശേഷം താന്‍ പീഡിപ്പിക്കപ്പെട്ടു എന്ന് പരാതി നല്‍കുകയാണുണ്ടായത്. പക്ഷേ ആ കേസ് നിലനില്‍ക്കാതെ കോടതി തള്ളുകയാണ് സംഭവിച്ചത്. അന്ന് കോടതി പരാമര്‍ശിച്ച 'സമ്മതത്തോടെയുള്ള ലൈംഗികബന്ധം' (Consensual Sexual Intercourse) തന്നെയാണ് ഇവിടെയും നടന്നിരിക്കുന്നത്.

ലൈംഗികപീഡനക്കേസുകളില്‍ 'വൈദ്യശാസ്ത്ര തെളിവുകള്‍' എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നു?

ലൈംഗികപീഡനക്കേസുകളില്‍ ഇരയുടെ മൊഴി പോലെ അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നതാണ് ഇരയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ നിന്നും ലഭിക്കുന്ന വൈദ്യശാസ്ത്ര തെളിവുകള്‍. ആക്രമണത്തിനരയായ വ്യക്തിയുടെ സ്വകാര്യലൈംഗിക ഭാഗങ്ങളിലെ മുറിവുകള്‍ ആക്രമണം ബലാല്‍ക്കാരമായി നടന്നതാണോ എന്ന് വെളിപ്പെടുത്തുന്നു. ആക്രമണം നടന്നതിനു ശേഷം പരാതിപ്പെടുന്നത് വൈകിയാണെങ്കില്‍ക്കൂടി വൈദ്യശാസ്ത്രപരിശോധന നടത്തിയതിന്റെ തെളിവുകള്‍ ആവശ്യമാണ്.

ഈ തെളിവുകള്‍ പുരുഷബീജം (Semen), രക്തം, യോനീദ്രവം (Vaginal Secretions), ഉമിനീര്‍ (Saliva), Vaginal Epithelial Cells, യോനീനാളത്തിലെ മുറിവ് (Vaginal Torn) തുടങ്ങിയവയാണ്. ഈ തെളിവുകള്‍ കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്നും ഫോറന്‍സിക് വിദഗ്ദ്ധര്‍ ശേഖരിച്ച ശേഷം, ആരോപണവിധേയന്റെ/വിധേയരുടെ ശരീരത്തില്‍ നിന്നും ശേഖരിക്കുന്ന സാംപിളുകളുമായി ഒത്തുനോക്കിയാണ് ബലാത്സംഗം നടന്നോ ഇല്ലയോ എന്ന് കോടതി വിചാരണവേളയില്‍ ഉറപ്പിക്കുന്നത്. ഇരയുടെ മൊഴി മാത്രം നോക്കി പീഡനം നടന്നു എന്ന് ഉറപ്പിക്കാന്‍ കഴിയില്ല. ഒരു പീഡനക്കേസ് കൈകാര്യം ചെയ്യപ്പെടേണ്ട രീതിയാണ് ഇത്.

മുമ്പ് എ പി അബ്ദുല്ലക്കുട്ടിക്കെതിരെ 164 സ്‌റ്റേറ്റ്‌മെന്റ് മുഖേന മജിസ്‌ട്രേറ്റിന്റെ മുമ്പില്‍ ഇര താന്‍ പീഡിപ്പിക്കപ്പെട്ടതായി രഹസ്യമൊഴി നല്‍കിയിരുന്നു. എന്നാല്‍ അന്ന് മറ്റുള്ള ആരും തന്നെ പീഡിപ്പിച്ചതായി മൊഴി രേഖപ്പെടുത്തിയതായി അറിവില്ല. 164 സ്‌റ്റേറ്റ്‌മെന്റ് മുഖേന മൊഴി രേഖപ്പെടുത്തുമ്പോള്‍ തനിക്കെതിരെ നടന്ന എല്ലാ പീഡനവിവരങ്ങളും മൊഴിയായി നല്‍കാന്‍ പരാതിക്കാരിക്ക് ബാധ്യതയുണ്ട്.

അബ്ദുല്ലക്കുട്ടി പീഡിപ്പിച്ചു എന്ന് പറയപ്പെടുന്ന തീയതിക്ക് മുമ്പാണ് ഇപ്പോള്‍ ആരോപണവിധേയരായവര്‍ പീഡിപ്പിച്ചു എന്ന് പരാതിക്കാരി പറയുന്നത്. എന്നാല്‍ പരാതിക്കാരി അന്ന് ഇവരുടെ പേരുകള്‍ പറയുകയോ, ഇവര്‍ക്കെതിരെ മൊഴി നല്‍കുകയോ ചെയ്തില്ല എന്ന കാര്യം പരിഗണിക്കുമ്പോഴും ഇപ്പോഴത്തെ കേസിന്റെ ഉദ്ദേശ്യശുദ്ധി സംശയിക്കപ്പെടുകയാണ്. ഇതും കേസിന്റെ അസ്തിത്വത്തെ ബാധിക്കുന്നതാണ്.

