ശ്രീനഗര്‍: കശ്മീര്‍ താഴ്വരയിലെ ഏറ്റുമുട്ടലുകളില്‍ മനം നൊന്ത് രാജിവെക്കുന്നതായി പോലീസുകാരന്. റയീസ് എന്ന പേരിലാണ് ഇയാളുടെ വീഡിയോ പ്രചരിക്കുന്നത്.
താഴ്വരയിലെ രക്തച്ചൊരിച്ചില്‍ കണ്ടു നില്‍ക്കേണ്ടി വരുന്ന ഒരു പോലീസുകാരാണ് താന്‍ എന്ന് വീഡിയോയില്‍ പറയുന്നു. ഒരു പോലീസുകാരനെന്ന നിലയില്‍ താന്‍ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്ന കാര്യത്തില്‍ ഒരു ഉത്തരത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ താന്‍ ഒരു തീരുമാനത്തിലെത്തി.
തന്റെ വിവേചന ബുദ്ധിയുടെ അടിസ്ഥാനത്തിലാണ് പോലീസില്‍ നിന്ന് രാജിവെക്കാന്‍ തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇത് തന്റെ വ്യക്തിപരമായ പ്രശ്നമാണ്. തന്റെ കുടുംബത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ തുടര്‍ന്നും പോരാടും. ഒരു ദരിദ്ര കുടുംബമാണ് തന്റേത്. അച്ഛന് ഒരു തൊഴിലാളിയാണ്. എന്നിരുന്നാലും എന്റെ വിവേചനബുദ്ധി മരിച്ചുകൊണ്ടിരിക്കുന്നത് കാണാനാകില്ല - വീഡിയോയില്‍ പറയുന്നു.
പേരല്ലാതെ വിവരങ്ങളൊന്നും അദ്ദേഹം പങ്കുവെക്കുന്നില്ല. അതുകൊണ്ടു തന്നെ അദ്ദേഹം അവകാശപ്പെടുന്ന കാര്യങ്ങള്‍ സത്യമാണോ എന്ന് അന്വേഷിച്ചു വരുന്നതായി ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു.