Thursday October 18th, 2018 - 7:28:pm
topbanner
Breaking News

ബ്രിട്ടനെതിരെ മുഖം കുടുപ്പിച്ച് ഇന്ത്യ; ക്രിമിനലുകളുടെ സുരക്ഷിത താവളമായി ബ്രിട്ടന്‍ മാറിത്തീരരുതെന്ന് മുന്നറിയിപ്പ്

Jikku Joseph
ബ്രിട്ടനെതിരെ മുഖം കുടുപ്പിച്ച് ഇന്ത്യ; ക്രിമിനലുകളുടെ സുരക്ഷിത താവളമായി ബ്രിട്ടന്‍ മാറിത്തീരരുതെന്ന് മുന്നറിയിപ്പ്

മറ്റു രാജ്യങ്ങളിലെ ക്രിമിനലുകളുടെ സുരക്ഷിത താവളമായി ബ്രിട്ടന്‍ മാറിത്തീരരുതെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്. യുകെ മന്ത്രി ബറോനസ് വില്യംസിനോട് കേന്ദ്ര സഹമന്ത്രി കിരണ്‍ റിജ്ജു ആണ് ഇക്കാര്യം സൂചിപ്പിച്ചത്.

ഇന്ത്യ കോടതിയെ ബഹുമാനിക്കുന്നതായും നിയമപരമായ രീതിയില്‍ കുറ്റവാളികളെ രാജ്യത്തേക്ക് മടക്കികൊണ്ടുവരാന്‍ പരിശ്രമിക്കുമെന്നും റിജ്ജു പറഞ്ഞു. വായ്പാ തട്ടിപ്പ് കേസിലെ പ്രതിയായ വിവാദ വ്യവസായി നീരവ് മോഡി ബ്രിട്ടനില്‍ അഭയം പ്രാപിച്ചെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെയായിരുന്നു ഇന്ത്യയുടെ മുന്നറിയിപ്പ്.

വിജയ് മല്യക്കു പിന്നാലെ നീരവ് മോഡിയും ബ്രിട്ടനില്‍ അഭയം തേടിയതോടെയാണ് ഇക്കാര്യത്തിലെ അതൃപ്തി ഇന്ത്യ അറിയിച്ചത്. എന്നാല്‍ നീരവ് മോഡിയേയും മല്യയേയും മടക്കി കൊണ്ടുവരാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ പരിശ്രമങ്ങളോട് ബ്രിട്ടന്‍ പൂര്‍ണമായും സഹകരിക്കുമെന്ന് ബറോനസ് വില്യസ് അറിയിച്ചു.

ബാങ്കില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോഡി ബ്രിട്ടനിലുണ്ടന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബ്രിട്ടനില്‍ ഒളിവില്‍ കഴിയുന്ന നീരവ് രാഷ്ട്രീയാഭയം തേടിയതായും റിപ്പോര്‍ട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഞായറാഴ്ചയാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ പുറത്ത് വിട്ടത്. തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാണെന്നും ഇതിനാല്‍ അഭയം തരണമെന്നുമാണ് നീരവ് മോഡി ബ്രിട്ടന്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.

വ്യാജരേഖകള്‍ നല്‍കി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടി രൂപ വെട്ടിച്ചെന്നാണു നീരവ് മോഡിക്കെതിരായ കേസ്. നീരവ് മോഡിയുടെ അടുത്ത ബന്ധുവായ മെഹുല്‍ ചോക്‌സിയും കേസില്‍ പ്രതിയാണ്. രാജ്യത്തിനു പുറത്തേക്ക് കടന്ന ഇരുവരെയും തിരിച്ചു കൊണ്ടുവരാന്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഇന്ത്യ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടിരുന്നു.

ഹോങ്കോങ്ങിലേക്ക് മുങ്ങിയ നീരവ് തുടര്‍ന്ന് ന്യൂയോര്‍ക്കിലേക്ക് കടന്നിരുന്നു. ഏറ്റവും ഒടുവിലാണ് രാഷ്ട്രീയ അഭയം തേടി യുകെ കോടതിയെ സമീപിച്ചിരിക്കുന്നത്. കേസില്‍ നീരവ് മോഡി, അലഹബാദ് ബാങ്ക് മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഉഷ അനന്തസുബ്രഹ്മണ്യന്‍ എന്നിവരുള്‍പ്പെടെ 22 പേര്‍ക്കും മൂന്നു കമ്പനികള്‍ക്കുമെതിരെ കഴിഞ്ഞ മാസം സി.ബി.ഐ മുംബൈയിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വരുത്തുന്ന രീതിയില്‍ പല കേസുകളും നിലവിലുണ്ട്. ഇക്കാര്യങ്ങളില്‍ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ തീരുമാനമുണ്ടാകുകയുള്ളുവെന്നും ബ്രിട്ടീഷ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ മാസമാണ് ബ്രിട്ടണിലുള്ള എല്ലാ ഇന്ത്യന്‍ സാമ്പത്തിക തട്ടിപ്പുകാരെയും പുറത്താക്കണമെന്ന നിര്‍ദ്ദേശം ഇന്ത്യ മുന്നോട്ട് വച്ചത്. വിജയ് മല്യ, ലളിത് മോഡി എന്നിവര്‍ സാമ്പത്തിക തട്ടിപ്പു കേസില്‍ ബ്രിട്ടണില്‍ അഭയം തേടിയിരിക്കുകയാണ്.

English summary
UK minister assured full cooperation in extradition of nirav modi, vijay mallya: kiren rijiju
topbanner

More News from this section

Subscribe by Email