Saturday April 20th, 2019 - 10:00:pm
topbanner
topbanner

കൃഷ്ണമൃഗ വേട്ട: സല്‍മാന്റെ അപ്പീല്‍ ജൂലൈ 17ന് പരിഗണിക്കും

Jikku Joseph
കൃഷ്ണമൃഗ വേട്ട: സല്‍മാന്റെ അപ്പീല്‍ ജൂലൈ 17ന് പരിഗണിക്കും

ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്നത് ജോധ്പൂര്‍ കോടതി ജൂലൈ 17-ലേക്ക് മാറ്റി. കേസില്‍ അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടതിന് ശേഷം സല്‍മാന്‍ ജാമ്യത്തിലിറങ്ങിയിരുന്നു. ഈ മാസം ഏഴിനു കോടതിയില്‍ ഹാജരാകണമെന്ന വ്യവസ്ഥകളോടെയാണ് കേസില്‍ സല്‍മാന് ജാമ്യം അനുവദിച്ചിരുന്നത്.

ജോധ്പൂര്‍ ജില്ലാ, സെഷന്‍സ് ജഡ്ജി ചന്ദ്രകുമാര്‍ സൊങ്കാറയാണ് ബോളിവുഡ് താരത്തിന്റെ അപ്പീലില്‍ വാദം കേള്‍ക്കുക. കോടതിയില്‍ ഹാജരാകുന്നതിന് മുംബൈയില്‍ നിന്ന് ഇന്നലെ ഉച്ചയ്ക്കു ശേഷം സല്‍മാന്‍ ജോധ്പൂരിലെത്തിയിരുന്നു. സഹോദരി അല്‍വിരയും ഒപ്പമുണ്ടായിരുന്നു.

ഏപ്രില്‍ അഞ്ചിനാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ദേവ് കുമാര്‍ ഖത്രി താരത്തിന് അഞ്ചു വര്‍ഷം തടവുശിക്ഷ വിധിക്കുന്നത്. വന്യജീവി സംരക്ഷണ നിയമം ലംഘിച്ചു മാനുകളെ വെടിവച്ചു കൊന്നതിനു റജിസ്റ്റര്‍ ചെയ്ത കേസില്‍ ജോധ്പുര്‍ കോടതിയില്‍ മാര്‍ച്ച് 28-നു വാദം പൂര്‍ത്തിയായിരുന്നു.

1998 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഹം സാത്ത് സാത്ത് ഹേ സിനിമ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. കൂട്ടുപ്രതികളായ സെയ്ഫ് അലി ഖാന്‍, തബു, നീലം, സോണാലി ബിന്ദ്ര എന്നീ ബോളിവുഡ് താരങ്ങളെയും പ്രദേശവാസിയായ ദുഷ്യന്ത് സിംഗ് എന്നയാളെയും സംശയത്തിന്റെ ആനുകൂല്യത്തില്‍ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

 

English summary
salman khan is at jodhpur hearing in blackbuck poaching case
topbanner

More News from this section

Subscribe by Email