Friday December 14th, 2018 - 6:19:pm
topbanner

ബാലവേലയ്ക്ക് പൂര്‍ണ്ണവിരാമം ഇടാന്‍ 'രക്ഷയുടെ കരങ്ങള്‍'

fasila
ബാലവേലയ്ക്ക് പൂര്‍ണ്ണവിരാമം ഇടാന്‍ 'രക്ഷയുടെ കരങ്ങള്‍'

josilin-thomasനമ്മുടെ ബാല്യകാലം ഒരു പൂക്കാലം ആണ്. നിറങ്ങള്‍ നിറഞ്ഞ ബാല്യകാല ഓര്‍മ്മകള്‍ പോലും വര്‍ത്തമാനകാലത്തെ പലപ്പോഴും കുളിരണിയിക്കാറുണ്ട്. എന്നാല്‍ സാമ്പത്തികാവസ്ഥ മോശമായതിന്റെയോ, മാതാപിതാക്കന്മാരുടെയോ, അതുമല്ലെങ്കില്‍ പക്വതയെത്താത്ത പ്രായത്തില്‍ നടത്തിയ ഒളിച്ചോട്ടത്തിന്റെയോ ഫലമായി ബാലവേലയുടെ ഇരകളായി മാറിയ കുരുന്നുകളെപ്പറ്റി എത്രപേര്‍ ചിന്തിക്കുന്നുണ്ട്?. ലോകത്തെമ്പാടുമുള്ള കുട്ടികള്‍ക്ക് എതിരെയുള്ള സകല ചൂഷണങ്ങള്‍ക്കും എതിരെ ചെറുപ്രായത്തില്‍ തൊട്ടെ ശക്തമായി പ്രതികരിച്ച് ഇപ്പോഴും അവര്‍ക്കായി പ്രതിരോധകോട്ട കെട്ടി നിലകൊള്ളുന്ന മഹാനായ മനുഷ്യസ്നേഹിയുടെ പേരാണ് കൈലാഷ് സത്യാര്‍ത്ഥി.

സമാധാനത്തിനുള്ള നോബേല്‍ സമ്മാന ജേതാവായി മാറിയ ശേഷമാണ് ലോകം അദേഹത്തെ കൂടുതലായി അറിഞ്ഞു തുടങ്ങിയത്. മദ്ധ്യപ്രദേശിലെ വിദിശയില്‍ ആയിരുന്നു അദേഹത്തിന്റെ ജനനം. കുഞ്ഞുസത്യാര്‍ത്ഥിയുടെ ആദ്യ സ്ക്കുള്‍ ദിനത്തില്‍ തന്നെ അസമത്വത്തിന്റെ കാറ്റ് വീശുന്നത് തിരിച്ചറിയാന്‍ അദേഹത്തിന് കഴിഞ്ഞു. സ്ക്കുളിന്റെ ഗേറ്റിന് പുറത്ത് ഷൂ പോളിഷ് ചെയ്തുകൊണ്ടിരുന്ന ബാലനില്‍ കണ്ണുകള്‍ ഉടക്കി നിന്ന സത്യാര്‍ത്ഥിയുടെ മനസില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം നല്‍കാന്‍ അദ്ധ്യാപകര്‍ക്ക് കഴിയാത്തതിനാല്‍ ആ ബാലന്റെ പിതാവിനോട് തന്നെ അക്കാര്യത്തെപ്പറ്റി ആരാഞ്ഞപ്പോള്‍ കിട്ടിയ മറുപടി ഇതായിരുന്നു.

ഞങ്ങള്‍ പണമില്ലാത്തവരായതിനാല്‍ സാധാരണയായി ചെറുപ്രായത്തില്‍ തന്നെ ഞങ്ങളുടെ കുട്ടികള്‍ സ്ക്കുളില്‍ പോകാതെ ജോലി ചെയ്യുകയാണ് പതിവ്. ആ ഉത്തരം സത്യാര്‍ത്ഥിയുടെ ഹൃദയത്തിലെ മനുഷ്യസ്നേഹത്തിനേറ്റ പൊള്ളല്‍ ആയിരുന്നു. അസ്വസ്ഥമായ മനസ്സ് അടങ്ങിയിരിക്കാന്‍ തയ്യാറല്ലാത്തതിനാല്‍ പഴയ ഷൂസ് തങ്ങള്‍ സമാഹരിച്ചും, പോക്കറ്റ് മണി ചിലവഴിച്ചും പാവപ്പെട്ട കുരുന്നുകളെ പഠിക്കാന്‍ സഹായിക്കാന്‍ സത്യാര്‍ത്ഥി മുന്നിട്ട് ഇറങ്ങി. കൗമാരക്കാലത്ത് സമാനചിന്താഗതിക്കാരായ കൂട്ടുകാര്‍ക്കൊപ്പം സമോസ ഉണ്ടാക്കി വിറ്റ പണവും അതിനായി വിനിയോഗിച്ചു. ഇതിനിടെ സത്യാര്‍ത്ഥിയുടെ ഇലക്ട്രിക്കല്‍ എഞ്ചിനീയറായി ജോലിയില്‍ പ്രവേശിച്ചെങ്കിലും എവിടെയൊക്കെയോ ആരാലും അറിയപ്പെടാതെ കഠിനവേലകള്‍ ചെയ്യാന്‍ വിധിക്കപ്പെട്ട കുഞ്ഞുങ്ങളുടെ മുഖങ്ങള്‍ അദേഹത്തെ ജോലി രാജിവെയ്ക്കല്‍ എന്ന തീരുമാനത്തിലെത്തിച്ചു.

