ആലപ്പുഴ: വിനോദസഞ്ചാര സീസണ് പുരോഗമിക്കവേ ആലപ്പുഴ നഗരം കേന്ദ്രീകരിച്ച് അന്യസംസ്ഥാന യുവതികളെ ഉള്‍പ്പടെ ഉപയോഗിക്കുന്ന പെണ്‍വാണിഭ സംഘം സജീവം. മുല്ലയ്ക്കല് ശാന്തി തീയറ്റര്‍ റോഡിലാണ് ഇവരുടെ ഏജന്റുമാരുള്ളത്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഇരുപതിനും 35നും മധ്യേ പ്രായമുള്ള യുവതികളടക്കം ഇവരുടെ ശൃംഖലയിലുണ്ട്.
ചന്ദനക്കാവ് സ്വദേശിയായ യുവതിയാണ് ഇടപാടുകാരുമായി ബന്ധപ്പെടുന്നത്. പ്രദേശത്തെ ഹോട്ടലിലും പരിസര പ്രദേശങ്ങളിലുമായാണ് യുവതികള്‍ തമ്പടിക്കുന്നത്. ഇവിടെ എത്തുന്നവരെ ദേശീയപാതയിലൂടെ പാതിരപ്പള്ളിയിലെ അജ്ഞാത കേന്ദ്രത്തിലേക്കാണ് കൊണ്ടു പോകുന്നത്. ഇതിനായി ഓട്ടോ റിക്ഷകള്‍ മുതല്‍ ഇന്നോവ കാര്‍ വരെ സ്ഥലത്തുണ്ട്.
സംഘത്തെക്കുറിച്ച് പിങ്ക് പോലീസിലും ലോക്കല്‍ പോലീസിലും വിവരം നല്‍കിയിട്ടും പരിശോധനകള്‍ ഉണ്ടായിട്ടില്ലെന്ന് പ്രദേശത്തെ വ്യാപാരികള്‍ പറയുന്നു. പോലീസ് -രാഷ്ട്രീയ ബന്ധമുള്ളവര്‍ റാക്കറ്റിന് പിന്നിലുണ്ടെന്നാണ് സംശയം. യുവതികളുടെ പ്രായം പറഞ്ഞാണ് ഏജന്റുമാര്‍ വിലപേശല്‍ നടത്തുന്നത്. ഇടപാട് ഉറപ്പിച്ചാലുടന്‍ ആളുമായി നഗരം വിടും.
4000 രൂപ മുതല്‍ മുകളിലേക്കാണ് ഇവര്‍ ഈടാക്കുന്നതെന്നാണ് അറിവാകുന്നത്. ഹൗസ് ബോട്ടുകളിലേക്കും ഇവര്‍ യുവതികളെ എത്തിച്ചു നല്‍കുന്നുണ്ട്. ഓണ്‍ലൈനിലൂടെ ഇടപാട് ഉറപ്പിച്ച് എത്തുന്നവര്ക്കൊപ്പമാണ് യുവതികളെ വിട്ടുനല്‍കുന്നത്. വിനോദ സഞ്ചരികളെന്ന വ്യാജേനയാണ് ഇവര്‍ ഹൗസ് ബോട്ടുകളിലും റിസോര്‍ട്ടുകളിലും തങ്ങുന്നത്.