Saturday September 22nd, 2018 - 3:14:am
topbanner

'ഐസ്' ആരോഗ്യത്തിന് ഹാനികരം

suvitha
'ഐസ്' ആരോഗ്യത്തിന് ഹാനികരം

ആലപ്പുഴ: വെയിലാണെങ്കിലും മഴയാണെങ്കിലും ' തണുപ്പിച്ച" പാനീയങ്ങളോടാണ് നമുക്ക് പ്രിയം. എന്നാൽ ഈ ശീതളപാനീയങ്ങൾ തണുപ്പിക്കാനുപയോഗിക്കുന്ന 'ഐസ്" പലപ്പോഴും ഭക്ഷ്യയോഗ്യമല്ല. തന്മൂലം വിലകൊടുത്ത് വാങ്ങുന്ന പാനീയങ്ങൾ കുടിച്ച് പലരും അസുഖ ബാധിതരാകുന്നു. കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് വയറിളക്കം, ചർദ്ദിൽ, ഭക്ഷ്യവിഷബിധ തുടങ്ങിയ ജലജന്യരോഗങ്ങൾ പിടിപെടുന്നുവെന്ന് പരാതി ഉയരുന്നു. 

മത്സ്യം സൂക്ഷിക്കാനുപയോഗിക്കുന്ന വില കുറഞ്ഞ, ഭക്ഷ്യയോഗ്യമല്ലാത്ത ഐസാണ് ശീതളപാനീയങ്ങളിൽ ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് കണ്ടെത്തിയിരുന്നു. ഇത്തരം ഐസുകൾക്ക് പ്രധാന ആവശ്യക്കാർ ജ്യൂസ് കടക്കാരാണ്. മത്സ്യഐസ് മാത്രം നിർമ്മിക്കുന്ന ഐസ് പ്ലാന്റിൽ നിന്ന് ജ്യൂസ് കടക്കാർ ഐസ് വാങ്ങുന്നത് പതിവാണ്. വിലകുറവാണ് കാരണം. ആലപ്പുഴ, മാവേലിക്കര, കായംകുളം നഗരങ്ങളിലും ബീച്ചുകളിലും മറ്റും ഉന്തുവണ്ടികളിൽ വിൽക്കുന്ന പാനീയങ്ങളിൽ പ്രധാനമായും ഈ ഐസാണ് ഉപയോഗിക്കുന്നത്. ദേശീയപാതയോരത്തും മറ്റ് തട്ടുകളിലും മറ്റും വിൽക്കുന്ന പാനീയങ്ങളും രോഗവാഹികളാണ്.

ജില്ലയിലെ ഐസ് പ്ളാന്റുകളിൽ നടത്തിയ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത വെള്ളമാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു.

പലപ്പോഴും ഗുഡ്‌സ് വാഹനങ്ങളിൽ വൃത്തിഹീനമായാണ് ഐസെത്തിക്കുന്നത്.

 ഇടനിലക്കാരാണ് ഇത്തരം ഐസ് ബ്ളോക്കുകളിൽ നിന്ന് ശേഖരിച്ച് ഐസ് പ്ളാന്റുകളിൽ നിന്ന് ശേഖരിച്ച് വ്യാപാരികൾക്കെത്തിക്കുന്നത്.

മത്സ്യം കേടാകാതെ സൂക്ഷിക്കാനുള്ള ഫോർമാലിന്‍, അമോണിയം എന്നിവ അടക്കമുള്ള മാരക രാസവസ്തുക്കൾ ഐസിലുണ്ട്.

വിസർജ്യത്തിൽ കാണപ്പെടുന്ന ഇ-കോളി ബാക്ടീരിയയുടെ അളവും മാരകമായ തോതിൽ ഐസിലുണ്ട്.

തണ്ണിമത്തൻ ജ്യൂസ്, കരിമ്പിൻ ജ്യൂസ്, സർബത്ത് എന്നിവയിലെല്ലാം മുഖ്യമായും ഈ ഐസാണ് ഉപയോഗിക്കുന്നത്.

ഇത് ഉപയോഗിക്കുന്നത് വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നീ ജലജന്യരോഗങ്ങൾ പടരുന്നതിനിടയാക്കുന്നു.

ഇത്തരം ഐസ് ഉപയോഗിച്ച ശീതളപാനീയങ്ങളും ഐസ്‌ക്രീമുകളും കഴിക്കുന്നത് വൃക്ക, കരൾ രോഗങ്ങൾക്കിടയാക്കുന്നു.

