വാഷിങ്ടണ്‍: ദിവസങ്ങള്‍ക്കു മുന്‍പ് അമേരിക്കയില്‍ കാണാതായ മലയാളി കുടുംബത്തിലെ നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. സാന്റാ ക്ലാരിറ്റയിലെ യൂണിയന് ബാങ്ക് വൈസ് പ്രസിഡന്റ് സന്ദീപ് തോട്ടപ്പള്ളി (42), ഭാര്യ സൗമ്യ (38), മകള്‍ സാച്ചി (ഒന്‍പത്), സിദ്ധാന്ത് (12) എന്നിവരുടെ മൃതദേഹങ്ങളാണു കിട്ടിയത്.
ഈല്‍ നദിയില്‍ നടത്തിയ തിരച്ചിലില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും കരക്കെത്തിച്ചിട്ടുണ്ട്. നദിയിലെ വെള്ളം താഴ്ന്നപ്പോള്‍ സൗമ്യയുടെ മൃതദേഹം ആദ്യം കണ്ടെത്തിയിരുന്നു. അതിനു ശേഷം കഴിഞ്ഞ ദിവസമാണ് കാറ് കണ്ടെത്തിയത്. കാറിനുള്ളില്‍ നിന്നാണ് സന്ദീപിന്റെയും മകള്‍ സാച്ചിയുടെയും മൃതദേഹം ലഭിച്ചത്. മകളെ രക്ഷിക്കാനായി ഡോര്‍ തുറക്കാന്‍ ശ്രമിക്കുന്ന രീതിയിലാണ് സന്ദീപിന്റെ മൃതദേഹം കാണപ്പെട്ടത്.
ഇവരുടെ മകന് സിദ്ധാന്തിന്റെ മൃതദേഹമായിരുന്നു കണ്ടെത്താന്‍ ബാക്കിയുണ്ടായിരുന്നത്. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് സിദ്ധാന്തിന്റെ മൃതദേഹവും കണ്ടെത്തിയത്. മൃതദേഹങ്ങളുടെ അവസ്ഥ മോശമായതിനാല്‍ ഇന്ത്യയിലെത്തിക്കാന്‍ കഴിയില്ലെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
ഈ മാസം ആറാം തീയതി ഉച്ചയ്ക്ക് ഓറിഗനിലെ പോര്ട്ലാന്ഡില്നിന്നു സനോസെയിലേക്കു പോകുന്നതിനിടെയാണ് അപകടം. റോഡിനോടു ചേര്‍ന്നു കരകവിഞ്ഞൊഴുകിയ ഈല്‍ നദിയിലേക്ക് ഇവരുടെ കാര്‍ വീഴുകയായിരുന്നു.
കരകവിഞ്ഞൊഴുകിയ ഈല്‍ നദിയില്‍ ഇവരുടെ വാഹനം ഒഴുക്കില്‍പ്പെട്ടതായി അധികൃതര്‍ക്ക് വിവിരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് നദിയില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയത്. ശക്തമായ കാറ്റും മഴയും തിരച്ചില്‍ തടസപ്പെടുത്തിയിരുന്നു. വാഹനത്തിന്റെ ഭാഗങ്ങളും ചില വസ്തുക്കളും തിരച്ചിലിനിടെ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
ദക്ഷിണ കലിഫോര്‍ണിയയിലെ വലന്‍സിയയില്‍ താമസിച്ചിരുന്ന കുടുംബം ബന്ധുക്കളെ സന്ദര്‍ശിക്കാനുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. ഗുജറാത്തിലെ സൂറത്തില്‍ നിന്നു യുഎസില്‍ എത്തിയ സന്ദീപ് 15 വര്‍ഷം മുന്‍പാണ് അവിടെ സ്ഥിരതാമസമാക്കിയത്. കൊച്ചി പടമുകള്‍ സ്വദേശിയാണ് സൗമ്യ.