വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സുരക്ഷാ ടീമില്‍ അംഗമായി ലുധിയാനക്കാരന്‍ അന്‍ഷ്ദീപ് സിംഗ് ഭാട്ടിയ. സുരക്ഷാ സംഘത്തിന്റെ ഭാഗമാകുന്ന ആദ്യ സിഖ് വംശജനാണ് ഭാട്ടിയ.
യുഎസിലെ കടുകട്ടിയായ പരിശീലനം പൂര്‍ത്തിയാക്കിയതോടെയാണ് അന്ഷ്ദീപിന് സുരക്ഷാ ടീമിലേക്ക് പ്രവേശനം നല്‍കിയത്. 1984 സിഖ് വിരുദ്ധ കലാപത്തിന് ശേഷം കാന്‍പൂരില്‍ നിന്നും ലുധിയാനയിലേക്ക് ചേക്കേറിയതാണ് ഭാട്ടിയയുടെ കുടുംബം. കാന്‍പൂരിലെ കെഡിഎ കോളനിയില്‍ ആള്ട്ടൂക്കം നടത്തിയ അക്രമത്തില്‍ അമ്മാവനെയും അടുത്ത ബന്ധുവിനെയും ഇദ്ദേഹത്തിന് നഷ്ടമായിരുന്നു.
അന്ഷ്ദീപിന്റെ പിതാവ് ദേവേന്ദ്ര സിംഗിനും അക്രമത്തില്‍ പരുക്കേറ്റു. മൂന്ന് ബുള്ളറ്റുകളാണ് ഇദ്ദേഹത്തിന്റെ ശരീരത്തില്‍ തുളച്ചുകയറിയത്. ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസ്സില്‍ ഏര്‍പ്പെട്ടിരുന്ന ഇദ്ദേഹം വിവാഹത്തിന് ശേഷം യുഎസിലേക്ക് ചേക്കേറുകയായിരുന്നു.
അന്ഷ്ദീപിന് പത്ത് വയസ്സുള്ള സമയത്തായിരുന്നു കുടിയേറ്റം. പ്രസിഡന്റിന്റെ സുരക്ഷാ ടീമില്‍ അംഗത്വം ലഭിക്കാന്‍ ലുക്ക് മാറ്റണമെന്ന നിര്‍ദ്ദേശത്തിനെതിരെ കോടതിയില്‍ പോരാടി വിജയം നേടിയ ശേഷമാണ് അന്ഷ്ദീപിന്റെ പ്രവേശനം.