Sunday November 18th, 2018 - 10:02:pm
topbanner

മുന്‍ മുഖ്യമന്ത്രിമാര്‍ ഔദ്യോഗിക വസതി ഒഴിയണമെന്ന് യോഗി; ഒഴിയില്ലെന്ന് അഖിലേഷ്

Jikku Joseph
മുന്‍ മുഖ്യമന്ത്രിമാര്‍ ഔദ്യോഗിക വസതി ഒഴിയണമെന്ന് യോഗി; ഒഴിയില്ലെന്ന് അഖിലേഷ്

ലഖ്‌നൗ: ഔദ്യോഗിക സര്‍ക്കാര്‍ മന്ദിരങ്ങള്‍ ഒഴിയണമെന്ന കോടതി ഉത്തരവ് അനുസരിക്കാതെ മുന്‍ മുഖ്യമന്ത്രിമാരായ അഖിലേഷ് യാദവും മായാവതിയും. വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇരുവരും വസതികള്‍ ഒഴിയാത്തത്.

താമസിക്കാന്‍ മറ്റൊരു വീട് ഇല്ലെന്നു ചൂണ്ടിക്കാട്ടി അഖിലേഷ് യാദവ് സംസ്ഥാന സര്‍ക്കാരിനു കത്തു നല്‍കി. തന്റെ കുടുംബത്തിന്റെ വിവരങ്ങളും സുരക്ഷാ പ്രശ്‌നങ്ങളും അഖിലേഷ് കത്തില്‍ ചൂണ്ടിക്കാട്ടി. വിക്രമാദിത്യ റോഡിലെ ബംഗ്ലാവില്‍ തുടരാന്‍ രണ്ടു വര്‍ഷം കൂടി അനുവദിക്കണമെന്നും മുന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മായാവതിക്കു മറ്റൊരു സ്വകാര്യ വസതിയുണ്ടെങ്കിലും യോഗി സര്‍ക്കാരിനെ കുരുക്കിലാക്കിയിരിക്കുകയാണ്. കോടതി ഉത്തരവ് വന്നതിനു പിന്നാലെ ഔദ്യോഗിക വസതിക്കു പുറത്ത് മായാവതി 'ശ്രീ കാന്‍ഷി റാംജി യാദ്ഗര്‍ വിശ്രം സ്ഥല്‍' എന്ന ബോര്‍ഡ് തൂക്കി. ബി.എസ്.പി സ്ഥാപകന്‍ കാന്‍ഷി റാമിന്റെ പേരാണിത്. കാന്‍ഷിറാമിന്റെ പേരിലുള്ള വസതിയില്‍നിന്ന് യോഗി സര്‍ക്കാര്‍ തന്നെ ഇറക്കിവിടില്ലെന്ന പ്രതീക്ഷയിലാണ് മായാവതി.

അധികാരം ഒഴിഞ്ഞശേഷം സര്‍ക്കാര്‍ വക ബംഗ്ലാവില്‍ താമസമാക്കിയ ആറ് മുഖ്യമന്ത്രിമാരോട് ഒഴിയണമെന്ന് കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. സുപ്രീം കോടതി നിര്‍ദ്ദേശത്തെതുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ്ങ് യാദവ്, ബി.എസ്.പി നേതാവ് മായാവതി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് എന്നീ മുതിര്‍ന്ന നേതാക്കള്‍ക്കും ഇത്തരത്തില്‍ ഒഴിയണമെന്നാവശ്യപ്പെട്ട് കത്ത് ലഭിച്ചു. കത്ത് ലഭിച്ച് 15 ദിവസത്തിനുള്ളില്‍ ഒഴിഞ്ഞു പോകുവാനാണ് എസ്റ്റേറ്റ് വകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

മുതിര്‍ന്ന നേതാക്കള്‍ക്ക് പുറമെ നാരായണ്‍ ദത്ത് തിവാരി, അഖിലേഷ് യാദവ്, കല്യാണ്‍ സിങ്ങ് എന്നിവര്‍ക്കും ബംഗ്ലാവ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് കത്ത് അയച്ചിട്ടുണ്ട്. അഖിലേഷ് സര്‍ക്കാരിന്റെ സമയത്താണ് അധികാരമൊഴിഞ്ഞ മുഖ്യമന്ത്രിമാര്‍ക്ക് സ്ഥിരതാമസം ഒരുക്കണമെന്നനിയമം കൊണ്ടുവന്നത്.

English summary
no home, says akhilesh yadav, buying time to vacate government bungalow
topbanner

More News from this section

Subscribe by Email