Monday December 17th, 2018 - 2:10:am
topbanner

വിടവാങ്ങിയ സ്റ്റീഫന്‍ ഹോക്കിങ്‌സ് ലോകത്തെ വിസ്മയിപ്പിച്ച ശാസ്ത്രജ്ഞന്‍

NewsDesk
വിടവാങ്ങിയ സ്റ്റീഫന്‍ ഹോക്കിങ്‌സ് ലോകത്തെ വിസ്മയിപ്പിച്ച ശാസ്ത്രജ്ഞന്‍

ന്യൂയോര്‍ക്ക്: വീല്‍ചെയറിയില്‍ ശാരീരിക അവശതകളെ മറന്ന് ലോകത്തെ വിസ്മയിപ്പിച്ച ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്‌സ് ഇനിയില്ല. മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച് ചലനശേഷിയും സംസാരശേഷിയും ഇല്ലാതായിട്ടും തമോഗര്‍ത്തങ്ങളെക്കുറിച്ച് സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ കണ്ടെത്തലുകള്‍ ഭൂമിയുടെ ചരിത്രത്തെക്കുറിച്ച് അനാവരണം ചെയ്യുന്നതാണ്.

യുകെയിലെ ഓക്‌സ്ഫഡില്‍ ഫ്രാങ് ഹോക്കിങ്ങിന്റെയും ഇസബലിന്റെയും മകനായി 1942 ജനുവരി എട്ടിനു ജനിച്ച സ്റ്റീഫന്‍ വില്യം ഹോക്കിങ്ങിന് ഊര്‍ജതന്ത്രത്തിലും ഗണിതത്തിലുമായിരുന്നു താല്‍പര്യം. ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ ബിരുദ പഠനത്തിനു ശേഷം കേംബ്രിജില്‍ ഗവേഷണത്തിനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ 1962 ല്‍, പെട്ടെന്ന് ഒരു ദിവസം സ്റ്റീഫന്‍ ഹോക്കിങ് കുഴഞ്ഞു വീണു. വിശദമായ വൈദ്യപരിശോധനയില്‍ മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് എന്ന മാരക രോഗമാണെന്നു കണ്ടെത്തുകയായിരുന്നു. പരമാവധി രണ്ടു വര്‍ഷം ആയുസ്സെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി.

രോഗം മൂര്‍ച്ഛിച്ച്, ക്രമേണ ചലന ശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ട ഹോക്കിങ്ങിന്റെ ജീവിതം വീല്‍ചെയറിലായി. കമ്പ്യൂട്ടറുമായി ഘടിപ്പിച്ച സ്പീച്ച് സിന്തസൈസര്‍ വഴിയായി സംസാരം.

രോഗം ശരീരം തളര്‍ത്തുന്നതിനിടയിലും തളരാത്ത മനസ്സുമായി കേംബ്രിജിലെ ഗവേഷണകാലത്തു മഹാസ്‌ഫോടന സിദ്ധാന്തത്തെക്കുറിച്ചും തമോഗര്‍ത്തങ്ങളെക്കുറിച്ചും അദ്ദേഹം പഠിച്ചു.

ബ്രിട്ടിഷ് ശാസ്ത്രജ്ഞനായ റോജര്‍ പെന്റോസ് നക്ഷത്ര പരിണാമത്തിലെ അവസ്ഥയായ തമോഗര്‍ത്തങ്ങളെക്കുറിച്ച് അവതരിപ്പിച്ച സിദ്ധാന്തങ്ങളായിരുന്നു പ്രചോദനം. തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള പഠനങ്ങളിലൂടെ ഹോക്കിങ്ങിന്റെ പ്രശസ്തി ലോകമെങ്ങും പരന്നു. 1966-ല്‍ ഡോക്ടറേറ്റ് നേടിയ സ്റ്റീഫന്‍ ഹോക്കിങ് ആ വര്‍ഷം തന്നെ റോജര്‍ പെന്റോസുമായി ചേര്‍ന്ന് 'singularities and the Geometry of Space-time' എന്ന പേരില്‍ എഴുതിയ പ്രബന്ധത്തിനു വിഖ്യാതമായ ആദംസ് പ്രൈസ് ലഭിച്ചു.