കുടുംബത്തിന്റെ വരുമാനമാര്‍ഗ്ഗം അവസാനിപ്പിച്ച് വന്ന വിവാഹിതനായ മകനെ കരച്ചിലിന്റെ പ്രതിഷേധപുഴയുമായി അമ്മ നേരിട്ടു. എന്നാല്‍ അമ്മയുടെ കരച്ചിലിനെക്കാള്‍ വലിയ കണ്ണീര്‍ പുഴകളുടെ ചിത്രങ്ങള്‍ മനസിലുണ്ടായിരുന്ന സത്യാര്‍ത്ഥി ഒരു മുഴുസമയ ബാലവേല വിരുദ്ധ പ്രവര്‍ത്തകനായി മാറി. നിരവധി ഫാക്ടറികളില്‍ കൂനിക്കുടിയിരുന്ന് 22 മണിക്കൂര്‍ ദിവസം പണിയെടുത്തിരുന്ന കുട്ടികളെ അദേഹത്തിന് രക്ഷപെടുത്താനായി. അവരുടെ കണ്ണുകളില്‍ തെളിഞ്ഞ ആശ്വാസത്തിന്റെ തിളക്കം മുന്നോട്ടുള്ള പ്രയാണത്തിന് മിഴിവേകി. സാധാരണ ജനങ്ങള്‍ സ്വകാര്യതയുടെ സമചതുരത്തില്‍ സന്യസിച്ചിരിക്കുമ്പോള്‍ ലോകത്തെമ്പാടുമുള്ള കുഞ്ഞുങ്ങള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ വാതില്‍ തുറന്ന് കൊടുത്തുകൊണ്ടിരിക്കുന്ന സത്യാര്‍ത്ഥി ഒരാള്‍ വിചാരിച്ചാല്‍ എന്തു നടക്കാനാണെന്ന് ചോദിക്കുന്നവര്‍ക്കുള്ള ഉത്തരമാണ്.

ഇക്കാലയളവില്‍ 8300 കുട്ടികളെ വിവിധസ്ഥലങ്ങളില്‍ നിന്ന് വിത്യസ്തങ്ങളായ തൊഴില്‍ മേഖലകളില്‍ നിന്ന് അദേഹവും സംഘവും രക്ഷപെടുത്തിക്കഴിഞ്ഞു. ഒരവസരത്തില്‍ സര്‍ക്കസ് കൂടാരത്തില്‍ പണിയെടുക്കുവാന്‍ വിധിക്കപ്പെട്ട കുഞ്ഞുങ്ങളെ രക്ഷിക്കുന്നതിനിടയില്‍ സര്‍ക്കസ് ഉടമയില്‍ നിന്ന് സത്യാര്‍ത്ഥിക്ക് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നിട്ടുണ്ട്. ബാലവേല എന്ന ഓമനപേരിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളും, ക്രൂരതകളും എത്ര ഭീകരമാണെന്ന് ലോകത്തിന് കാട്ടിത്തന്ന കൈലാഷ് സത്യാര്‍ത്ഥിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് നമ്മളില്‍ ഓരോര്‍ത്തര്‍ക്കും അദേഹത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയും. അങ്ങനെയെങ്കില്‍ വളരെ വേഗത്തില്‍ തന്നെ ബാലവേലയ്ക്ക് പൂര്‍ണ്ണവിരാമം ഇടാന്‍ നമ്മള്‍ക്ക് കഴിയുമെന്നതില്‍ സംശയത്തിന് പോലും സ്ഥാനമില്ല....

English summary
Complete cessation of child labor 'Hands of salvation'
no relative items
topbanner

More News from this section

Subscribe by Email