Friday August 17th, 2018 - 1:30:pm
topbanner

ചലചിത്ര അവാര്‍ഡ് വിതരണം ചെയ്യാനുള്ള സ്മൃതി ഇറാനിയുടെ ശ്രമം വിവാദത്തില്‍

NewsDesk
ചലചിത്ര അവാര്‍ഡ് വിതരണം ചെയ്യാനുള്ള സ്മൃതി ഇറാനിയുടെ ശ്രമം വിവാദത്തില്‍

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് രാഷ്ട്രപതി പുരസ്‌കാരം നല്‍കില്ലെന്ന അറിയിപ്പ് വിവാദത്തില്‍. അവാര്‍ഡ് നേടിയ 11 പേര്‍ക്കു മാത്രം രാഷ്ട്രപതിയും ബാക്കിയുള്ളവര്‍ക്കു വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രിയും അവാര്‍ഡ് സമ്മാനിക്കുമെന്ന തീരുമാനത്തിനെതിരെയാണ് അവാര്‍ഡ് ജേതാക്കളുടെ പ്രതിഷേധം.

രാഷ്ട്രപതി നല്‍കിയില്ലെങ്കില്‍ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് മറ്റു കലാകാരന്‍മാര്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തെ അറിയിച്ചു. അവരെ അനുനയിപ്പിക്കാന്‍ മന്ത്രി സ്മൃതി ഇറാനി നടത്തിയ ശ്രമം പരാജയപ്പെട്ടു.  പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ അവാര്‍ഡ് ജേതാക്കള്‍ ഇന്നു രാവിലെ യോഗം ചേരും.

വ്യാഴാഴ്ച വൈകീട്ട് 5.30-നാണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. രാഷ്ട്രപതി രാം നാഥ് കോവിന്ദ് പുരസ്‌കാരം നല്‍കുമെന്നാണ് അറിയിപ്പുകളിലും ക്ഷണപത്രങ്ങളിലുമുള്ളത്. ജേതാക്കള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണമന്ത്രാലയം അയച്ച ക്ഷണക്കത്തുകളിലും രാഷ്ട്രപതി സമ്മാനം നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതുവരെയുള്ള പതിവും അതാണ്.

രാഷ്ട്രപതിയില്‍ നിന്നു പുരസ്‌കാരം ഏറ്റുവാങ്ങുന്ന 11 പേരെ എന്തു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുത്തതെന്ന ചോദ്യത്തിനു മന്ത്രി സ്മൃതി ഇറാനിക്കു മറുപടിയില്ലാതായതോടെ പ്രതിഷേധം കനത്തു.

വിനോദ് ഖന്നയ്ക്ക് മരണാനന്തര ബഹുമതിയായി ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം, മികച്ച നടി ശ്രീദേവിക്കുള്ള മരണാനന്തര പുരസ്‌കാരം, മികച്ച നടന്‍ റിദ്ദി സെന്‍, മികച്ച ഗായകന്‍ യേശുദാസ്, മികച്ച സംവിധായകന്‍ ജയരാജ്, മികച്ച സംഗീതസംവിധായകന്‍ എ.ആര്‍. റഹ്മാന്‍ തുടങ്ങി 11 പുരസ്‌കാരങ്ങളാണ് രാഷ്ട്രപതി വിതരണം ചെയ്യുന്നത്. ബാക്കി മന്ത്രി സ്മൃതി ഇറാനിയും നല്‍കും.

ഈ വര്‍ഷം മുതലുള്ള പരിഷ്‌കാരമാണിതെന്നും പകരം ജേതാക്കളുടെ സംഘത്തിനൊപ്പം രാഷ്ട്രപതി ചിത്രമെടുക്കുമെന്നും മന്ത്രി അറിയിച്ചെങ്കിലും പ്രതിഷേധം തണുത്തില്ല.

പുരസ്‌കാരത്തിനുള്ള ക്ഷണക്കത്തില്‍ രാഷ്ട്രപതി വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെന്നും അവസാന നിമിഷത്തെ പരിഷ്‌കാരം അംഗീകരിക്കാനാവില്ലെന്നും ജേതാക്കള്‍ ഉറച്ച നിലപാടെടുത്തു.

Read more topics: Film, Award, Smriti Irani
English summary
On National Film Awards eve, Smriti Irani in eye of presentation row
topbanner

More News from this section

Subscribe by Email