പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ പ്രിയങ്ക ഗാന്ധി ഇന്ന് യുപിയിലെത്തും. എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് പ്രിയങ്ക യുപിയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി എത്തുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റും സഹോദരനുമായ രാഹുല്‍ ഗാന്ധിയും പശ്ചിമ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയും പ്രിയങ്കയോടൊപ്പം ഉണ്ടാകും. പ്രിയങ്കയും ജ്യോതിരാദിത്യ സിന്ധ്യയും വ്യാഴാഴ്ച വരെ യുപിയില്‍ തുടരും.
പ്രിയങ്കയുടെയും രാഹുലിന്റെയും വരവ് ഗംഭീരമാക്കാന്‍ തന്നെയാണ് യുപിയിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ തീരുമാനം. ഇതിന്റെ ഭാഗമായി റോഡരികുകളെല്ലാം കൂറ്റന്‍ ബോര്‍ഡുകളും കൊടിതോരണങ്ങളും കൊണ്ട് നിറഞ്ഞുകഴിഞ്ഞു. രാഹുലും പ്രിയങ്കയും ചേര്‍ന്ന് പന്ത്രണ്ട് കിലോമീറ്റര്‍ റോഡ് ഷോ നടത്തിയാണ് യുപിയില്‍ പ്രചാരണത്തിന് തുടക്കമിടുന്നത്.