Sunday November 18th, 2018 - 3:44:pm
topbanner

ലൗ ജിഹാദിന്റെ പേരില്‍ കൊലപാതകം; പ്രതിയെ അനുകൂലിച്ച് സംഘപരിവാര്‍ കലാപം

NewsDesk
ലൗ ജിഹാദിന്റെ പേരില്‍ കൊലപാതകം; പ്രതിയെ അനുകൂലിച്ച് സംഘപരിവാര്‍ കലാപം

ന്യൂഡല്‍ഹി: ലൗ ജിഹാദ്' ആരോപിച്ച് രാജസ്ഥാനില്‍ ഇതരസംസ്ഥാന തൊഴിലാളിയെ ജീവനോടെ ചുട്ടെരിച്ച സംഘപരിവാര്‍ പ്രവര്‍ത്തകനെ അനുകൂലിച്ച് സംഘടന കലാപം അഴിച്ചുവിട്ടു.

രാജസ്ഥാനിലെ രാജ്‌സമന്ദ്, ഉദയ്പുര്‍ ജില്ലകളില്‍ വ്യാപകകലാപമാണ് സംഘപരിവാര്‍ അഴിച്ചുവിട്ടത്. ബജ്രംഗ്ദള്‍ അടക്കമുള്ള ഹിന്ദുത്വസംഘടനകളുടെ പേരില്‍ വാളും വടിയും കല്ലുമായി തെരുവിലിറങ്ങിയവര്‍ കണ്ണില്‍ കണ്ടതെല്ലാം തകര്‍ത്തു.

ബലംപ്രയോഗിച്ച് കടകള്‍ അടപ്പിച്ച് ഗതാഗതം തടഞ്ഞു. അഡീഷണല്‍ ജില്ലാ പൊലീസ് സൂപ്രണ്ട് അടക്കം മുപ്പതില്‍പ്പരം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും സംഘര്‍ഷത്തിന് അയവുണ്ടായില്ല. ഇരുനൂറോളംപേര്‍ അറസ്റ്റിലായി. രണ്ടു ജില്ലയിലും ഇന്റര്‍നെറ്റ് സേവനം നിര്‍ത്തി. വ്യാഴാഴ്ച തുടങ്ങിയ ആക്രമണങ്ങള്‍ വെള്ളിയാഴ്ച വൈകിയും തുടരുകയാണ്.

ആയുധങ്ങളുമായി ഒത്തുചേരാന്‍ വാട്‌സാപ് വഴി സന്ദേശം നല്‍കിയാണ് ചില സംഘടനകളുടെ പേരില്‍ ആളെ കൂട്ടിയതെന്ന് ഉദയ്പുര്‍ മേഖല ഐജി ആനന്ദ് പറഞ്ഞു. ഉദയ്പുര്‍ നഗരത്തില്‍ ചേതക് സര്‍ക്കിള്‍, റേട്ടി സ്റ്റാന്‍ഡ്, ടൌണ്‍ ഹാള്‍ പരിസരം തുടങ്ങി ഏഴിടങ്ങളില്‍ ആക്രമണം അഴിച്ചുവിട്ടു.

പശ്ചിമബംഗാളിലെ മാള്‍ദ സ്വദേശിയായ അഫ്രസുള്‍ ഖാന്‍(48) ആണ് കഴിഞ്ഞയാഴ്ച രാജ്‌സമന്ദില്‍ പൈശാചികമായി കൊലചെയ്യപ്പെട്ടത്. ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് അഫ്രസുളിനെ ശംഭുലാല്‍ വിളിച്ചുകൊണ്ടുപോയി വെട്ടിവീഴ്ത്തിയശേഷം തീയിട്ട് കൊല്ലുകയായിരുന്നു. 'ലൗ ജിഹാദ്, പത്മാവതി,
ഗോഹത്യ' എന്നിവയ്ക്കുള്ള പ്രതികാരമായാണ് ഇത് ചെയ്തതെന്ന് അരുംകൊലയ്ക്കുശേഷം ശംഭുലാല്‍ വിളിച്ചുപറഞ്ഞു. ഇതിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ ചിത്രീകരിച്ച് പുറത്തുവിട്ടതിനെതുടര്‍ന്നാണ് അറസ്റ്റിലായത്.

Read more topics: Arrest, Udaipur, Rajasthan
English summary
200 Arrested In Udaipur For Thursday's Rally For Rajasthan Killer
topbanner

More News from this section

Subscribe by Email