ദുബായില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് തിരിച്ച എമിറേറ്റ് വിമാനത്തിലെ യാത്രക്കാര്‍ക്ക് അജ്ഞാത രോഗം ബാധിച്ചതിന് പിന്നാലെ കൂടുതല്‍ യാത്രക്കാരില്‍ സമാന ലക്ഷണങ്ങള്‍ കണ്ടെത്തിയത് ആശങ്കയ്ക്ക് ഇടയാക്കുന്നു. യൂറോപ്പില്‍ നിന്നും അമേരിക്കയിലെ ഫിലാഡല്‍ഫിയയിലേക്ക് വന്ന രണ്ട് വിമാനങ്ങളിലെ യാത്രക്കാരേയും ജീവനക്കാരേയുമാണ് കഴിഞ്ഞ ദിവസം വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയത്. അതേസമയം ദുബായ് വിമാനത്തിലെ യാത്രക്കാര്‍ക്ക് അസുഖം ബാധിച്ചതിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഭക്ഷ്യ വിഷബാധയാണ് കാരണമെന്നാണ് അധികൃതര്‍ കരുതുന്നത്.
പാരീസില്‍ നിന്നും മ്യൂണിച്ചില്‍ നിന്നും വന്ന ഓരോ വിമാനങ്ങളിലെ 250 യാത്രക്കാരെയാണ് മെഡിക്കല്‍ പരിശോധനയ്ക്ക് വേണ്ടി തടഞ്ഞുവച്ചതെന്ന് ഫിലാഡല്‍ഫിയ അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഇരു വിമാനങ്ങളും വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് പനിയും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടവരെ വിമാനത്താവളത്തിലെ പ്രത്യേക സ്ഥലത്തേക്ക് മാറ്റി വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. വിമാനത്തിലെ 12 യാത്രക്കാരില്‍ അസാധാരണ രോഗ ലക്ഷണമുണ്ടെന്ന് കണ്ടെത്തി. ഇവരുടെ വൈദ്യ പരിശോധനാ ഫലം വരുന്നത് അനുസരിച്ച് 24 മണിക്കൂറിനുള്ളില്‍ വിട്ടയയ്ക്കും. ബാക്കിയുള്ളവരെ യാത്ര തുടരാന്‍ അനുവദിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ദുബായില്‍ നിന്നുമെത്തിയ എമിറേറ്റ്സ് വിമാനത്തിലെ നിരവധി പേര്‍ക്ക് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് തടഞ്ഞുവച്ചെന്ന വാര്‍ത്ത ആശങ്കയുണ്ടാക്കിയിരുന്നു. എന്നാല്‍ വിമാനത്തിലെ പത്ത് യാത്രക്കാര്‍ക്ക് മാത്രമാണ് അസുഖം ബാധിച്ചതെന്നും മറ്റുള്ളവരെ വിട്ടയച്ചെന്നുമാണ് വിമാന കമ്പനി പറയുന്നത്.