Friday September 21st, 2018 - 4:08:am
topbanner
Breaking News

നീരവ് മോദിയുടെ കറക്കം ഇപ്പോഴും റദ്ദാക്കിയ പാസ്പോര്‍ട്ടുമായി

Jikku Joseph
നീരവ് മോദിയുടെ കറക്കം ഇപ്പോഴും റദ്ദാക്കിയ പാസ്പോര്‍ട്ടുമായി

ന്യൂഡല്‍ഹി: കോടികളുടെ ബാങ്ക് തട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദി റദ്ദാക്കപ്പെട്ട ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി യഥേഷ്ടം സഞ്ചരിക്കുന്നുവെന്ന് വെളിപ്പെടുത്തല്‍. ഈ പാസ്‌പോര്‍ട്ട് ഫെബ്രുവരിയില്‍ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. അദ്ദേഹം ഇപ്പോള്‍ ന്യൂയോര്‍ക്കിലുണ്ടെന്ന് വിശ്വസ്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

പഞ്ചാബ് നാഷണല്‍ ബാങ്ക് (പി.എന്‍.ബി) തട്ടിപ്പുകേസില്‍ സി.ബി.ഐ അന്വേഷണം തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് നീരവ് രാജ്യം വിട്ടത്. മുംബൈയില്‍നിന്ന് യു.എ.ഇയിലേക്കും അവിടെനിന്ന് ഹോങ്കോങ്ങിലേക്കും പിന്നീട് ലണ്ടനിലേക്കുമാണ് നീരവ് മോദി പോയത്. കഴിഞ്ഞ മാര്‍ച്ചില്‍ ലണ്ടന്‍വിട്ട നീരവ് ഇപ്പോള്‍ ന്യൂയോര്‍ക്കിലാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ അവകാശപ്പെടുന്നത്.

ജനുവരി ആദ്യ ആഴ്ചയിലാണ് നീരവ് മോദി ഇന്ത്യയില്‍നിന്നു മുങ്ങിയത്. നീരവ് മോദിയെ അറസ്റ്റ് ചെയ്തു വിട്ടുനല്‍കണമെന്ന് ഇന്ത്യ ഹോങ്കോംഗിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനോടു ഹോങ്കോംഗിന്റെ ഔദ്യോഗിക പ്രതികരണം ഇതേവരെ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. മോദിക്കെതിരായ പി.എന്‍.ബി ബാങ്ക് തട്ടിപ്പ് കേസുകളില്‍ സി.ബി.ഐ അന്വേഷണം തുടരുകയാണ്.

രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് വ്യാജ ഗ്യാരന്റികള്‍ നല്‍കി 12,000 കോടി വെട്ടിച്ചശേഷമാണ് നീരവ് മോദിയും ബന്ധു മെഹുല്‍ ചോക്സിയും അടക്കമുള്ളവര്‍ രാജ്യംവിട്ടത്. തട്ടിപ്പു നടത്തി നേടിയ കോടിക്കണക്കിനു രൂപ നീരവ് മോദി വിദേശരാജ്യങ്ങളിലെവിടെയോ നിക്ഷേപിച്ചിരിക്കുകയാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ തെളിഞ്ഞത്.

English summary
nirav modi in new york, travelling on cancelled passport
topbanner

More News from this section

Subscribe by Email