1974 ല്‍ റോയല്‍ സൊസൈറ്റിയില്‍ അംഗമായി. 1979 മുതല്‍ 30 വര്‍ഷം കേംബ്രിജ് സര്‍വകലാശാലയില്‍ അപ്ലൈഡ് മാത്തമാറ്റിക്‌സ് ആന്‍ഡ് ഫിസിക്‌സ് വിഭാഗത്തില്‍ ല്യൂക്കേഷ്യന്‍ പ്രഫസറായി. ഐസക് ന്യൂട്ടന്‍ വഹിച്ചിരുന്ന പദവിയാണത്. 'തിയറി ഓഫ് എവരിതിങ്' എന്ന പേരില്‍ പ്രപഞ്ചത്തിന്റെ ഉല്‍പത്തിയെ സംബന്ധിച്ച സമഗ്രമായ സിദ്ധാന്തവും അദ്ദേഹം ആവിഷ്‌കരിച്ചു.

2004 ജൂലൈയില്‍ ഡബ്ലിനില്‍ ചേര്‍ന്ന രാജ്യാന്തര ഗുരുത്വാകര്‍ഷണ-പ്രപഞ്ചശാസ്ത്ര സമ്മേളനത്തില്‍ തമോഗര്‍ത്തങ്ങളെക്കുറിച്ച് അന്നുവരെ താന്‍ ഉള്‍പ്പെടെയുള്ളവര്‍ വിശ്വസിച്ചിരുന്ന പലധാരണകളെയും തിരുത്തുന്ന പുതിയ സിദ്ധാന്തം അദ്ദേഹം അവതരിപ്പിച്ചു. ദൃശ്യ പ്രപഞ്ചത്തില്‍ നിന്നും ശാഖകളായി പിരിയുന്ന ശിശു പ്രപഞ്ചങ്ങള്‍ എന്ന ആശയവും ഹോക്കിങ് അവതരിപ്പിച്ചു. അടുത്ത കാലത്തു ബ്ലാക് ഹോളുകള്‍ ഇല്ലെന്നും പകരം ഗ്രേ ഹോളുകള്‍ ആണുള്ളതെന്നും ഉള്ള നിഗമനം അവതരിപ്പിച്ച സ്റ്റീഫന്‍ ഹോക്കിങ് വീണ്ടും ശാസ്ത്രലോകത്തെ അമ്പരപ്പിച്ചു. അന്യഗ്രഹ ജീവന്‍ തേടുന്ന വമ്പന്‍ ഗവേഷണപദ്ധതിയായ ബ്രേക്ക് ത്രൂ ഇനിഷ്യേറ്റീവുമായി ഹോക്കിങ് ഈയിടെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു.

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനു ശേഷം ലോകത്തു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രഗല്‍ഭമായ മസ്തിഷ്‌കത്തിന്റെ ഉടമയെന്ന പേരിനര്‍ഹമായി മാറി അദ്ദേഹം (രണ്ടുപേരുടെയും ഐക്യു നിലവാരം 160 ആണെന്നാണ് ഇതേപ്പറ്റി പഠനം നടത്തിയവര്‍ കണ്ടെത്തിയത്).

ഗവേഷണകാലത്തു പരിചയപ്പെട്ട ജെയിന്‍ വൈല്‍ഡിനെ സ്റ്റീഫന്‍ ഹോക്കിങ് പ്രണയിച്ചു. മാരകമായ രോഗം കണ്ടെത്തിയതോടെ ജെയിന്‍ വൈല്‍ഡിനെ ഒഴിവാക്കാന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും വിവരമറിഞ്ഞതോടെ ജെയിന്‍ സ്റ്റീഫനെ വിവാഹം കഴിക്കുമെന്ന് ഉറപ്പിക്കുകയായിരുന്നു, പലരുടെയും ഉപദേശത്തെ മറികടന്ന്. ജെയിനുമായുള്ള വിവാഹനിശ്ചയമാണു കൂടുതല്‍ ജീവിക്കാന്‍ തനിക്കു പ്രചോദനമായതെന്നു സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞിട്ടുണ്ട്. ഇവര്‍ക്കു മൂന്നു മക്കള്‍ പിറന്നു ലൂസി, തിമോത്തി, റോബര്‍ട്ട്. ജെയിന്‍ വൈല്‍ഡുമായുള്ള ബന്ധം പിരിഞ്ഞശേഷം എലെയ്ന്‍ മേസണ്‍ എന്ന നഴ്‌സിനെ അദ്ദേഹം വിവാഹം കഴിച്ചു.

Read more topics: Scientist, Stephen Hawking
English summary
Scientist Stephen Hawking has died
topbanner

More News from this section

Subscribe by Email