Monday June 17th, 2019 - 12:35:am
topbanner
topbanner

രാജിക്കാര്യം വിശദീകരിച്ചു: ഇ പി വീണ്ടും കുഴപ്പത്തില്‍ ചാടുന്നു

NewsDesk
രാജിക്കാര്യം വിശദീകരിച്ചു: ഇ പി വീണ്ടും കുഴപ്പത്തില്‍ ചാടുന്നു

സ്വന്തം ലേഖകൻ 

വ്യവസായമന്ത്രി സ്ഥാനത്തു നിന്നുള്ള ഇ പി ജയരാജന്റെ രാജി സി പി എമ്മെന്ന പാര്‍ട്ടിയുടെയും പിണറായി സര്‍ക്കാരിന്റേയും ധാര്‍മ്മികതയും അന്തസും ഉയര്‍ത്തിപ്പിടിച്ചെങ്കിലും ഇ പി ജയരാജനടക്കം ഈ വിഷയത്തില്‍ ഇപ്പോള്‍ നടത്തുന്ന പ്രതികരണങ്ങള്‍ പാര്‍ട്ടിയേയും സര്‍ക്കാരിനേയും വീണ്ടും കുഴപ്പത്തില്‍ ചാടിക്കുകയാണ്.

ഇന്ന് നിയമസഭയില്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എല്ലാം നിയമാനുസൃതവും ചട്ടപ്രകാരവുമാണ് നടത്തിയതെന്നും ഇ പി ജയരാജന്‍ പറയുമ്പോള്‍ അദ്ദേഹം ചോദ്യം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനേയും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയുമാണ്. ഇ പി ജയരാജന്റെ ഭാഗത്തു തെറ്റുണ്ടായെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറയുമ്പോള്‍ അതില്‍ നിന്നു ഘടകവിരുദ്ധമായാണ് ഇപ്പോള്‍ ഇ പി ജയരാജന്റെ പ്രതികരണം.

ജയരാജനെതിരെയുള്ളത് അഴിമതി ആരോപണം അല്ല. ജയരാജന്‍, മന്ത്രി എന്ന നിലയില്‍, അഴിമതി നടത്തി എന്നതിന്റെ തെളിവാണ് ആവശ്യമുള്ള യാതൊരു യോഗ്യതയുമില്ലാത്ത ബന്ധുവിന് നല്‍കിയ അപ്പോയിന്റ്മെന്റ് ഓര്‍ഡര്‍. സ്വന്തം ലെറ്റര്‍പാഡില്‍ ശ്രീമതിടീച്ചറുടെ മകനടക്കം പലരുടേയും നിയമനനിര്‍ദ്ദേശം മന്ത്രി നല്‍കിയത് സ്വന്തം ലെറ്റര്‍പാഡിലാണ്.

അര്‍ഹതയില്ലാത്തയാള്‍ക്ക്, നിയമവിരുദ്ധമായി, സര്‍ക്കാര്‍ വക സാമ്പത്തികമോ അല്ലാതെയോ ഉള്ള നേട്ടം ലഭ്യമാക്കാനുള്ള നീക്കം നടത്താനുള്ള ശ്രമം നടത്തിക്കഴിഞ്ഞാല്‍ തന്നെ അഴിമതി നിരോധന നിയമത്തിന്റെ 15-ാം വകുപ്പനുസരിച്ചുള്ള ക്രിമിനല്‍ കുറ്റം ചെയ്തുകഴിഞ്ഞു. ഇക്കാര്യം സമ്മതിച്ചാണ് ഇ പി ജയരാജനോട് മന്ത്രിസ്ഥാനം രാജിവെക്കാന്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും ആവശ്യപ്പെട്ടത്. എന്നാല്‍ ആരോപണമുണ്ടായപ്പോള്‍ രാജിവെച്ച മാന്യമായ സമീപനത്തിലൂടെ പാര്‍ട്ടിക്കകത്ത് ഇ പി ജയരാജന്‍ വീണ്ടെടുത്ത സ്വീകാര്യത ദിവസങ്ങള്‍ കൊണ്ട് തകര്‍ക്കുന്ന തരത്തിലായി ഇന്ന് നിയമസഭയില്‍ അദ്ദേഹം നടത്തിയ പ്രസ്താവന.

മന്ത്രിപദം രാജിവെക്കാന്‍ കാരണം അഴിമതിയ്ക്കെതിരെ താനെടുത്ത നിലപാടുകളാണെന്നാണ് ജയരാജന്‍ പറഞ്ഞത്. തന്റെ നിലപാടുകള്‍ ചിലരെ അസ്വസ്ഥരാക്കിയെന്നും ഇതാണ് വിവാദത്തിനും പിന്നീട് രാജിക്കും കാരണമായതെന്നും അദ്ദേഹം പറയുകയുണ്ടായി. തന്റെ രാജി രാഷ്ട്രീയ സംശുദ്ധതയും ഉന്നത ചിന്താഗതിയും മൂലമാണെന്നും രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടല്ലെന്നും ജയരാജന്‍ സഭയില്‍ പറഞ്ഞു. തന്റെ രക്തത്തിനായി പ്രതിപക്ഷം ദാഹിച്ചു. വേണമെങ്കില്‍ രക്തം തരാം, രാജ്യത്തിനുവേണ്ടിയാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും മാദ്ധ്യമങ്ങളെ ഉപയോഗിച്ചു പ്രതിപക്ഷം തന്നെ വേട്ടയാടിയെന്നും ജയരാജന്‍ പറഞ്ഞു.

