ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ സംസ്കാര ചടങ്ങുകളില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുക്കും. ഡോ. ബി.ആര്. അംബേദ്കറുടെ 61ാം ചരമവാര്‍ഷിക ചടങ്ങില്‍ പങ്കെടുത്ത ശേഷം 9.30 ഓടെ പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയിലേക്ക് തിരിച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ഉടന്‍ തിരിക്കും.
വൈകിട്ട് ആറുമണിയോടെ മറീന ബീച്ചിലാണ് ജയലളിതയുടെ സംസ്കാര ചടങ്ങുകള്‍ നടക്കുകയെന്നാണ് വിവരം. രാജാജി ഭവനിലേക്ക് കലാസാംസ്കാരിക മേഖലയില്‍ നിന്നുള്ള പ്രമുഖരുടെ നീണ്ട നിര എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുകയാണ്.
കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഗവര്‍ണര്‍ സദാശിവം എന്നിവര്‍ ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്.
കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പുലര്‍ച്ചെ എത്തി മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചു. പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിനും മറ്റ് ഡി.എം.കെ. നേതാക്കളും അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നു. വിജയ്, പ്രഭു തുടങ്ങിയ നടന്മാരും രാവിലെ തന്നെ എത്തിച്ചേര്‍ന്നിരുന്നു.
ജയലളിതയോടുള്ള ആദരസൂചകമായി ഇന്ന് ദേശീയ ദുഖാചരണം ആചരിക്കും. രാഷ്ട്രപതി ഭവനില്‍ ദേശീയപതാക പാതി താഴ്ത്തിക്കെട്ടി.