കാര്യങ്ങള്‍ വെട്ടിത്തുറന്ന് സംസാരിക്കുന്ന സ്വഭാവമുള്ളതിനാല്‍ താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന് പെപ്സികോയുടെ ഇന്ത്യന്‍ വംശജയായ മുന്‍ സിഇഒ ഇന്ദ്ര നൂയി. ഏഷ്യയെക്കുറിച്ച് ലോകത്തെ പഠിപ്പിക്കുന്ന ഏഷ്യ സൊസൈറ്റിയുടെ ഗെയിം ചേഞ്ചര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് സമ്മാനിക്കവെയാണ് 62കാരിയായ നൂയി ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
പെപ്സി സിഇഒ പദവിയില്‍ നിന്നും താഴെ ഇറങ്ങിയ നിലയ്ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്യാബിനറ്റില്‍ ചേരുമോയെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഇന്ദ്ര നൂയി. 'ഞാനും രാഷ്ട്രീയവും തമ്മില്‍ മിക്സ് ചെയ്യാനാകില്ല. ഞാന്‍ കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയും, നയതന്ത്രം അറിയില്ല. അതെന്താണെന്ന് പോലും അറിയില്ല. ഞാന്‍ ഒരു മൂന്നാം ലോക മഹായുദ്ധം ഉണ്ടാക്കും, അത് ചെയ്യരുത്', ഇന്ദ്ര നൂയി പ്രതികരിച്ചു.
ആഗോള ശീതളപാനീയ വമ്പനായ പെപ്സികോയുടെ സിഇഒ പദവിയില്‍ നിന്നും ഒക്ടോബര്‍ 2നാണ് നൂയി താഴെയിറങ്ങിയത്. കൈമാറ്റം സുഖപ്രദമാക്കാന്‍ 2019 വരെ അവര്‍ ചെയര്മാന് സ്ഥാനത്ത് തുടരും. 40 വര്‍ഷക്കാലമായി ദിവസവും 20 മണിക്കൂര്‍ വരെ ജോലി ചെയ്തിരുന്നു. ഇതില്‍ നിന്നും ഇടവേളയെടുത്ത് സ്വസ്ഥമാകണമെന്നാണ് നൂയി വ്യക്തമാക്കുന്നത്.