 കുലുക്കി സർബത്തിൽ രോഗപ്പെരുമഴ

ജില്ലയിൽ പലയിടത്തും വിതരണം ചെയ്യുന്ന കുലുക്കി സർബത്തിന് ഉപയോഗിക്കുന്ന ഐസ് നിലവാരം കുറഞ്ഞതും മാലിന്യങ്ങൾ കലർന്നതുമാണെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. ഐസ് പൊടിച്ച് ചേർത്താണ് കുലുക്കി സർബത്ത് തയ്യാറാക്കുന്നത്. പഴങ്ങളും ശുദ്ധജലവും കസ്കസും ഗുണമേന്മയുള്ള ഐസും ചേർത്ത് കുറഞ്ഞവിലയ്ക്ക് കുലുക്കി സർബത്ത് വിൽക്കാനാവില്ല. തന്മൂലം വിലകുറഞ്ഞ ഐസ് ചേർത്ത് കുറഞ്ഞവിലയ്ക്ക് സർബത്ത് ഉണ്ടാക്കുന്നു. ഇത് കുടിക്കുന്നവരിൽ ഭൂരിഭാഗം പേർക്കും വയറിളക്കം ഉൾപ്പെടെയുള്ള ജലജന്യരോഗങ്ങൾക്ക് സാദ്ധ്യതയേറെയാണ്.

എഡിബിളും കൊമേഴ്സ്യലും

ശീതളപാനീയങ്ങൾക്ക് ഉപയോഗിക്കുന്ന ഐസ് ഭക്ഷ്യയോഗ്യമായിരിക്കണമെന്നാണ് (edible) ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നിർദ്ദേശം. എന്നാൽ ഇത് പലപ്പോഴും പാലിക്കപ്പെടുന്നില്ല. ഐഡിബിൾ ഐസ് നിർമ്മിക്കുന്ന പ്ളാന്റുകൾക്ക് പ്രത്യേക ലൈസൻസ് വേണം. ഇറച്ചിയും മീനും സൂക്ഷിക്കുന്നതിനുള്ള കൊമേഴ്സ്യൽ വിഭാഗത്തിൽപ്പെടുന്ന വിലകുറഞ്ഞ ഐസാണ് ശീതളപാനീയവ്യാപാരികൾ ഉപയോഗിക്കുന്നത്. എഡിബിൾ ഐസ്, കൊമേഴ്സ്യൽ ഐസ് എന്നിവ തമ്മിലുള്ള വ്യത്യാസം പല വ്യാപാരികൾക്കും അറിയില്ല.

എഡിബിൾ ഐസ് നിർമ്മാണ ലൈസൻസില്ലാത്ത പ്ളാന്റുകളിൽ നിന്ന് ചുളുവിലയ്ക്ക് വാങ്ങുന്ന ഐസ്, ഏജന്റുമാർ മുഖേനയാണ് ജ്യൂസ് കടകളിലെത്തുന്നത്. ക്യൂബ് ഐസുകളാണ് ഭക്ഷ്യയോഗ്യം. എന്നാൽ വലിയ ബ്ളോക്കുകൾ പൊട്ടിച്ചിട്ടാണ് പാനീയങ്ങൾ തയ്യാറാക്കുന്നത്. ഇവ തമ്മിലുള്ള വ്യത്യാസം മനസിലാക്കാത്ത സാധാരണക്കാർ പാനീയങ്ങൾ വാങ്ങിക്കുടിച്ച് രോഗം ഇരന്നുവാങ്ങുന്നു.

നിയമം കർശനം, പക്ഷെ, പാലിക്കപ്പെടുന്നില്ല

എഡിബിളല്ലാത്ത ഐസ് ചേർത്ത പാനീയങ്ങൾ വിറ്രാൽ കടക്കാരനെതിരെയും ഐസ് പ്ളാന്റ് ഉടമയ്ക്കെതിരെയും ഭക്ഷ്യസുരക്ഷാ നിയമപ്രകാരം നടപടിയെടുക്കാം. 10,000 രൂപവരെ പിഴയും തടവുശിക്ഷയും ലഭിക്കുന്ന കുറ്റമാണിത്. മാത്രമല്ല, ഐസ് പ്ളാന്റ് പൂട്ടിക്കാനും അധികാരമുണ്ട്. മത്സ്യം, ഇറച്ചി എന്നിവ കേടുകൂടാതെ സൂക്ഷിക്കാനേ കൊമേഴ്സ്യൽ ഐസ് നൽകാവൂ എന്ന ആരോഗ്യവകുപ്പിന്റെ നിർദ്ദേശം പലപ്പോഴും പാലിക്കപ്പെടുന്നില്ല.

Read more topics: Ice, harmful, health
English summary
'Ice' is harmful to health
topbanner

More News from this section

Subscribe by Email