ഇപ്പോള്‍ ഇത്തരമൊരു പ്രതികരണം നടത്താനുള്ള കാരണം എന്താണ്?

ബംഗ്ലാദേശി പീഡനക്കേസ്, പറവൂര്‍ പെണ്‍വാണിഭക്കേസ് എന്നിവയിലെല്ലാം രാഷ്ട്രീയം നോക്കാതെ ഇരയ്‌ക്കൊപ്പം നിന്നയാളാണ് ഞാന്‍. പക്ഷേ ഇപ്പോഴത്തെ ഈ കേസ് പ്രോത്സാഹിപ്പിക്കപ്പെട്ടാല്‍ അത് ഭാവിയില്‍ കോടതിയുടെ പ്രവര്‍ത്തനത്തെ ബാധിക്കും. നാളെ ഏതൊരു രാഷ്ട്രീയനേതാവിനെതിരെയും അല്ലെങ്കില്‍ ആര്‍ക്കെതിരെയും ഇത്തരമൊരു കേസ് ഉണ്ടായെന്നു വരാം. അത്തരത്തില്‍ മറ്റൊരാളെ കുടുക്കാനുള്ള തന്ത്രമായി, ആയുധമായി പീഡനക്കേസ് മാറരുത്. ക്രൂരമായി പീഡിപ്പിക്കപ്പെട്ട നിരവധി പെണ്‍കുട്ടികളെ നേരില്‍ കണ്ടിട്ടുള്ളയാളാണ് ഞാന്‍. അത്തരം പെണ്‍കുട്ടികള്‍ക്ക് നീതി നിഷേധിക്കപ്പെടാന്‍ ഇത്തരം വ്യാജപരാതികള്‍ കാരണമാകും.

വ്യാജപരാതികള്‍ വര്‍ദ്ധിക്കുമ്പോള്‍ ഗൗരവമായ, യഥാര്‍ത്ഥമായ കേസുകള്‍ അത് അര്‍ഹിക്കുന്ന പരിഗണനയോടെ കാണുന്നതില്‍ നിന്നും കോടതിയെ പിന്നോട്ടടിപ്പിക്കും. അപ്പോള്‍ ഞങ്ങളെപ്പോലുള്ള അഭിഭാഷകര്‍ക്ക് പാവപ്പെട്ട പെണ്‍കുട്ടികളുടെ കണ്ണീരൊപ്പാന്‍ കഴിഞ്ഞില്ലെന്നു വരും. അത്തരമൊരു സാഹചര്യമുണ്ടാകാന്‍ ഒരിക്കലും അനുവദിച്ചുകൂട.

അതല്ലാതെ ചിലര്‍ ആരോപിക്കുംപോലെ കോണ്‍ഗ്രസുകാര്‍ക്ക് വക്കാലത്ത് പിടിക്കാന്‍ ഞാന്‍ നടത്തുന്ന ശ്രമമല്ല ഇത്. കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെട്ട ചില കേസുകളില്‍ അവര്‍ക്കെതിരെ വാദിച്ചിട്ടുള്ളയാളാണ് ഞാന്‍. യഥാര്‍ത്ഥ പീഡനം നടത്തിയവര്‍, അത് ഏത് പ്രമുഖനായാലും ശിക്ഷിക്കപ്പെടണം. പക്ഷേ ഇത്തരം വ്യാജപരാതികള്‍ കാരണം നാളെ യഥാര്‍ത്ഥകേസുകളില്‍ പ്രതികൂലവിധിയുണ്ടാകാന്‍ പാടില്ല. യഥാര്‍ത്ഥത്തില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളുടെ വേദന കാണുവാനുള്ള മനുഷ്യമനസ്സിനെ പിന്തിരിപ്പിക്കുന്ന തരത്തിലുളള ഇത്തരം വ്യാജപീഡനക്കേസുകള്‍ ഇനിയുണ്ടാകാന്‍ പാടില്ല എന്നതിനാലാണ് ഞാന്‍ ഇത്തരമൊരു പ്രതികരണവുമായി ഇപ്പോള്‍ വരാനുള്ള കാരണം.

English summary
Interview with Adv. Vimala Binu on Solar case
topbanner

More News from this section

Subscribe by Email