ചെന്നൈ: വിമാനത്തില്‍ വെച്ച് ബിജെപിക്കെതിരെ മുദ്രാവാക്യം വിളിച്ച ഗവേഷണ വിദ്യാര്‍ഥിനിയെ അറസ്റ്റ് ചെയ്തു. ബിജെപി സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദരരാജന് നല്കിയ പരാതിപ്രകാരമാണ് അറസ്റ്റ്. തമിഴിസൈ സൗന്ദരരാജന് യാത്ര ചെയ്ത വിമാനത്തില്‍ ചെന്നൈയില്‍നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് പോകവെയാണ് സംഭവം.
സോഫിയ എന്ന വിദ്യാര്‍ഥിനി തമിഴിസൈ സൗന്ദര്‍രാജനെ കണ്ടയുടനെ ബി.ജെ.പി. സര്‍ക്കാര്‍ മുര്‍ദാബാദ് എന്ന് തുടര്‍ച്ചയായി വിളിച്ചു. മുദ്യാവാക്യം വിളി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും നിര്‍ത്തിയില്ല. തുടര്‍ന്ന് തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍വെച്ച് വിദ്യാര്‍ഥിനിയെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴിസൈ പോലീസ് കോണ്‍സ്റ്റബിളുമായി തര്‍ക്കിച്ചു. പുറത്ത് വന്ന് ശിവഗംഗ പോലീസില്‍ പരാതി നല്കി. പോലീസ് വിദ്യാര്‍ഥിനിയെ കസ്റ്റഡിയിലെടുത്തു.
വിദ്യാര്‍ഥിനി വിമാനത്തില്‍ പലതവണ മുദ്രാവാക്യം വിളിച്ചുവെങ്കിലും മറ്റ് യാത്രക്കാര്‍ക്ക് പ്രശ്നമുണ്ടാകരുതെന്ന് കരുതി പ്രശ്നമുണ്ടാക്കിയില്ല. വിദ്യാര്‍ഥിനിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് സംശയമുണ്ടെന്നും തമിഴിസൈ ആരോപിച്ചു.
കാനഡയിലെ മോണ്ട്രിയല് സര്‍വകലാശാലയിലെ ഗവേഷകയും തമിഴ്നാട് സ്വദേശിനിയുമാണ് സോഫിയ. വിമാനത്തില്‍ തമിഴിസൈയ്ക്കു തൊട്ടു പിന്നിലെ സീറ്റിലാണു സോഫിയ ഇരുന്നത്.
അതേസമയം, ബിജെപി പ്രവര്‍ത്തകര്‍ മോശമായ ഭാഷയില്‍ എഴുത്തുകാരി കൂടിയായ സോഫിയയെ അപമാനിച്ചെന്നും അതിനെതിരെ പരാതി കൊടുത്തിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്നും പരിസ്ഥിതി പ്രവര്ത്തകന് നിത്യാനന്ദ ജയരാമന് ആരോപിച്ചു. തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് കമ്പനിക്കെതിരായും ചെന്നൈ സേലം എട്ടുവരിപ്പാതയെക്കെതിരായുമെല്ലാം ലോയിസ് സോഫിയ നിരന്തരമായി ലേഖനങ്ങള്‍ എഴുതിയിരുന്നു. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.