ന്യൂഡല്‍ഹി: 12 വയസ്സില്‍ത്താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പുവച്ചു. ഇതോടെ ഓര്‍ഡിനന്‍സ് നിയമമായി. പ്രതികള്‍ക്ക് വധശിക്ഷ വിധിക്കാനുള്ള അധികാരം കോടതികള്‍ക്ക് ലഭിച്ചു.
നിയമ ഭേദഗതിക്കുള്ള ഒഓര്ഡിനന്സിന് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. മറ്റു ലൈംഗിക പീഡനക്കേസുകളിലെ ശിക്ഷകള്‍ക്ക് കാഠിന്യം കൂട്ടുന്ന ഭേദഗതികളും ഓര്‍ഡിനന്‍സിലുണ്ട്. 12 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പുവരുത്തുന്നതിന് പുറമേ 16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്താല്‍ ലഭിക്കുന്ന കുറഞ്ഞശിക്ഷ 10 വര്‍ഷം തടവില്‍നിന്ന് 20 വര്‍ഷമാക്കിയിരുന്നു. ഇത് ജീവപര്യന്തമായി വര്‍ധിപ്പിക്കാനും വ്യവസ്ഥയുണ്ട്.
ബലാത്സംഗ കേസുകളുടെ വിചാരണാ നടപടികള്‍ വേഗത്തിലാക്കാനുള്ള വ്യവസ്ഥയും ഓര്‍ഡിനന്‍സിലുണ്ട്.ബലാത്സംഗക്കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കാനുള്ള പരമാവധി കാലാവധി രണ്ട് മാസമായിരിക്കും. 16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും വ്യവസ്ഥയുണ്ട്.
കത്വവ, ഉന്നാവ് സംഭവങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ആളിപ്പടരുന്നതിനിടയിലാണ് ശിക്ഷയുടെ കാഠിന്യം കൂട്ടുന്ന തരത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമം, തെളിവ് നിയമം, ക്രിമിനല്‍ നടപടിക്രമം, പോക്സോ നിയമം എന്നിവ ഭേദഗതി ചെയ്യുന്നതിനുള്ള ഓര്‍ഡിനന്‍സിന് രാഷ്ട്രപതി അംഗീകാരം നല്‍കിയത്. ബലാത്സംഗക്കേസുകള്‍ കൈക്കാര്യം ചെയ്യാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്നും എല്ലാ പോലീസ് സ്റ്റേഷനുകളിലും ആശുപത്രികളിലും പ്രത്യേക ഫൊറന്‍സിക് കിറ്റുകള്‍ ലഭ്യമാക്കണമെന്നും നിയമഭേദഗതിയില്‍ ആവശ്യപ്പെടുന്നു. നിര്ഭയസംഭവത്തോടനുബന്ധിച്ച് രാജ്യമാകെയുണ്ടായ രോഷത്തിന് ശേഷം ബലാത്സംഗക്കേസുകള്ക്കെതിരെ ഇത്രയും വ്യാപകമായ പ്രതിഷേധമുയരുന്നത് ആദ്യമാണ്.