Wednesday December 12th, 2018 - 7:01:am
topbanner

അയാളെ കത്തിച്ചുകൊന്നതില്‍ പശ്ചാത്താപമില്ല: ജയിലിനുള്ളില്‍ നിന്നും വീഡിയോയുമായി പ്രതി

Anju NC
അയാളെ കത്തിച്ചുകൊന്നതില്‍ പശ്ചാത്താപമില്ല: ജയിലിനുള്ളില്‍ നിന്നും വീഡിയോയുമായി പ്രതി

ജോധ്പൂര്‍: ബംഗാള്‍ സ്വദേശിയായ യുവാവിനെ വെട്ടിക്കൊന്ന് ചുട്ടെരിച്ച സംഭവത്തില്‍ കുറ്റബോധമില്ലെന്ന് ജയിലില്‍ കഴിയുന്ന ശംഭുലാല്‍ റെഗാര്‍. ജയിലില്‍ നിന്നും മൊബൈല്‍ ഫോണിലൂടെ ചിത്രീകരിച്ച വീഡിയോയിലൂടെയാണ് ശംഭുലാല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സഹതടവുകാരന്റെ അടുത്ത് നിന്ന് താന്‍ ജീവന് ഭീഷണി നേരിടുന്നുണ്ടെന്നും, തന്നെ കൊല്ലാന്‍ ജയിലില്‍ കടന്നുകൂടിയ ജിഹാദിയാണയാള്‍ എന്ന് സംശയിക്കുന്നതായും ഇയാള്‍ വീഡിയോയില്‍ പറയുന്നു. ജാക്കറ്റും ഇയര്‍ഫോണും ധരിച്ചാണ് ഇയാള്‍ വീഡിയോയില്‍ സംസാരിക്കുന്നത്. എഴുതി തയാറാക്കിയ കുറിപ്പാണ് ഇയാള്‍ വീഡിയോയില്‍ വായിക്കുന്നത്. കൊല നടത്തിയതില്‍ തനിക്ക് പശ്ചാത്താപമൊന്നുമില്ലെന്നും ഇയാള്‍ വീഡിയോയിലൂടെ വ്യക്തമായി പറയുന്നുണ്ട്.

കഴിഞ്ഞ ഡിസംബര്‍ ആറിനാണ് ഇതര സംസ്ഥാന തൊഴിലാളിയായ അഫ്രസൂര്‍ ഖാനെ മഴുകൊണ്ട് വെട്ടി തീയിട്ടു കൊന്നത്. പരിചയക്കാരിയായ യുവതിയെ ലൗ ജിഹാദിലൂടെ മതം മാറ്റാന്‍ അഫ്രസൂര്‍ ശ്രമിച്ചുവെന്നായിരുന്നു ക്രൂരമായ കൊലപാതകത്തിന് കാരണമായി പ്രതി ശംഭുലാല്‍ പോലീസിനോട് പറഞ്ഞിരുന്നത്.

പശ്ചിമബംഗാളിലെ മാല്‍ഡ് സ്വദേശിയായ അഫ്രസൂര്‍ രാജ്‌സമന്തില്‍ കരാര്‍ തൊഴിലാളിയായിരുന്നു. കുടുംബത്തോടൊപ്പം ഇവിടെ താമസിച്ചു വരികയായിരുന്ന ഇയാള്‍ക്ക് ഭാര്യയും മൂന്നു മക്കളുമുണ്ട്. ജോലിയുണ്ടെന്ന് പറഞ്ഞ് അഫ്രസൂലിനെ കൂട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു. ഈ കേസില്‍ ജയിലില്‍ കഴിയവെയാണ് വര്‍ഗീയവിദ്വേഷം പരത്തുന്ന പുതിയ വീഡിയോ ജോദ്പൂരിലെ ജയിലിനുള്ളില്‍ വെച്ച് ചിട്ടപ്പെടുത്തി ഇയാള്‍ പ്രചരിപ്പിക്കുന്നത്.

 

Read more topics: shambhu lal regar, video, jail,
English summary
shambhu lal regar makes video from jail
topbanner

More News from this section

Subscribe by Email