വ്യവസായ മേഖല തകര്‍ച്ച നേരിടുന്ന സമയത്താണ് താന്‍ ചുമതല ഏറ്റെടുത്തതെന്ന് പറഞ്ഞ ജയരാജന്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ ധൂര്‍ത്തും അഴിമതിയും അരങ്ങു തകര്‍ക്കുകയാണെന്നും പൊതുമേഖല സ്ഥാപനങ്ങള്‍ തട്ടിയെടുക്കാന്‍ പോലും ശ്രമമുണ്ടായെന്നും പറഞ്ഞു. അഴിമതിക്കെതിരെ താന്‍ നിലപാടെടുത്തെന്നും ഇതേത്തുടര്‍ന്ന് സ്വാധീനിക്കാനുള്ള ശ്രമങ്ങളുണ്ടായെന്നും ജയരാജന്‍ പറഞ്ഞു. ഇതില്‍ അസ്വസ്ഥരായവരാണ് തനിയ്ക്കെതിരെ തിരിഞ്ഞത്.

ചില മാഫിയകള്‍ തനിയ്ക്കെതിരെ വാര്‍ത്തകള്‍ വിടുകയായിരുന്നെന്നും 12 ദിവസം തന്നെ മാദ്ധ്യമങ്ങള്‍ വേട്ടുയാടുകയായിരുന്നെന്നും ജയരാജന്‍ ആരോപിച്ചു. വ്യവസായ വകുപ്പില്‍ നടത്തിയ നിയമനങ്ങള്‍ ചട്ടവിരുദ്ധമല്ലെന്നും ജയരാജന്‍ നിയമസഭയില്‍ പറഞ്ഞു. ചട്ടങ്ങള്‍ അനുസരിച്ച് വിജിലന്‍സ് പരിശോധനയ്ക്ക് ശേഷമായിരുന്നു നിയമനങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സുധീര്‍ നമ്പ്യാരുടെ നിയമനം താന്‍ അറിയാതെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമനങ്ങളെല്ലാം മുഖ്യമന്ത്രി അറിയണമെന്നില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി ഇ പി ജയരാജന്റെ നിലപാട് മൂല്യങ്ങള്‍ നിറഞ്ഞതായിരുന്നുവെന്ന് പുകഴ്ത്തുകയും ചെയ്തു.

എന്നാല്‍ പിന്നീട് പുറത്തു വന്ന രേഖകളാകട്ടെ ഇ പി ജയരാജന്റെ എല്ലാ വാദവും പൊളിക്കുന്ന തരത്തിലായിരുന്നു. വിജിലന്‍സ് അനുമതിയോടെയായിരുന്നു പി.കെ.സുധീറിന്റെ നിയമനമെന്ന മുഖ്യമന്ത്രിയുടേയും ഇപി ജയരാജന്റെയും വാദം തെറ്റാണെന്ന് സുധീറിന്റെ നിയമന ഉത്തരവ് തന്നെ വ്യക്തമാക്കുന്നുണ്ട്. മറ്റൊരു ബന്ധുവായ എംകെ ജില്‍സനെ അടക്കം നിയമിക്കാന്‍ വ്യവസായ വകുപ്പ് സെക്രട്ടറിക്ക് ഇപി ജയരാജന്‍ നിര്‍ദ്ദേശം നല്‍കിയത് സ്വന്തം ലെറ്റര്‍ പാഡിലാണ്.

ജയരാജന്‍ തെററ് സമ്മതിച്ചെന്ന പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിശദീകരണത്തെ തള്ളിക്കൊണ്ടാണ് സുധീറിന്റെതടക്കം ഒരു നിയമനത്തിലും തെറ്റ് പറ്റിയിട്ടില്ലെന്ന് ഇന്ന് ഇ പി ജയരാജന്‍ നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ സുധീറിനെ കെഎസ്‌ഐഇ എഡിയായി നിയമിച്ചുള്ള ഒക്ടോബര്‍ ഒന്നിലെ ഉത്തരവില്‍ നിയമനം അടിയന്തിര പ്രാധാന്യത്തോടെ മന്ത്രി നേരിട്ടാണ് നടത്തിയത്.

തുടര്‍ സര്‍വ്വീസിന്റെ കാര്യത്തില്‍ മാത്രമാണ് വിജിലന്‍സ് അനുമതിയുള്ളത് . അതായത് നിയമനത്തില്‍ മുന്‍കൂര്‍ അനുമതിയില്ലെന്ന് വ്യക്തം. ഇപി യുടെ മറ്റൊരു ബന്ധുവായ എംകെ ജില്‍സനെ വ്യവസായ വകുപ്പിന് കീഴിലെ കിനെസ്‌ക്കോ എംഡിയാക്കാന്‍ വ്യവസായ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയതും ഇ പി ജയരാജന്‍ സ്വന്തം ലെറ്റര്‍പാഡിലാണ്.ജിന്‍സന്റെ നിയമന ഉത്തരവിലും വിജിലന്‍സ് അനുമതിയെ കുറിച്ച് ഒന്നും പറയുന്നില്ല.

