ഡിസംബര്‍ വരെ അവനുണ്ടാകില്ലെന്ന തിരിച്ചറിവിനാല്‍ 9 വയസ്സുകാരനായ ജേക്കബ് തോംസണ്‍ ഇക്കുറി ക്രിസ്മസ് നേരത്തെ ആഘോഷിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പതിനായിരക്കണക്കിന് ആശംസാകാര്‍ഡുകളും, സമ്മാനങ്ങളുമാണ് അവനെ തേടിയെത്തിയത്. ഒടുവില്‍ നാല് വര്‍ഷം നീണ്ട ക്യാന്‍സറിനെതിരെയുള്ള പോരാട്ടം അവസാനിപ്പിച്ച് ജേക്കബ് മടങ്ങി
മരിക്കും മുന്‍പ് ക്രിസ്മസ് ആഘോഷിക്കണമെന്നായിരുന്നു കുട്ടിയുടെ ആഗ്രഹം. ഇത് സാധിച്ച് കൊടുക്കാന്‍ വീട്ടുകാര്‍ തയ്യാറായതോടെ ലോകമെമ്പാടും നിന്നുമുള്ള സുമനസ്സുകള്‍ ജേക്കബിന്റെ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നു. നാല് വര്‍ഷക്കാലമായി ന്യൂറോബ്ലാസ്റ്റോമക്കെതിരെ ജീവന് നിലനിര്‍ത്താന്‍ പോരാടുന്ന ജേക്കബ് മരിച്ചതായി കുടുംബം ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്.
ഒരു ക്രിസ്മസ് കാര്‍ഡോ, ഫേസ്ബുക്ക് സന്ദേശമോ, പ്രാര്‍ത്ഥനയോ ജേക്കബിന് വേണ്ടി നടത്തി എല്ലാവരും അവനൊപ്പം നിന്നു.അവന് സന്തോഷവും പ്രതീക്ഷയും നല്കി. ഇതുപോലെ ഇനിയും നിരവധി പേര് സമൂഹത്തിലുണ്ട്, അവര്‍ക്ക് സഹായവും ആവശ്യമുണ്ട്, ഗോ ഫണ്ട് പേജില്‍ എഴുതി. അഞ്ചാം വയസ്സിലാണ് അപൂര്‍വ്വമായ ക്യാന്‍സര്‍ രോഗം മകനെ പിടികൂടിയതായി മാതാപിതാക്കള്‍ തിരിച്ചറിയുന്നത്. യുഎസില്‍ മാത്രം ഓരോ വര്‍ഷം 800 കുട്ടികളില്‍ ഈ ക്യാന്‍സര്‍ കണ്ടെത്തുന്നു. ഒക്ടോബറില്‍ രോഗം മൂര്‍ച്ഛിച്ചതോടെ മരണസമയം അടുത്തെന്ന് കുടുംബം മനസ്സിലാക്കി. ഇതോടെയാണ് ക്രിസ്മസ് നവംബറില്‍ തന്നെ ആഘോഷിക്കാന്‍ തീരുമാനിച്ചത്.