Sunday August 18th, 2019 - 10:54:pm
topbanner
topbanner

ഇന്‍സ്റ്റഗ്രാമിലൂടെ മലയാളം പഠിപ്പിക്കുന്ന അമേരിക്കക്കാരി

Raji Mejo
ഇന്‍സ്റ്റഗ്രാമിലൂടെ മലയാളം പഠിപ്പിക്കുന്ന അമേരിക്കക്കാരി

സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ് ഇന്‍സ്റ്റഗ്രാമിലൂടെ മലയാളം പഠിപ്പിക്കുന്ന അമേരിക്കക്കാരി എലിസബത്ത് മേരി കെയ്ടണ്‍.  ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും ഉച്ചരണത്തിന്റെ രീതികളിലൂടെയും വളരെ എളുപ്പത്തില്‍ മലയാളം പഠിക്കാന്‍ കഴിയുന്ന തരത്തിലാണ് എലിസബത്ത് മലയാളം പഠിപ്പിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ മലയാളികളെ അദ്ഭുതപ്പെടുത്തുകയാണ് എലിസബത്ത്.

ഗൂഗിളില്‍ ഇന്‍സ്റ്റഗ്രാം വഴി മലയാള പഠനം എന്ന് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്താല്‍ ആദ്യം എത്തുന്നത് ഏലിക്കുട്ടി എന്ന എലിസബത്തിന്റെ ഇന്‍സ്റ്റഗ്രാം പേജാണ് എന്നതും മറ്റൊരു പ്രത്യേകതയാണ്.


ഒരു വര്‍ഷം മുമ്പാണ് എലിസബത്ത് ഇന്‍സ്റ്റയില്‍ അക്കൗണ്ട് ആരംഭിച്ചത്. മലയാള ഭാഷയോടുള്ള അതിയായ ഇഷ്ടമാണ് എലിസബത്തിനെ ഇത്തരത്തിലൊരു ഉദ്യമത്തിലെത്തിച്ചത്. അമേരിക്കയിലെ ന്യൂ മെക്‌സിക്കന്‍ സ്വദേശിയായ എലിസബത്ത് നാല് വര്‍ഷമായി അജ്മാനിലെ അപ്ലൈഡ് ടെക്‌നോളജി സ്‌കൂളില്‍ അധ്യാപികയായി ജോലി നോക്കുകയാണ്.

ഭാഷകളോട് തനിക്ക് വല്ലാത്തൊരു ആകര്‍ഷണമുണ്ടെന്ന് ഇലൈസ പറയുന്നു. സ്പാനിഷ് , ജപ്പാന്‍, കൊറിയന്‍ എന്നീ ഭാഷകള്‍ ഇതിനോടകം പഠിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

മുമ്പെ തന്നെ മലയാളം പഠിക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നു. മിഡില്‍ ഈസ്റ്റില്‍ എത്തിയപ്പോള്‍ തമിഴ്‌നാട്ടുകാരും മലയാളികളും സുഹൃത്തുക്കളായി ലഭിച്ചു. എന്നാല്‍ ശരിക്കും മലയാളം പഠിച്ചത് ഭര്‍ത്താവ് അര്‍ജുന്‍ ഉല്ലാസിനെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ടതു മുതലാണെന്ന് അവര്‍ സൂചിപ്പിച്ചു. ദുബായിലെ താമസക്കാരനായ മലയാളിയായ ഉല്ലാസിനെയാണ് ഇലൈസ വിവാഹം കഴിച്ചത്.

