topbanner
Thursday November 23rd, 2017 - 7:14:am
topbanner
Breaking News

കണ്ണൂര്‍; സിപിഎമ്മിനെ വിശ്വസിച്ചവര്‍ പെരുവഴിയില്‍; പൂട്ടിയ സ്ഥാപനത്തിലെ തൊഴിലാളികള്‍ സമരം തുടങ്ങി

suvitha
കണ്ണൂര്‍; സിപിഎമ്മിനെ വിശ്വസിച്ചവര്‍ പെരുവഴിയില്‍; പൂട്ടിയ സ്ഥാപനത്തിലെ തൊഴിലാളികള്‍ സമരം തുടങ്ങി

കല്യാശ്ശേരി: തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ നൽകാത്തതിൽ പ്രതിഷേധിച്ച് എ വൺ മാർബിൾസ് സ്റ്റാഫ് അസോസിയേഷനന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ അടച്ചു പൂട്ടിയ സ്ഥാപനത്തിന് മുന്നിൽ ഇന്ന് രാവിലെ മുതൽ തൊഴിലാളികളുടെ പ്രതിഷേധ സമരം ആരംഭിച്ചു. അടച്ചു പൂട്ടുന്നതിന് മുൻപ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന 75 ഓളം തൊഴിലാളികൾക്ക് നിയമാനുസൃതമായ ആനുകൂല്യങ്ങൾ നൽകാമെന്ന വ്യവസ്ഥയിലാണ് തൊഴിലാളികൾ പിരിഞ്ഞു പോയത്. ധാരാളം ജലലഭ്യതയുള്ള ഇരുവിള കൃഷി ചെയ്യുന്ന നെൽവയൽ നികത്തിയാണ് സ്ഥാപനത്തിന് വേണ്ട സഥലം കണ്ടെത്തിയിരുന്നത്.

എന്നാൽ തുടക്കത്തിൽ ഇതിനെതിരെ ശക്തമായ എതിർപ്പുകൾ ഉണ്ടായിരുന്നു. സിപിഐഎമ്മിന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രക്ഷോഭ പരിപാടികൾ പിന്നീട് ചില ഉന്നതരുടെ ഇടപെടലോടു കൂടിയാണ് അവസാനിച്ചത്. ഇരുനൂറ്റമ്പതു പേർക്ക് നേരിട്ടും നൂറ്റമ്പതു പേർക്ക് പരോക്ഷമായും തൊഴിൽ നൽകുമെന്ന് കമ്പനിയും നേതാക്കളും വാ​ഗ്ദാനവും നൽകിയിരുന്നു. എന്നാൽ സ്ഥാപനം വന്നതോട് കൂടി നൽകിയ വാ​ഗ്​ദാനത്തിൽ നിന്ന് കമ്പനി കാലുമാറുകയാണുണ്ടായത്. ഉറപ്പു നൽകിയതിന്റെ നാലിലൊന്നു പേർക്ക് മാത്രമേ തൊഴിൽ ലഭിച്ചുളളൂ. വില്പനശാലയിലെ തൊഴിലാളികളെല്ലാം പ്രദേശവാസികളായ സിപിഎം പ്രവർത്തകരാണ്.

പിന്നീട് കമ്പനി നഷ്ടത്തിലാകുകയാണുണ്ടായത്. പിന്നീട് തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുകയും ചെയ്തു. ഇപ്പോൾ സ്ഥലം വാങ്ങിയിരിക്കുന്ന കമ്പനി മാർബിൾ വില്പനശാല നടത്താനായാണ് സ്ഥലം ഉപയോഗിക്കുക എന്നൊക്കെ പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും ഷോപ്പിംഗ് കോംപ്ലെക്‌സും വൻകിട ഹോട്ടലും ഫ്‌ളാറ്റും വരാൻപോകുന്നുവെന്നും പറയപ്പെടുന്നുണ്ട്. എന്നാൽ കമ്പനി പൂട്ടി ഒരു വർഷമായിട്ടും ആനുകൂല്യങ്ങൾ ഒന്നും നൽകാൻ മാനേജ്മെന്റ് തയ്യാറാകാത്തതിനാലാണ് സമരം ആരംഭിച്ചിരിക്കുന്നത്. സ്ഥാപനം മറ്റൊരാൾക്ക് വിൽക്കാനായി അഡ്വാൻസ് തുകയും കൈപ്പറ്റിയതായി തൊഴിലാളികൾ കുറ്റപ്പെടുത്തി.

കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന കാട്യം സ്വദേശി പട്ടേരി അനീഷ് 2015ൽ ബൈക്കപടത്തിൽ മരിച്ചിരുന്നു. അനീഷിന്റ ശമ്പളത്തിൽ നിന്ന് ഇൻഷുറൻസ് തുക കൃത്യമായി ഈടാക്കിയെങ്കിലും ഇൻഷുറൻസ് കമ്പനിയിൽ അടക്കുന്നതിൽ വീഴ്ചവരുത്തിയതിനെ തുടർന്ന് മരണാനന്തരം ഇദ്ദേഹത്തിന്റെ കുടുംബത്തിന് ലഭിക്കേണ്ട ആനുകുല്യങ്ങൾ മാനേജ്മെന്റിന്റെ പിടിപ്പുകേടുമൂലം നഷ്ടപ്പെടുകയായിരുന്നു.

തൊഴിലാളികളുടെ പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്ന് കഴിഞ്ഞ വർഷം ലേബർ ഓഫീസർ നിർദ്ദേശം നൽകിയിരുന്നുവെങ്കിലും അതൊന്നും ചെവി കൊള്ളാതെ വഞ്ചനാപരമായ സമീപനമാണ് മാനേജ്മെന്റ് കൈക്കൊണ്ടിട്ടുള്ളതെന്നും അതിനാൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതു വരെ സ്ഥാപനപ്പടിക്കൽ സമരം ചെയ്യുമെന്നും തൊഴിലാളികൾ പറഞ്ഞു. സി.ഐ.ടി യു പാപ്പിനിശ്ശേരി ഏരിയാ സെക്രട്ടറി യു.രവീന്ദ്രൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. എ. വൺ മാർബിൾ സ്റ്റാഫ് അസോസിയേഷൻ പ്രസിഡണ്ട് സി.ശ്രീജേഷ് അധ്യക്ഷത വഹിച്ചു. സിക്രട്ടറി പി.പ്രകാശൻ സ്വാഗതം പറഞ്ഞു.പി.എൻ.രവീന്ദ്രൻ, പി.പി.സന്തോഷ് എന്നിവർ പ്രസംഗിച്ചു.

English summary
The supporters withdrew from the struggle went on strike Kannur Kalyaseri believe in CPM leaders
topbanner topbanner

More News from this section

Subscribe by Email