Thursday October 18th, 2018 - 8:09:pm
topbanner
Breaking News

ലോകം പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ട്രംപ്-കിം കൂടിക്കാഴ്ച തുടങ്ങി; പുതിയ ബന്ധത്തിന് തുടക്കമെന്ന് ട്രംപും ഉന്നും

Jikku Joseph
ലോകം പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ട്രംപ്-കിം കൂടിക്കാഴ്ച തുടങ്ങി; പുതിയ ബന്ധത്തിന് തുടക്കമെന്ന് ട്രംപും ഉന്നും

സിംഗപ്പൂര്‍ സിറ്റി: ലോകം പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള ചരിത്രപരമായ കൂടിക്കാഴ്ച ആരംഭിച്ചു. സിംഗപ്പുരിലെ സെന്റോസ ദ്വീപിലെ കാപ്പെല്ല ഹോട്ടലിലാണ് ഇരു രാജ്യങ്ങളുടെ ഭരണത്തലവന്‍മാര്‍ തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്.


ഇതാദ്യമായാണ് അധികാരത്തിലിരിക്കെ ഒരു യു.എസ് പ്രസിഡന്റും ഉത്തര കൊറിയന്‍ ഭരണാധികാരിയും കൂടിക്കാഴ്ച നടത്തുന്നത്. കഴിഞ്ഞ നാല് യുഎസ് പ്രസിഡന്റുമാര്‍ ഈ കൂടികാഴ്ച്ചക്ക് വേണ്ടി ശ്രമിച്ചിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. ഉത്തര കൊറിയക്ക് മുന്‍പില്‍ യാതൊരു ഉപാധികളോടെയുമല്ലാതെ ഉള്ള ഈ ചര്‍ച്ച ട്രംപിന്റെ വിജയമായാണ് ലോകം കാണുന്നത്. കൂടിക്കാഴ്ചയില്‍ ഉത്തരകൊറിയയുടെ ആണവ നിരായുധീകരണം ചര്‍ച്ചയാകും.

നിശ്ചയിച്ച സമയത്തുതന്നെ ഹോട്ടലിലെത്തിയ ഇരു നേതാക്കളും രണ്ടു തവണ ഹസ്തദാനം ചെയ്തു. കൂടിക്കാഴ്ചയ്ക്കു മുന്‍പായി ഇരുവരും ചേര്‍ന്ന് മാധ്യമങ്ങളെ കാണുകയും ചെയ്തു. ഇരു നേതാക്കള്‍ക്കും ഒപ്പം നാലംഗ സംഘങ്ങളുണ്ട്. ഡൊണാള്‍ഡ് ട്രംപിന്റെ സംഘത്തില്‍ വിദേശകാര്യ സെക്രട്ടറി പോംപെയോ, സെക്കന്‍ഡ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍, വൈറ്റ് ഹൗസ് ഓപ്പറേഷന്‍സ് മേധാവി ജോ ഹാഗിന്‍ എന്നിവരാണുള്ളത്.

ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റീ യോഹ് ഹോ, കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി പ്രതിനിധി കിം യോങ് ചോള്‍, കിമ്മിന്റെ സഹോദരി കിം യോ ചോങ്, വിദേശകാര്യ സെക്രട്ടറി ചോ സോന്‍ ഹുയി എന്നിവരാണ് ഉന്നിന്റെ സംഘത്തിലുള്ളത്. ഉത്തരകൊറിയ അണ്വായുധം താഴെവയ്ക്കുമെന്ന പ്രതീക്ഷയിലാണ് യു.എസ് ചര്‍ച്ചയ്ക്കിരിക്കുന്നത്. ഏഴുപതിറ്റാണ്ടോളം ശത്രുപക്ഷത്തായിരുന്ന യു.എസുമായി പുതിയ സൗഹൃദമാരംഭിക്കാമെന്നാണ് ഉത്തരകൊറിയയുടെ കണക്കുകൂട്ടല്‍.


ഇത്തരമൊരു കൂടിക്കാഴ്ചയെ പ്രതീക്ഷയോടെയാണ് അമേരിക്ക നോക്കിക്കാണുന്നത്. സഹകരിക്കാനുള്ള ഉത്തരകൊറിയയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചിരുന്നു. ഉത്തരകൊറിയ ആണവനിരായുധീകരണം നടപ്പാക്കുന്നത് ഉത്തരകൊറിയ, യു.എസ്, ദക്ഷിണകൊറിയ, ജപ്പാന്‍ എന്നിവയുള്‍പ്പെടെ ലോകരാജ്യങ്ങളെ സംബന്ധിച്ച് പ്രധാനമാണ്. അപൂര്‍വം പേര്‍ക്ക് മാത്രമാണ് ഇങ്ങനെയൊരവസരം ലഭിക്കുന്നത്. അത് നന്നായി പോകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു.

English summary
kim jong un and donald trump started meeting
topbanner

More News from this section

Subscribe by Email