അര്‍ജുനെ പരിചയപ്പെട്ടതു മുതലാണ് മലയാളത്തിനും കേരള സംസ്‌കാരത്തിനും വളരെ പ്രാധാന്യമുണ്ടെന്ന് മനസിലാക്കിയത്. മലയാളം പഠിക്കുന്നത് ഒരു വെല്ലുവിളിയായി ഏറ്റെടുത്തു. ഓണ്‍ലൈനിലൂടെയായിരുന്നു ആദ്യം പഠനം നടത്തിയത്. എന്നാല്‍ സ്‌കൈപ്പ് നിരോധിച്ചതോടെ ഇത് നഷ്ടമായി. അതിനു ശേഷം ഓണ്‍ലൈന്‍ വഴി സ്റ്റഡി മെറ്റീറിയല്‍സ് അന്വേഷിച്ചു. എന്നാല്‍ അതുമായി ബന്ധപ്പെട്ട് കൂടുതല്‍ ഒന്നും ഇല്ലെന്ന് മനസിലായി- ഇലൈസ പറഞ്ഞു.

ഈ പ്രശ്‌നം പരിഹരിക്കാനായാണ് ഇന്‍സ്റ്റഗ്രാമിലൂടെ മലയാളം പഠിപ്പിക്കാന്‍ ഇലൈസ ആരംഭിച്ചത്. ഒരു വര്‍ഷത്തോളമായി മലയാള പാഠങ്ങള്‍ പങ്കുവെച്ച് വരികയാണ് ഇലൈസ. അപ്ലൈഡ് ടെക്‌നോളജി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയാണ് എലിസബത്ത്. യുഎഇ സൈബര്‍ സെക്യൂരിറ്റിയില്‍ ബിസിനസ് ഡിവലപ്‌മെന്റ് ഓഫീസറാണ് അര്‍ജുന്‍.

ഇന്‍സ്റ്റഗ്രാമിലൂടെ മലയാളം പാഠങ്ങള്‍ പങ്കുവയ്ക്കാന്‍ തുടങ്ങിയതോടെ മലയാള ഭാഷയില്‍ സഹായം ആവശ്യമുള്ള ഒരുപാട് പേര്‍ ഉണ്ടെന്ന് മനസിലായതായി ഇലൈസ പറയുന്നു. മലയാളികളെ വിവാഹം കഴിച്ച വിദേശികള്‍, വിദേശത്തേക്ക് പോയതിനെ തുടര്‍ന്ന് മലയാളം മറന്നു പോയവര്‍, മലയാളം അറിയാത്ത കുട്ടികളുടെ മാതാപിതാക്കള്‍ എന്നിവരാണ് തന്നെ ഇന്‍സ്റ്റയില്‍ പിന്തുടരുന്നതെന്ന് ഇലൈസ പറയുന്നു.

ഇതിനു പുറമെ ധാരാളം മലയാളികളും തനിക്ക് ഫോളോവേഴ്‌സായി ഉണ്ടെന്ന് ഇലൈസ വ്യക്തമാക്കുന്നു. 2000ല്‍ അധികം ഫോളോവേഴ്‌സാണ് ഇലൈസയ്ക്കുള്ളത്.

ഇലൈസയ്ക്ക് മലയാളത്തോട് വളരെയധികം ഇഷ്ടമാണെന്ന് ഭര്‍ത്താവ് അര്‍ജുനും പറയുന്നു. ഇരുവരും സംസാരിക്കുന്നത് മലയാളത്തിലാണെന്നും മലയാള സിനിമകള്‍ ഒന്നിച്ച് കാണാറുണ്ടെന്നും അര്‍ജുന്‍ പറഞ്ഞു.

മലയാള ഭാഷയോടുള്ള ഇഷ്ടത്തിന് പുറമെ കേരള ഭക്ഷണത്തോടും ഇലൈസയ്ക്ക് ഇഷ്ടമാണെന്ന് അര്‍ജുന്‍. ഇലൈസ കേരള ഭക്ഷണം പാകം ചെയ്യുമെന്നും കൈകൊണ്ട് ഭക്ഷണം കഴിക്കാറുണ്ടെന്നും അര്‍ജുന്‍ വ്യക്തമാക്കുന്നു.

 

English summary
The American who teaches Malayalam by Instagram
topbanner

More News from this section

Subscribe by Email