നായനാരുടെ ചെറുമകന്‍ സൂരജ് രവീന്ദ്രനെ കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്ക് എംഡിയാക്കാനുുള്ള നിര്‍ദ്ദേശവും പിണറായി സ്വദേശിയായ യു നികാന്തിനെ കിന്‍ഫ്ര എക്‌സ്‌പോര്‍ട്ട് പ്രൊമേഷന്‍ ഇന്‍ഡസ്ട്രീയില്‍ പാര്‍ക്ക് എംഡിയായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനുള്ള നിര്‍ദ്ദേശം പോയതും മന്ത്രിയുടെ ലെറ്റര്‍പാഡിലാണ്.

ഇ പി ജയരാജന്റെ കേസ് മാണിയുടെയോ ബാബുവിന്റെയോ കേസില്‍ നിന്ന് വ്യത്യസ്തമാകുന്നത് ഒരു പ്രധാനകാര്യത്തിലാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മാണിയുടെയും ബാബുവിന്റെയും കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. സ്വാഭാവികമായും അവര്‍ കുറ്റപത്രം നിഷേധിക്കും. എന്നാല്‍, ജയരാജന്‍ കേസെടുക്കുന്നതിനു മുമ്പുതന്നെ കുറ്റസമ്മതം നടത്തുകയാണ് ചെയ്തത്. അത്, പക്ഷെ, കോടതിക്ക് മുന്നില്‍വച്ചല്ല; പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ വച്ചാണ്. അങ്ങനെയാണ് കോടിയേരി പത്രസമ്മേളനത്തില്‍ പറഞ്ഞത്.

കുറ്റം ചെയ്തു എന്ന്. ജയരാജന്‍ സന്മതിച്ചതായി പാര്‍ട്ടി സെക്രട്ടറി പത്രസമ്മേളനത്തില്‍ പറയുകയും ചെയ്തു. കുറ്റം ചെയ്തതായി കരുതാന്‍ പ്രഥമദൃഷ്ട്യാ കാരണമുണ്ടോ എന്ന് പരിശോധിക്കാന്‍ വിജിലന്‍സ് നടത്തുന്ന ത്വരിതാന്വേഷണത്തിന് പാര്‍ട്ടി സെക്രട്ടറിയായ കോടിയേരിയുടെ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ പകര്‍പ്പു മാത്രം മതി തെളിവായിട്ടെടുക്കാന്‍. പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ നടന്ന ചര്‍ച്ചകളുടെ വിവരങ്ങളും മീറ്റിംഗിന്റെ മിനുട്ട്സും വിജിലന്‍സ് ഡയറക്ടര്‍ക്ക്, ആവശ്യമെങ്കില്‍, പിടിച്ചെടുക്കുകയും ചെയ്യാം.

പരസ്പരവിരുദ്ധമായ വിശദീകരണങ്ങള്‍ ഏതായാലും പ്രതിപക്ഷത്തെ സംബന്ധിച്ച് ആയുധമാവുകയാണ്. ധാര്‍മ്മികതയുടെ പേരിലാണ് ഇ പി ജയരാജന്റെ രാജിയെങ്കില്‍ ഇതിലെല്ലം കൂട്ടുപ്രതിയാണെന്ന് തുറന്നു സമ്മതിച്ച് പി കെ ശ്രീമതിടീച്ചര്‍ എം പി സ്ഥാനം രാജിവെക്കേണ്ടതല്ലേ എന്ന ചോദ്യവും ഉയര്‍ന്നു കഴിഞ്ഞു. ഇന്ന് കണ്ണൂരില്‍ ഡി സി സി പ്രസിഡണ്ട് കെ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തിലാവശ്യപ്പെട്ടത് ശ്രീമതി ടീച്ചറുടെ രാജിയാണ്. വരുംദിവസങ്ങളില്‍ യു ഡി എഫിന് ശക്തമായി ഉപയോഗിക്കാന്‍ പറ്റുന്ന രീതിയില്‍ ആയുധങ്ങള്‍ ഭരണപക്ഷത്തു നിന്നു തന്നെ ലഭിച്ചിരിക്കുകയാണെന്ന് ചുരുക്കം.

മുകേഷിനോട് വഴക്കുണ്ടാക്കി വഴിപിരിഞ്ഞതോ?: ബഡായി ബംഗ്ലാവിൽ പിഷാരടിയെ കാണാനില്ല

കൊലപാതക രാഷ്ട്രീയത്തെ പരിഹസിച്ച് സ്‌നേഹ ബഷീറിന്റെ വീഡിയോ വൈറാലാകുന്നു

English summary
EP Jayarajan relatives appointment cpm
topbanner

More News from this section

Subscribe by Email