Thursday June 4th, 2020 - 6:42:pm

ആളും ആരവവും കോമരങ്ങളും ഇല്ലാതെ കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതിക്കാവില്‍ കാവുതീണ്ടല്‍

RA
ആളും ആരവവും കോമരങ്ങളും ഇല്ലാതെ കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതിക്കാവില്‍ കാവുതീണ്ടല്‍

തൃശൂര്‍: മുളംവടിയില്‍ കൊട്ടി തന്നാരം പാട്ടുകള്‍ ഇല്ല, ഉറഞ്ഞുതുള്ളി നെറ്റിയില്‍ ആഞ്ഞ്ുവെട്ടി ചോര ഒല്ലിപ്പിച്ച് പാഞ്ഞടുക്കുന്ന കോമരങ്ങള്‍ ഇല്ല.. ഭക്തിയോടെ ദേവിയെ സ്തുതിച്ച് എത്തുന്ന ഭക്തര്‍ ഇല്ല... അവകാശ തറകളും മറ്റും ശൂന്യം.. ആളും ആരവവും കോമരങ്ങളും ഇല്ലാതെ കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതിക്കാവില്‍ കാവുതീണ്ടല്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പതിനായിരങ്ങള്‍ കാവുതീണ്ടേണ്ടതിന് പകരം ഇന്നലെ പാലക്ക വേലന്‍ മാത്രമാണ് കാവുതീണ്ടിയത്. ഇന്നലെ രാവിലെ എട്ടിന് വലിയ തമ്പുരാന്റെ ചുമതല വഹിക്കുന്ന ചിറക്കല്‍ കോവിലകത്തെ രഘുനന്ദനന്‍ രാജ കോട്ട കോവിലകത്തുനിന്ന് ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. പരിവാരങ്ങളും പല്ലക്കും ഒഴിവാക്കി തമ്പുരാന്‍ നാലാളുമായി നടന്നാണ് ഇത്തവണ ക്ഷേത്രത്തിലെത്തിയത്. രാജകുടുംബാംഗങ്ങളടക്കം നൂറുകണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ചടങ്ങാണ് കോവിഡ് 19 മൂലം മാറ്റിവെക്കപ്പെട്ടത്. ക്ഷേത്ര ദര്‍ശനത്തിനുശേഷം തമ്പുരാന്‍ പൂജകള്‍ക്ക് അനുമതി കൊടുത്തു. ഉച്ചയോടെ തൃച്ചന്ദന ചാര്‍ത്ത് പൂജയ്ക്കായി നടയടച്ചു.

ആടയാഭരണങ്ങളെല്ലാം അഴിച്ച് കരിക്കിന്‍ വെള്ളത്തില്‍ മഞ്ഞള്‍ ചേര്‍ത്തുണ്ടാക്കുന്ന തൃച്ചന്ദനമാണ് വിഗ്രഹത്തില്‍ ചാര്‍ത്തുന്നത്. ഏഴു നാഴിക നീണ്ടുനില്‍ക്കുന്ന രഹസ്യ മന്ത്രങ്ങളുള്ള പൂജയ്ക്കുശേഷം അടികള്‍മാരും തന്ത്രിയും തമ്പുരാനും നാലോടെ കിഴക്കേ ക്ഷേത്രനട തുറന്നു പുറത്തേക്കിറങ്ങി. തൃച്ചന്ദന ചാര്‍ത്ത് പൂജയ്ക്ക് കുന്നത്ത് മഠത്തില്‍ പ്രദീപ് അടികള്‍, നീലത്ത് മീത്തില്‍ പരമേശ്വരനുണ്ണി അടികള്‍, മഠത്തില്‍ മഠത്തില്‍ രവീന്ദ്രനാഥനടികള്‍ എന്നിവരാണ് പൂജയ്ക്ക് നേതൃത്വം നല്‍കിയത്. രാജാവും പരിവാരങ്ങളും ക്ഷേത്രത്തിന് പുറത്ത് വന്നപ്പോള്‍ കിഴക്കേ നടയിലെ നടപ്പുരയില്‍ വച്ച് പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.

തമ്പുരാന്‍ ആല്‍ത്തറയില്‍ ഉപവിഷ്ടനായി. തുടര്‍ന്ന് കോയ്മ വാസുദേവന്‍ പട്ടുകുട ഉയര്‍ത്തിയതോടെ പാലക്ക വേലന്‍ ദേവീദാസന്‍ കാവ് തീണ്ടി. മറ്റാരെയും കാവ് തീണ്ടാന്‍ അനുവദിച്ചില്ല. തഹസില്‍ദാര്‍ കെ. രേവ, ഡെപ്യൂട്ടി കലക്ടര്‍മാരായ എന്‍.കെ. കൃപ, എം.വി. ഗിരീഷ്, ഐ. പാര്‍വതി, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഫേമസ് വര്‍ഗീസ്, കൊടുങ്ങല്ലൂര്‍ സി.ഐ. പി.കെ. പത്മരാജന്‍, എസ്.ഐ. ഇ.ആര്‍. ബൈജു, ക്ഷേത്രം മാനേജര്‍ യഹുല ദാസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. സുരക്ഷയൊരുക്കിയ പോലീസടക്കം അമ്പതോളം പേരാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയത്. ശനിയാഴ്ച രാവിലെ വടക്കേ നടയില്‍ കുമ്പളങ്ങ ഗുരുതി നടത്തി വെന്നിക്കൊടി നാട്ടുന്നതോടെ ഭരണിയാഘോഷത്തിന് സമാപ്തിയാകും.

English summary
thrisur kodugaloor bhagavathi temple
topbanner

More News from this section

Subscribe by Email