Thursday July 18th, 2019 - 5:32:pm
topbanner
topbanner

അഴിമതി നടത്തി അറസ്റ്റിലായവർക്ക് പീഡനം; അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ സംഘടന

fasila
അഴിമതി നടത്തി അറസ്റ്റിലായവർക്ക് പീഡനം; അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ സംഘടന

ന്യുയോര്‍ക്ക്: അഴിമതിയുടെ പേരില്‍ കഴിഞ്ഞ വര്‍ഷം സൗദിയില്‍ അറസ്റ്റിലായ ഉന്നതരെ അധികൃതര്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അതേക്കുറിച്ച് അന്വേഷണം നടത്തണമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന സൗദി ഭരണകൂടത്തോട് ആവശ്യപ്പെട്ടു. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചാണ് ഈ ആവശ്യം ഉന്നയിച്ചത്. ആരോപണം ശരിയാണെങ്കില്‍ ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും സംഘടന ആവശ്യപ്പെട്ടു.

അഴിമതിക്കെതിരായ നടപടികളുടെ പേരില്‍ കഴിഞ്ഞ വര്‍ഷം അറസ്റ്റിലായ മന്ത്രിമാര്‍, രാജകുമാരന്‍മാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ പാര്‍പ്പിച്ച റിട്‌സ് കാള്‍ട്ടന്‍ ഹോട്ടലില്‍ വച്ച് ക്രൂരമായ പീഡനങ്ങള്‍ നടന്നുവെന്ന് അറസ്റ്റിലായി വിട്ടയക്കപ്പെട്ടവരുടെയും ഇപ്പോഴും തടവില്‍ കഴിയുന്നവരുടെയും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ന്യുയോര്‍ക്ക് ടൈംസ് ദിനപ്പത്രം പ്രസിദ്ധീകരിച്ച സാഹചര്യത്തിലാണ് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് അന്വേഷണ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

റിട്‌സ് കാള്‍ട്ടനില്‍ വച്ച് നടന്നതായി ആരോപിക്കപ്പെടുന്ന പീഡനങ്ങള്‍ ആധുനികനായ പരിഷ്‌ക്കരണവാദിയെന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിശേഷണത്തിനേറ്റ കനത്ത തിരിച്ചടിയാണെന്ന് സംഘടനയുടെ മിഡിലീസ്റ്റ് ഡയരക്ടര്‍ സാറ ലേ വിറ്റ്‌സണ്‍ പറഞ്ഞു. അഴിമതി തടയുകയെന്ന സൗദി നിലപാട് മഹത്തരമാണ്. എന്നാല്‍ അധികൃതര്‍ അതിനായി സ്വീകരിച്ച വഴി ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് തുല്യമാണ്. നിയമവാഴ്ചയ്‌ക്കെതിരായ കൊഞ്ഞനം കുത്തലാണത്- അവര്‍ കുറ്റപ്പെടുത്തി. രാജ്യം പുരോഗതിയിലേക്ക് നീങ്ങുകയാണെന്ന് സ്വന്തം ജനതയെയും അന്താരാഷ്ട്ര സമൂഹത്തെയും നിക്ഷേപകരെയും ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ കാള്‍ റിട്‌സില്‍ എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് ആത്മപരിശോധന അനിവാര്യമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

അഴിമതിയുടെ പേരില്‍ അറസ്റ്റിലായവരില്‍ ചുരുങ്ങിയത് 17 പേര്‍ ക്രൂരമായ പീഡനങ്ങള്‍ക്കിരയാവുകയും അതേത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തതായി കഴിഞ്ഞ തിങ്കളാഴ്ചത്തെ ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു. കഴുത്ത് അസ്വാഭാവികമായി ഞെരിക്കപ്പെട്ട രീതിയിലും വൈദ്യുതാഘാതമേല്‍പ്പിക്കപ്പെട്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മേജര്‍ ജനറല്‍ അലി അല്‍ ഖഹ്ത്താനി പിന്നീട് മരണപ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ട്. നവംബര്‍ നാലിന് അറസ്റ്റിലായവരുടെ മോചനത്തിന് പകരം അവരില്‍ നിന്ന് 106 ബില്യന്‍ ഡോളറിന്റെ സമ്പത്ത് സൗദി അധികൃതര്‍ നേടിയെടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മര്‍ദ്ദിച്ചും പീഡിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് അവരില്‍ നിന്ന് പണം ഈടാക്കിയതെന്നാണ് ആരോപണം. റിയല്‍ എസ്റ്റേറ്റ് രൂപത്തിലും സ്ഥാപനങ്ങളായും പണമായുമാണ് ഇവരില്‍ നിന്ന് സമ്പത്ത് തിരിച്ചുപിടിച്ചത്. പണം നല്‍കാന്‍ വിസമ്മതിച്ച 56 പേര്‍ വിചാരണ നേരിടുകയാണെന്നാണ് റിപ്പോര്‍ട്ട്.

 

English summary
Corruption arrest Torture; Human rights organization wants investigation
topbanner

More News from this section

Subscribe by Email